Top

'വിലയിരുത്തേണ്ടത് പാര്‍ട്ടിക്കാരും ജനങ്ങളും; അഭിനന്ദനങ്ങള്‍ക്ക് അര്‍ഹനാണോയെന്ന് അറിയില്ല'; സെക്രട്ടറിയായതില്‍ എംവി ജയരാജന്റെ പ്രതികരണം

''സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറി എന്ന ചുമതല രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി യൂണിറ്റിന്റെ ചുമതലയാണ് എന്നറിയാം''

13 Dec 2021 2:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിലയിരുത്തേണ്ടത് പാര്‍ട്ടിക്കാരും ജനങ്ങളും; അഭിനന്ദനങ്ങള്‍ക്ക് അര്‍ഹനാണോയെന്ന് അറിയില്ല; സെക്രട്ടറിയായതില്‍ എംവി ജയരാജന്റെ പ്രതികരണം
X

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി എംവി ജയരാജന്‍. തന്നെ പോലെയുള്ള പൊതുപ്രവര്‍ത്തകരെ വിലയിരുത്തേണ്ടത് പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളുമാണ്. കമ്മ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തനം പാര്‍ട്ടിയുടെ കൂട്ടായ്മയിലൂടെ നടത്തുന്ന ഒന്നാണ്. ഒരു ടീമായിട്ടാണ് സിപിഐഎമ്മിന്റെ ജില്ലാ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നത്. ഒരുപാട് ചുമതലകളുമാണ് തനിക്ക് ഏറ്റെടുക്കാനുള്ളതെന്നും എംവി ജയരാജന്‍ പറഞ്ഞു.

എംവി ജയരാജന്‍ പറഞ്ഞത്: ''സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് പലരും ഫോണിലൂടെയും വാട്‌സ്ആപ്പിലും മറ്റും സന്ദേശങ്ങള്‍ അയച്ചും അഭിനന്ദനങ്ങള്‍ അറിയിക്കുകയുണ്ടായി. ഈ അഭിനന്ദനങ്ങള്‍ക്കെല്ലാം ഞാന്‍ അര്‍ഹനാണോ എന്നെനിക്കറിയില്ല. എന്നെപ്പോലുള്ള പൊതുപ്രവര്‍ത്തകരെ വിലയിരുത്തേണ്ടത് പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളുമാണ്.''

''ഞങ്ങളെപ്പോലുള്ള കമ്മ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തനം പാര്‍ട്ടിയുടെ കൂട്ടായ്മയിലൂടെ നടത്തുന്ന ഒന്നാണ്. ഒറ്റക്കല്ല ഒരു ടീമായിട്ടാണ് സിപിഐഎമ്മിന്റെ ജില്ലാ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നത്. ഒരുപാട് ചുമതലകളുമാണ് ഏറ്റെടുക്കാനുള്ളത്. മാര്‍ക്‌സിസമാണ് ശരി എന്ന് ഇപ്പോള്‍ സമൂഹം അംഗീകരിച്ചിരിക്കുകയാണ്. കാരണം മുതലാളിത്തം ചൂഷണാധിഷ്ഠിതമാണ് അതുകൊണ്ടുതന്നെ അതിന്റെ കൂടപ്പിറപ്പാണ് പ്രതിസന്ധികള്‍.''

''ദുരിതപൂര്‍ണമായ ജീവിതമാണ് മുതലാളിത്ത സമൂഹത്തില്‍ ഉണ്ടാവേണ്ടത്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പട്ടിണി രാജ്യമായി അറിയപ്പെടുന്നു. അപ്പോഴാണ് നീതിയായോഗിന്റെ പട്ടിണി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന അംഗീകാരം കേരളത്തിന് ലഭിച്ചത്. കേരളം ഇന്ത്യക്ക് മാതൃകയാണ് എന്നുമാത്രമല്ല ലോകത്തിന് തന്നെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ്. അതിന് ഇടതുപക്ഷമാണ് കാരണം. ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിച്ചത് ഭരണത്തിന്റെ മികവ് ജനങ്ങളുടെ പിന്തുണ കൊണ്ടാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ വിനയത്തോടെ ജനങ്ങളെ സേവിക്കാന്‍ സിപിഐഎമ്മും ഇടതുപക്ഷവും തയ്യാറാവും.''

''സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറി എന്ന ചുമതല രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി യൂണിറ്റിന്റെ ചുമതലയാണ് എന്നറിയാം. ഈ ചുമതല ഏറ്റെടുത്തതിന് ശേഷം ആദ്യത്തെ ഉത്തരവാദിത്വം 23 ആം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ വിജയിപ്പിക്കുക എന്നതാണ്. പാര്‍ട്ടി കോണ്‍ഗ്രസ് ആദ്യമായാണ് കണ്ണൂരില്‍ നടക്കാന്‍ പോകുന്നത്. അത് ഉജ്ജ്വല വിജയമാക്കി മാറ്റുന്നതിന് വേണ്ടി എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എരിപുരത്ത് നടന്ന ജില്ലാ സമ്മേളനം ചരിത്ര സംഭവമായി മാറി. സംഘാടനവും ജനകീയ പങ്കാളിത്തവും സമ്മേളനം എല്ലാ നടപടിക്രമങ്ങളും ഐക്യകണ്‌ഠേന നടത്തിയത് എല്ലാം സിപിഐഎമ്മിന്റെ കരുത്താണ് തെളിയിക്കുന്നത്. സമ്മേളനം വിജയിപ്പിക്കാന്‍ വേണ്ടി സഹകരിച്ച എല്ലാവരോടും പാര്‍ട്ടി കടപ്പെട്ടിരിക്കുന്നു. അഭിവാദനങ്ങള്‍ നേര്‍ന്നും പാര്‍ട്ടിയോടൊപ്പം ഉണ്ടാകുമെന്ന് അറിയിച്ചും അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി അറിയിക്കട്ടെ.''

Next Story