Top

'ആസൂത്രണത്തിന് പിന്നിൽ ഷാഫി, ശബരിനാഥ്, റിജില്‍ തുടങ്ങിയവർ'; നാലാമന്റെ പങ്ക് അന്വേഷിക്കണമെന്ന് എംവി ജയരാജൻ

ഇതേ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവുണ്ട്.

18 July 2022 7:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആസൂത്രണത്തിന് പിന്നിൽ ഷാഫി, ശബരിനാഥ്, റിജില്‍ തുടങ്ങിയവർ; നാലാമന്റെ പങ്ക് അന്വേഷിക്കണമെന്ന് എംവി ജയരാജൻ
X

കണ്ണൂർ: മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ​ഗൂഢാലോചന നടത്തിയത് യൂത്ത് കോൺ​ഗ്രസ് നേതാക്കളാണെന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പുറത്തുവന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും കണ്ണൂർ ഡിസിസിയും മാപ്പ് പറയണമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഷാഫി പറമ്പിൽ, ശബരിനാഥ്, റിജില്‍ മാക്കുറ്റി, വി പി ദുല്‍ഖിഫിൽ, എന്‍ എസ് നുസൂർ എന്നിവരുമാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പദ്ധതി ആസൂത്രണം ചെയ്തത്. മുഖ്യപങ്ക് ശബരിനാഥിനാണെന്നും എംവി ജയരാജൻ ആരോപിച്ചു.

ആക്രമണം ആസൂത്രണം ചെയ്തു എന്ന് മാത്രമല്ല വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ക്രിമിനല്‍ സംഘത്തിലെ മൂന്നാമനെ കൊണ്ട് ഫോട്ടോ എടുപ്പിക്കുകയും തന്‍റെ ഫോണിലേക്ക് അയപ്പിക്കുകയും അത് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തത് ശബരിനാഥ് ആണ്. മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്തില്‍ നിന്നെടുത്ത ദൃശ്യം ആദ്യമായി മാധ്യമങ്ങള്‍ക്ക് അയച്ചു കൊടുത്തതും സ്വന്തം ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തതും ശബരിനാഥ് അല്ലെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉരുണ്ടുകളിക്കുകയായിരുന്നു അന്ന് അദ്ദേഹം ചെയ്തതെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി കണ്ണൂര്‍ - തിരുവനന്തപുരം ഫ്ളൈറ്റില്‍ വരുന്നുണ്ടെന്നും കരിങ്കൊടി കാണിക്കണമെന്നും അങ്ങനെ ചെയ്താല്‍ കളര്‍ഫുള്‍ ആകുമെന്നും ടിക്കറ്റിനുള്ള കാശ് പ്രശ്നമാക്കേണ്ടെന്നും തങ്ങള്‍ ഒപ്പമുണ്ടെന്നും ശബരിനാഥും ഷാഫി പറമ്പിലും അടക്കമുള്ള നേതാക്കള്‍ വാട്സ്ആപ്പിലൂടെ നിര്‍ദേശം നല്‍കിയിരുന്നു. ഈ ആസൂത്രണം വാട്സ്ആപ്പിലൂടെ നടക്കുമ്പോള്‍ അഡ്മിന്‍മാര്‍ തടഞ്ഞില്ല. ഈ ഗൂഢാലോചനയ്ക്ക് ശേഷമാണ് 19 കേസിലെ പ്രതിയും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ ഒരാളുടെ നേതൃത്വത്തില്‍ ക്രിമിനല്‍സംഘത്തെ മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ അയച്ചത് എംവി ജയരാജൻ ആരോപിച്ചു.

രാവിലെ 11:56 നായിരുന്നു ശബരിനാഥിന്‍റെ നിര്‍ദേശം. കണ്ണൂരിലെ ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് ടിക്കറ്റ് എടുക്കുന്നത് ഉച്ചക്ക് 12:38 നാണ്. മുഖ്യപ്രതികളെ പൊലീസ് പിടികൂടി. ഗൂഢാലോചനക്കാരെയും അടിയന്തിരമായി പിടികൂടണം. ഇതേ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവുണ്ട്. അദ്ദേഹത്തിന്‍റെ പങ്കിനെക്കുറിച്ചും അന്വേഷിക്കണം. അദ്ദേഹമാണ് വിമാനത്തില്‍ യാത്ര ചെയ്തിരുന്ന നാലാമന്‍. ജൂണ്‍ 13ന് നടന്ന വിമാനയാത്രയിലെ അക്രമത്തെ കെപിസിസിയോ കണ്ണൂര്‍ ഡിസിസിയോ പ്രതിപക്ഷ നേതാവോ അപലപിക്കാതിരുന്നത് അവര്‍ക്ക് അതില്‍ പങ്കുള്ളത് കൊണ്ടായിരുന്നു. മാത്രമല്ല കെപിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം തന്‍റെ കുട്ടികളാണ് പത്തൊമ്പത് കേസിലെ പ്രതിയായ ഫര്‍സീന്‍ മജീദ് അടക്കമുള്ളവര്‍ എന്നായിരുന്നുവെന്നും എംവി ജയരാജൻ പറഞ്ഞു.

ഫര്‍സീന്‍ മജീദ് ആകട്ടെ ജാമ്യം ലഭിച്ചതിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ നേതൃത്വവുമായി കൂടിയാലോചിച്ചാണ് ഈ യാത്ര നടത്തിയതെന്ന് പറയുകയും ചെയ്തു. ഉന്നതതല ഗൂഢാലോചനയാണ് രേഖകള്‍ സഹിതം ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഗൂഢാലോചനക്കാരുടെ പേരില്‍ പൊലീസ് കേസ് എടുക്കണം. അതോടൊപ്പം മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ നേതൃത്വത്തിന്‍റെ പങ്കോടെ ക്രിമിനലുകള്‍ നടത്തിയ അക്രമത്തെ തള്ളിപ്പറയാത്ത കോണ്‍ഗ്രസിന്‍റെ ഹീനമായ നടപടിക്കെതിരെ ജനാധിപത്യവിശ്വാസികള്‍ പ്രതിഷേധം ഉയര്‍ത്തണമെന്നും എം വി ജയരാജന്‍ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു

STORY HIGHLIGHTS: MV Jayarajan Alleged Shafi, Sabrinath and Rijil is Behind the Planning of Protest in Flight

Next Story