Top

'ഇതര മതസ്ഥരെ ഹൃദയത്തോട് ചേർത്തു പിടിച്ച വഴികാട്ടി'; അബ്ദുൾ ലത്തീഫ് സഅദി അനുസ്മരിച്ച് എം.വി ജയരാജൻ

''എപ്പോഴെല്ലാം ലീഗുകാരിൽ നിന്ന് എ.പി. സുന്നി വിഭാഗത്തിൽപെട്ടവർക്ക് മർദ്ദനമേൽക്കേണ്ടിവരുന്നുവോ അപ്പോഴെല്ലാം പഴശ്ശി ഉസ്താദിന്റെ ഫോൺകോൾ വരും''

31 July 2022 12:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതര മതസ്ഥരെ ഹൃദയത്തോട് ചേർത്തു പിടിച്ച വഴികാട്ടി; അബ്ദുൾ ലത്തീഫ് സഅദി അനുസ്മരിച്ച് എം.വി ജയരാജൻ
X

കണ്ണൂർ: അന്തരിച്ച സുന്നി നേതാവും മത പണ്ഡിതനുമായ അബ്ദുൾ ലത്തീഫ് സഅദി അനുസ്മരിച്ച് എം.വി ജയരാജൻ. ഇതര മതസ്ഥരെ ശത്രുതാ മനോഭാവത്തോടെ കാണാതെ ഹൃദയത്തോട് ചേർത്തു പിടിച്ച വഴികാട്ടിയായിരുന്നു അബ്ദുൾ ലത്തീഫ് സഅദിയെന്ന് എം.വി ജയരാജൻ പറഞ്ഞു. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന അദ്ദേഹത്തെ എന്നും പുഞ്ചിരിയോടുകൂടി മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളൂ. ആത്മീയകാര്യങ്ങളിൽ പാണ്ഡിത്യമുള്ള ആൾ എന്ന നിലയിൽ പ്രഭാഷണ പരിപാടികളിൽ അദ്ദേഹത്തെ എപ്പോഴും കാണാം. വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ ഉറച്ച നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും എംവി ഫേസ്ബുക്കിൽ കുറിച്ചു.

'മരണവാർത്ത അറിഞ്ഞയുടനെ എ.കെ.ജി. ആശുപത്രിയിലും തുടർന്ന് പഴശ്ശിയിലെ വീട്ടിലും പള്ളിയിലുമായി പോയപ്പോൾ എല്ലായിടത്തും സുന്നി പ്രസ്ഥാനത്തിന്റെ പ്രവർത്തകർ മാത്രമല്ല, വിവിധ രാഷ്ട്രീയ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിലുള്ളവരെല്ലാം പങ്കെടുത്തത് കണ്ടു. വീട്ടിലും പള്ളിയിലും ഇന്ന് രാവിലെ എത്തി കബറടക്കം കഴിയുന്നതുവരെ അവിടെ നിൽക്കുകയും അദ്ദേഹത്തിന്റെ മക്കളോടും അവിടെ കൂടിയിരുന്ന എ.പി. അബൂബക്കർ മുസ്ല്യാർ മുതൽ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിച്ചേർന്ന മതപണ്ഡിതന്മാരോടും സുന്നി പ്രവർത്തകരോടും യാത്ര പറഞ്ഞ് വിടപറയുമ്പോൾ ലത്തീഫ് സഅദിയുടെ വേർപാട് സൃഷ്ടിച്ച ദുഃഖവും അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമ്മകളും ബാക്കിയായിരുന്നു മനസ്സ് നിറയെ. ആകസ്മികമായുണ്ടായ ആ വേർപാടിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.' എംവി ജയരാജൻ

എംവി ജയരാജന്റെ വാക്കുകൾ;

