Top

'2005ലെ വേസ്റ്റ് 2022ലെ വേസ്റ്റിനേക്കുറിച്ച് പറയുന്നു'; ചതിയും വഞ്ചനയും കുതികാല്‍വെട്ടുമുള്ള കോണ്‍ഗ്രസാണ് മാലിന്യമെന്ന് എംവി ജയരാജന്‍

ചതിയും, വഞ്ചനയും, കുതികാൽവെട്ടും കുലത്തൊഴിലാക്കിയ കോൺഗ്രസ്സിനെ തൃക്കാക്കരയിലെ ജനങ്ങൾ ഒരു പാഠം പഠിപ്പിക്കുക തന്നെ ചെയ്യും.

20 May 2022 8:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

2005ലെ വേസ്റ്റ് 2022ലെ വേസ്റ്റിനേക്കുറിച്ച് പറയുന്നു; ചതിയും വഞ്ചനയും കുതികാല്‍വെട്ടുമുള്ള കോണ്‍ഗ്രസാണ് മാലിന്യമെന്ന് എംവി ജയരാജന്‍
X

കണ്ണൂർ: ചതിയും വഞ്ചനയും കുതികാല്‍വെട്ടുമുള്ള കോണ്‍ഗ്രസാണ് മാലിന്യമെന്ന് സിപിഐഎം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ. ഇങ്ങനെയൊരു കോൺഗ്രസ്സിനെ തൃക്കാക്കരയിലെ ജനങ്ങൾ ഒരു പാഠം പഠിപ്പിക്കുക തന്നെ ചെയ്യും. കോൺ​ഗ്രസിനകത്ത് മാലിന്യങ്ങളുണ്ട് അവർ പുറത്തുപോയാൽ കോൺ​ഗ്രസ് ശുദ്ധമാകുമെന്ന കെ മുരളീധരന്റെ പരാമർശത്തെ പരിഹസിച്ചാണ് എംവി ജയരാജന്റെ വിമർശനം. 2005 ൽ വേസ്റ്റാണെന്ന് പറഞ്ഞ് കോൺ​ഗ്രസ് നേതൃത്വം തളളിയ ആളാണ് കെ മുരളീധരൻ. അദ്ദേഹമാണ് 2022ലെ വേസ്റ്റിനെക്കുറിച്ചു പറയുന്നതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ എംവി ജയരാജൻ പരിഹസിച്ചു.

എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്, 2005 ഏപ്രിൽ 10നാണ് കോൺഗ്രസ്സ് നേതൃത്വം 'വേസ്റ്റാ'ണെന്ന് പറഞ്ഞ് കെ മുരളീധരനെ പുറത്താക്കുന്നത്. ഇതേ വേസ്റ്റാണ് ഇന്ന് കോൺ​ഗ്രസിൽ വേസ്റ്റുകളുണ്ടെന്ന് പറയുന്നത്. ഇതിൽ നിന്നും ജനം എന്താണ് മനസിലാക്കേണ്ടത്.

കാൽ നൂറ്റാണ്ട് മുമ്പത്തെ മറ്റൊരു ചരിത്രമെടുത്താൽ 1995ലാണ് കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒരു വിഭാഗം കോൺഗ്രസ്സുകാർ ഗൂഢാലോചന നടത്തി പുറത്താക്കുന്നത്. ഗവർണർക്ക് രാജിക്കത്ത് കൊടുത്തതിന് ശേഷം പുത്തരിക്കണ്ടം മൈതാനിയിൽ നടത്തിയ പൊതുയോഗത്തിൽ കെ കരുണാകരൻ ഉമ്മൻചാണ്ടിയെക്കുറിച്ച് പറഞ്ഞത് ''കോൺഗ്രസ്സിൽ ഇതുപോലൊരു ചതിയനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല'' എന്നാണ്. ചതിയും, വഞ്ചനയും, കുതികാൽവെട്ടും കുലത്തൊഴിലാക്കിയ കോൺഗ്രസ്സിനെ തൃക്കാക്കരയിലെ ജനങ്ങൾ ഒരു പാഠം പഠിപ്പിക്കുക തന്നെ ചെയ്യും.

പ്രൊഫ. കെവി തോമസ്, എംബി മുരളീധരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കോൺഗ്രസ്സ് വിട്ടപ്പോൾ അവർ കോൺഗ്രസ്സിലെ വേസ്റ്റുകളാണെന്ന് മുരളിക്ക് തോന്നിയതിൽ അത്ഭുതമില്ല. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ ഫലമായി വിലക്കയറ്റവും തൊഴിലില്ലായ്മയും വർദ്ധിച്ചുവരുമ്പോൾ അതിനെതിരെ ഒന്നും ചെയ്യാതെ നോക്കുകുത്തിപോലെ നിൽക്കുന്ന കോൺഗ്രസാണ് ജനങ്ങളുടെ മുമ്പിലെ യഥാർത്ഥ വേസ്റ്റ്. എന്നും എംവി ജയരാജൻ പറഞ്ഞു.

എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എംബി മുരളീധരന്റെ എല്‍ഡിഎഫ് പ്രവേശനത്തെ കുറിച്ചായിരുന്നു കെ മുരളീധരന്റെ പരാമർശം. കോണ്‍ഗ്രസില്‍ കുറച്ച് മാലിന്യങ്ങളുണ്ട്. അവരാണ് മറുകണ്ടം ചാടിയത്. അവര്‍ സ്വയം പുറത്ത് പോയാല്‍ കോണ്‍ഗ്രസ് ശുദ്ധീകരിക്കും. പല സന്ദര്‍ഭങ്ങളിലായി ഇനിയും ചിലര്‍ പാര്‍ട്ടി വിടാനുണ്ട്. അത് ഞങ്ങളുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നുമായിരുന്നു കെ മുരളീധരൻ പറഞ്ഞത്. സിപിഐഎമ്മില്‍ നിന്നും ശക്തമായ അടിയൊഴിക്കുണ്ടാവും. തുടര്‍ഭരണത്തിന്റെ പേരില്‍ ഇങ്ങനെ കളിക്കാന്‍ തോന്നിയാല്‍ ബംഗാളും ത്രിപുരയുമെല്ലാം ഓര്‍ക്കുന്നത് നല്ലതാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.



STORY HIGHLIGHTS: MV Jayarajan Says K Muraleedharan is a Waste of 2005 He Speaks of the Waste of 2022


Next Story