'കല്ല്യാണവും പെണ്‍കുട്ടിയുടെ ഇഷ്ടവും'; കോണ്‍ഗ്രസിനെ പരിഹസിച്ച് എംവി ജയരാജന്
മകളായാലും മരുമകളായാലും വിവാഹ ബന്ധശേഷം അതൊരു കുടുംബ ബന്ധമാണ്. എന്നാല്‍ ഇവിടെ പഠിപ്പിക്കുന്നത് നിങ്ങള്‍ ആ വീട്ടില്‍ പോയാല്‍ പുറത്താക്കുമെന്നാണ്
7 April 2022 7:08 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനുള്ള കെ വി തോമസിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. അദ്ദേഹം പങ്കെടുക്കുമെന്ന മുന്‍ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ പോലും വരില്ലെന്ന് പറഞ്ഞിരുന്നില്ല. അത് തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയിരുന്നുവെന്നും എംവി ജയരാജന് പറഞ്ഞു.
'ഒരു വിവാഹം കഴിക്കാന്‍ പോകുന്ന ചെറുപ്പക്കാരന് പെണ്‍കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട് വീട്ടില്‍ എത്തി അതിനെകുറിച്ച് ആലോചിക്കുമ്പോള്‍, ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇല്ലെന്ന് പറയാത്തിടത്തോളം കാലം ഇഷ്ടപ്പെട്ട കുടുംബത്തിന് വിവാഹം നടക്കുമെന്ന പ്രതീക്ഷയായിരിക്കും. ആ പെണ്‍കുട്ടിക്ക് ഇഷ്ടമാണെന്നത് ആ പെണ്‍കുട്ടി നേരിട്ട് പറഞ്ഞിട്ടില്ല. എന്നാല്‍ നിഷേധിച്ചുമില്ല. പെണ്‍കുട്ടിയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം കൂടിയാണ് വേര്‍പ്പെടുത്തുന്നത്. ഇത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധമല്ല. കോണ്‍ഗ്രസും സിപിഐഎമ്മും രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാണ്. നയങ്ങളാണ്. കോണ്‍ഗ്രസ് ഇതോട് കൂടി പടുകുഴിയിലേക്ക് വീഴും.' എംവി ജയരാജന് പറഞ്ഞു.
മകളായാലും മരുമകളായാലും വിവാഹ ബന്ധശേഷം അതൊരു കുടുംബ ബന്ധമാണ്. എന്നാല്‍ ഇവിടെ പഠിപ്പിക്കുന്നത് നിങ്ങള്‍ ആ വീട്ടില്‍ പോയാല്‍ പുറത്താക്കുമെന്നാണ് . അതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ. അതൊരു തിരുമണ്ടന്‍ തീരുമാനമല്ലേയെന്നും എംവി ജയരാജന് ചോദിച്ചു. സെമിനാറില്‍ വിലക്കെല്ലാം ലംഘിച്ച് കെ വി തോമസ് പങ്കെടുക്കുന്നുവെന്ന് പറയുന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.