ഉസ്താദ് എന്നതിന്റെ സാമാന്യാർത്ഥം ഗുരുനാഥൻ എന്നതിനൊപ്പം വഴികാട്ടി എന്നുകൂടിയാണ്. രണ്ട് വിശേഷണങ്ങൾക്കും അനുയോജ്യനാണ് സുന്നിപ്രസ്ഥാനത്തിന്റെ നേതാവും മതപണ്ഡിതനുമായ, ഇന്നലെ നമ്മെ വിട്ടുപിരിഞ്ഞ അബ്ദുൾ ലത്തീഫ് സഅദി. ദീർഘ കാലത്തെ ആത്മബന്ധമാണ് അദ്ദേഹവുമായി എനിക്കുള്ളത്. മതപണ്ഡിതനായിരിക്കുമ്പോഴും സ്‌നേഹിക്കാൻ മാത്രമറിയാവുന്ന ഒരു സഹോദരൻ കൂടിയായിരുന്നു അദ്ദേഹമെനിക്ക്. ജില്ലയുടെ കിഴക്കൻ മേഖലയിൽ യാത്രചെയ്യുമ്പോൾ ഉസ്താദിന്റെ പഴശ്ശിയിലെ വീട്ടിൽ പലപ്പോഴും പോകാറുണ്ട്. വീട്ടിലെ പ്രധാനചടങ്ങുകളിലെല്ലാം ക്ഷണിക്കാറുമുണ്ട്. സുന്നി പ്രസ്ഥാനത്തിന്റെ ജില്ലയിലെ അമരക്കാരനെ തന്നെയാണ് നഷ്ടമായത്. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന അദ്ദേഹത്തെ എന്നും പുഞ്ചിരിയോടുകൂടി മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളൂ. ആത്മീയകാര്യങ്ങളിൽ പാണ്ഡിത്യമുള്ള ആൾ എന്ന നിലയിൽ പ്രഭാഷണ പരിപാടികളിൽ അദ്ദേഹത്തെ എപ്പോഴും കാണാം. വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ ഉറച്ച നിലപാട് ഈ മതപണ്ഡിതനുണ്ട്. അദ്ദേഹത്തിന്റെ മാനവികതയിലൂന്നിയ പ്രഭാഷണങ്ങൾ ശ്രോതാക്കളെ ആകർഷിച്ചിരുന്നു. ഇതര മതവിശ്വാസികളോട് ഒരിക്കലും ശത്രുതാപരമായി പെരുമാറിയിട്ടില്ലെന്ന് മാത്രമല്ല, ഹൃദയത്തോട് ചേർത്ത് പിടിക്കുകയും ചെയ്തു.

ജീവകാരുണ്യസേവന പ്രവർത്തനങ്ങളോടൊപ്പവും ഇഴുകിച്ചേർന്ന ഒരാളായിരുന്നു പഴശ്ശിക്കാരുടെ പ്രിയപ്പെട്ട ഉസ്താദ്. കോവിഡ് കാലത്ത് മട്ടന്നൂർ വിമാനത്താവളത്തിലെത്തിച്ചേർന്ന പ്രവാസികൾക്ക് സൗജന്യമായി ഭക്ഷണമൊരുക്കിക്കൊടുക്കാൻ അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഒരു ദിവസം ഭക്ഷണം ഒരുക്കുന്ന സമയത്ത് ഞാൻ ഭക്ഷണശാല സന്ദർശിക്കാനിടയായി. അവിടെ എല്ലാറ്റിലും ഉത്സാദിന്റെ ഒരു ടച്ചുണ്ടായിരുന്നു. ശുചിത്വവും സ്വാദിഷ്ടവുമായ ഭക്ഷണം എല്ലാവർക്കും നൽകുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. തൂവെള്ള വസ്ത്രത്തിന്റെ പരിശുദ്ധി ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ചു. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനുവേണ്ടി എന്തു ത്യാഗവും സഹിക്കാനുമുള്ള സന്നദ്ധത അദ്ദേഹത്തിന്റെ സവിശേഷതയാണ്. മരണപ്പെടുന്നതിന് ഒരാഴ്ച മുമ്പാണ് ഒരു മെഡിക്കൽ ചെക്കപ്പിന് ചെന്നൈയിൽ പോയത്. പോകുന്നതിന് മുമ്പും പോയി വന്നതിനു ശേഷവും എന്നെ വിളിക്കുകയുണ്ടായി. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് അദ്ദേഹം പറയുകയും ചെയ്തു. ന്യൂനപക്ഷ സാംസ്‌കാരിക സമിതിയുടെ ഒരു ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം ഏറ്റതായിരുന്നു. എന്നാൽ ഡോക്ടർമാർ പരിശോധനയ്ക്കായി അനുവദിച്ച തീയതി ആ സമയത്തായതുകൊണ്ട് ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ക്ഷമാപണത്തോടെ അറിയിക്കുകയാണുണ്ടായത്. അപ്പോഴും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നറിഞ്ഞതിലുള്ള സന്തോഷം ഞാൻ പ്രകടിപ്പിക്കുകയും ചെയ്തു.

