ഉടമകളുടെ രാഷ്ട്രീയം നോക്കിയില്ല, കുറഞ്ഞ വാടകയാണ് നോക്കിയതെന്ന് എംവി ജയരാജന്‍; 'ബിജെപി നിലപാട് പരിഹാസ്യം'
ക്വട്ടേഷനുകള്‍ ക്ഷണിച്ചാണ് വാഹനത്തിന്റെ വാടക നിര്‍ണയിച്ചത്.
18 April 2022 9:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂര്‍: ട്രാവല്‍ ഏജന്‍സി വഴിയെടുത്ത കാറാണ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയപ്പോള്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ചതെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയല്ല, കുറഞ്ഞ വാടകയാണ് നോക്കിയതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
''ക്വട്ടേഷനുകള്‍ ക്ഷണിച്ചാണ് വാഹനത്തിന്റെ വാടക നിര്‍ണയിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് ഇത്തരത്തില്‍ വലിയ വിജയമായതിന് ശേഷം ബിജെപി ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത് പരിഹാസമാണ്, നീചമാണ്. ട്രാവല്‍ ഏജന്‍സികളില്‍ നിന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വാഹനങ്ങള്‍ വാടകക്കെടുക്കാറുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ കുറ്റം കണ്ടെത്താനില്ലാത്തത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു ആരോപണം ബിജെപി ഉന്നയിക്കുന്നത്.''-എംവി ജയരാജന്‍ പറഞ്ഞു.
യെച്ചൂരി ഉപയോഗിച്ചത് എസ്ഡിപിഐ പ്രവര്‍ത്തകന്റെ കാറാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാല്‍ ബിജെപിയുടെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് കാര്‍ ഉടമ നാദാപുരം സ്വദേശി സിദ്ധിഖ് പുത്തന്‍പുരയില്‍ പറഞ്ഞു.
പവിത്രന്‍ എന്നൊരാള്‍ക്ക് റെന്റ് എ കാര്‍ വ്യവസ്ഥയിലാണ് വാഹനം വിട്ടുനല്‍കിയത്. മുന്‍പും ഇയാള്‍ക്ക് ഇത്തരത്തില്‍ വാഹനം കൈമാറിയിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകനാണെന്ന ആരോപണങ്ങളും സിദ്ധിഖ് തള്ളി. താന്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനാണ്. ആ നിലക്കുള്ള ചില രാഷ്ട്രീയ കേസുകള്‍ നേരത്തെ തന്റെ പേരിലുണ്ടായിരുന്നുവെന്നും സിദ്ധിഖ് സമ്മതിച്ചു.