Top

'പന്നികളോട് മല്‍പിടുത്തത്തിന് പോകരുതെന്ന് പറഞ്ഞത് അന്വര്‍ത്ഥം'; ഗവര്‍ണര്‍ ആര്‍എസ്എസ്സിന്റെ വിനീത ദാസനെന്ന് എം വി ജയരാജന്‍

19 Sep 2022 6:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പന്നികളോട് മല്‍പിടുത്തത്തിന് പോകരുതെന്ന് പറഞ്ഞത് അന്വര്‍ത്ഥം; ഗവര്‍ണര്‍ ആര്‍എസ്എസ്സിന്റെ വിനീത ദാസനെന്ന് എം വി ജയരാജന്‍
X

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആർഎസ്എസ്സിന്റെ വിനീത ദാസനാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി നടത്തിയ രഹസ്യ കൂടികാഴ്ച്ചയിലൂടെ ഇത് തെളിയിച്ചുവെന്നും എം വി ജയരാജന്‍ വിമര്‍ശിച്ചു. രാജ്ഭവന്‍ ആര്‍എസ്എസിന്റെ കാര്യാലയമാക്കി മാറ്റിയതില്‍ ശക്തമായ ജനകീയ പ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് ഗവര്‍ണര്‍- മോഹന്‍ ഭാഗവത് കൂടികാഴ്ച്ച നടത്തിയതെന്നും ജയരാജന്‍ ചൂണ്ടികാട്ടി.

ആര്‍എസ്എസ് ബിജെപി നേതാക്കളെക്കാള്‍ തീവ്രമായാണ് ആരിഫ് മുഹമ്മദ്ഖാന്‍ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നതെന്നും എം വി ജയരാജന്‍ വിമര്‍ശിച്ചു. 'സര്‍ക്കാര്‍ ചിലവില്‍ അസാമിലെ ഗുവാഹത്തിയില്‍ നടക്കുന്ന ആര്‍എസ്എസിന്റെ ലോക്മന്ഥന്‍ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട് വന്നു കഴിഞ്ഞു.

ആര്‍എസ്എസ്സിന്റെ കാര്യാലയത്തില്‍ പോകുന്നതുപോലെ തന്നെയാണ് അതിന്റെ മേധാവിയുമായുള്ള രഹസ്യകൂടിക്കാഴ്ചയും, ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതും. അജണ്ട വളരെ വ്യക്തമാണ്. അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ യുക്തിബോധമുള്ളവര്‍ക്ക് സാധിക്കില്ല. 'പന്നികളോട് മല്‍പിടുത്തത്തിന് പോകരുത്' എന്ന് ജോര്‍ജ്ജ് ബര്‍ണാഡ്ഷാ പറഞ്ഞത് എത്ര അന്വര്‍ത്ഥം!' എന്നാണ് എം വി ജയരാജന്റെ പരിഹാസം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

ഗവര്‍ണര്‍ ആര്‍എസ്എസ്സിന്റെ വിനീത ദാസന്‍

================

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയിലൂടെ ഗവര്‍ണര്‍ ആര്‍എസ്എസ്സിന്റെ വിനീത ദാസനാണെന്ന് തെളിയിച്ചു. രാജ്ഭവന്‍ ആര്‍എസ്എസ്സിന്റെ കാര്യാലയമാക്കി മാറ്റിയതില്‍ ശക്തമായ ജനകീയപ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ തൃശ്ശൂരില്‍ എത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് താമസിക്കുന്ന സ്ഥലത്ത് വെച്ച് ഗവര്‍ണര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. എന്തിനായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് വ്യക്തമാക്കാനുള്ള ബാധ്യത ഗവര്‍ണര്‍ക്കും ആര്‍എസ്എസ് മേധാവിക്കും ഉണ്ട്.

സര്‍ക്കാര്‍ ചിലവില്‍ അസാമിലെ ഗുവാഹത്തിയില്‍ നടക്കുന്ന ആര്‍എസ്എസിന്റെ ലോക്മന്ഥന്‍ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട് വന്നു കഴിഞ്ഞു. തൃശ്ശൂരില്‍ ആര്‍എസ്എസ് മേധാവിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ആ തീരുമാനമുണ്ടായത്. ആര്‍എസ്എസ് സംഘടനകളില്‍ ഒന്നായ പ്രജ്ഞാപ്രവാഹാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതിന്റെ തലവന്‍ ജെ നന്ദകുമാറാണ്. ആരിഫ് മുഹമ്മദ് ഖാന്‍ തുടര്‍ച്ചയായി ആര്‍എസ്എസ് പ്രീണന നിലപാട് സ്വീകരിക്കുന്നത് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഉറപ്പാണ്. ആര്‍എസ്എസ് ബിജെപി നേതാക്കളെക്കാള്‍ തീവ്രമായാണ് ആരിഫ് മുഹമ്മദ്ഖാന്‍ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത്!

ഗവര്‍ണര്‍ക്ക് ശമ്പളം നല്‍കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ ഖജനാവില്‍ നിന്നാണ്. ഗവര്‍ണര്‍ പദവി ആര്‍എസ്എസ്സിന്റെ സഹ സംഘചാലക് പദവിയല്ല, ഭരണഘടനാ പദവിയാണ്. ആര്‍എസ്എസ്സിന്റെ കാര്യാലയത്തില്‍ പോകുന്നതുപോലെ തന്നെയാണ് അതിന്റെ മേധാവിയുമായുള്ള രഹസ്യകൂടിക്കാഴ്ചയും, ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതും. അജണ്ട വളരെ വ്യക്തമാണ്. അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ യുക്തിബോധമുള്ളവര്‍ക്ക് സാധിക്കില്ല. 'പന്നികളോട് മല്‍പിടുത്തത്തിന് പോകരുത്' എന്ന് ജോര്‍ജ്ജ് ബര്‍ണാഡ്ഷാ പറഞ്ഞത് എത്ര അന്വര്‍ത്ഥം!

STORY HIGHLIGHTS: MV Jayarajan said that Governor Arif Muhammad Khan is a humble servant of the RSS



Next Story