എപ്പോഴെല്ലാം ലീഗുകാരിൽ നിന്ന് എ.പി. സുന്നി വിഭാഗത്തിൽപെട്ടവർക്ക് മർദ്ദനമേൽക്കേണ്ടിവരുന്നുവോ അപ്പോഴെല്ലാം പഴശ്ശി ഉസ്താദിന്റെ ഫോൺകോൾ വരും. ആശുപത്രിയിലും പോലീസ് സ്‌റ്റേഷനിലും ബന്ധപ്പെടൽ എന്റെ ജോലിയായിരുന്നു. ഈ അടുത്ത കാലങ്ങളിൽ ലീഗുകാരിൽ നിന്നുള്ള മർദ്ദനം ഏൽക്കേണ്ടിവരുന്നത് കുറഞ്ഞു. പിന്നീട് കാണുമ്പോൾ കളിയാക്കി ഞാൻ പറയാറുണ്ട്, ''ലത്തീഫ് സഅദിക്ക് ഇപ്പോൾ ലീഗുകാരുടെ അടി കിട്ടുന്നില്ലെന്ന് തോന്നുന്നു, അതുകൊണ്ടാണ് വിളിക്കുന്നത് കുറച്ചത് അല്ലേ''. അപ്പോൾ മറുപടി വരും- ''നിങ്ങളുടെ കരുത്തും സംരക്ഷണവുമാണ് ഞങ്ങളുടെ ധൈര്യം!'' എന്ന്. അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളുമായി സംവദിക്കുമ്പോൾ മറ്റുള്ളവർക്ക് രോഷം വന്നാലും ഉസ്താദിന്റെ സൗമ്യതയും പുഞ്ചിരിയും എന്നുമോർമ്മിക്കും.

ഏറ്റവുമൊടുവിൽ സുന്നി വിഭാഗത്തിന്റെ കണ്ണൂരിലെ ഒരു സമരത്തിൽ പങ്കെടുക്കുകയും ഏറെ ആവേശത്തോടെ പ്രസംഗിക്കുകയും ചെയ്തതിന് ശേഷമാണ് ഉസ്താദിന്റെ അന്ത്യമുണ്ടായത്. എല്ലാവർക്കും മരണം അനിവാര്യമാണെങ്കിലും, ഉസ്താദിന്റെ മരണം ഏറെ ദുഃഖമുണ്ടാക്കുന്ന ഒന്നായിത്തീരുന്നു.

മരണവാർത്ത അറിഞ്ഞയുടനെ എ.കെ.ജി. ആശുപത്രിയിലും തുടർന്ന് പഴശ്ശിയിലെ വീട്ടിലും പള്ളിയിലുമായി പോയപ്പോൾ എല്ലായിടത്തും സുന്നി പ്രസ്ഥാനത്തിന്റെ പ്രവർത്തകർ മാത്രമല്ല, വിവിധ രാഷ്ട്രീയ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിലുള്ളവരെല്ലാം പങ്കെടുത്തത് കണ്ടു. വീട്ടിലും പള്ളിയിലും ഇന്ന് രാവിലെ എത്തി കബറടക്കം കഴിയുന്നതുവരെ അവിടെ നിൽക്കുകയും അദ്ദേഹത്തിന്റെ മക്കളോടും അവിടെ കൂടിയിരുന്ന എ.പി. അബൂബക്കർ മുസ്ല്യാർ മുതൽ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിച്ചേർന്ന മതപണ്ഡിതന്മാരോടും സുന്നി പ്രവർത്തകരോടും യാത്ര പറഞ്ഞ് വിടപറയുമ്പോൾ ലത്തീഫ് സഅദിയുടെ വേർപാട് സൃഷ്ടിച്ച ദുഃഖവും അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമ്മകളും ബാക്കിയായിരുന്നു മനസ്സ് നിറയെ. ആകസ്മികമായുണ്ടായ ആ വേർപാടിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

STORY HIGHLIGHTS: 'The guide who held the people of other religions close to his heart'; MV Jayarajan on abdul latheef saabdul latheef sa adiadi

Next Story