Top

'അടിച്ചുപൊളിക്കുന്ന സമരം നടത്തിയാല്‍ കളര്‍ഫുള്ളായിത്തീരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്'; മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് ക്രിമിനലുകളെന്ന് സിപിഐഎം

''ഇക്കൂട്ടര്‍ ഗാന്ധിജിയെ ഓര്‍മിക്കുന്നുവെങ്കില്‍, മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ തങ്ങള്‍ക്ക് തെറ്റുപറ്റി എന്ന് ഏറ്റുപറഞ്ഞ് മലയാളികളോട് മാപ്പുപറയുമായിരുന്നു..''

7 Aug 2022 4:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അടിച്ചുപൊളിക്കുന്ന സമരം നടത്തിയാല്‍ കളര്‍ഫുള്ളായിത്തീരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്; മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് ക്രിമിനലുകളെന്ന് സിപിഐഎം
X

വിമാനത്തില്‍ വച്ചും എറണാകുളം യാത്രയിലും മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്താന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ കൊടുംക്രിമിനലുകളാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.

കോണ്‍ഗ്രസിന്റെ പാരമ്പര്യം സഹനസമരത്തിന്റെ ഗാന്ധിയന്‍ പാരമ്പര്യമാണ്. ഇവര്‍ ഗാന്ധിജിയെ ഓര്‍മിക്കുന്നുവെങ്കില്‍, മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ തങ്ങള്‍ക്ക് തെറ്റുപറ്റി എന്ന് ഏറ്റുപറഞ്ഞ് മലയാളികളോട് മാപ്പുപറയുമായിരുന്നെന്ന് എംവി ജയരാജന്‍ പറഞ്ഞു. അവരതിന് തയ്യാറാവാത്തതിന് കാരണം കോണ്‍ഗ്രസ് നേതൃത്വം അക്രമസമരത്തിനാണ് ആഹ്വാനം ചെയ്തത് കൊണ്ടാണെന്ന് ജയരാജന്‍ പറഞ്ഞു.

എംവി ജയരാജന്‍ പറഞ്ഞത്: മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചവര്‍ കൊടുംക്രിമിനലുകള്‍ തന്നെ. ആകാശയാത്രയിലും എറണാകുളം യാത്രയിലും മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കൊടുംക്രിമിനലുകള്‍ തന്നെ. വാട്‌സ്ആപ്പിലൂടെയാണ് 'അടിച്ചുപൊളിക്കുന്ന സമരം നടത്തിയാല്‍ കളര്‍ഫുള്ളായിത്തീരു'മെന്ന നിര്‍ദ്ദേശം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് നല്‍കിയത്. കോണ്‍ഗ്രസ്സിന്റെ പാരമ്പര്യം സഹനസമരത്തിന്റെ ഗാന്ധിയന്‍ പാരമ്പര്യമാണ്.

സൈമണ്‍ കമ്മീഷനെ ബഹിഷ്‌കരിക്കുന്ന കരിങ്കൊടി ഉയര്‍ത്തിയുള്ള പ്രതിഷേധ പ്രകടനം പോലും പൊതുസ്ഥലത്ത് കൊടി ഉയര്‍ത്തിക്കൊണ്ടാണ് സ്വാതന്ത്ര്യസമരസേനാനികള്‍ സംഘടിപ്പിച്ചത്. വധോദ്യമമടക്കമുള്ള 19 ക്രിമിനല്‍ കേസുകളിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും പോക്‌സോ കേസ് ഉള്‍പ്പെടെ 20 കേസുകളില്‍ പ്രതിയായ എറണാകുളം ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവും പ്രത്യേകമായി മുഖ്യമന്ത്രിയെ വധിക്കാനായി നിയോഗിക്കപ്പെട്ട ക്രിമിനലുകളാണ്. അതുകൊണ്ട് തന്നെ 'ശുദ്ധാത്മാക്കള്‍' പറയുന്നതുപോലെ ഇവര്‍ കരിങ്കൊടി പ്രതിഷേധക്കാരല്ല, ക്രിമിനലുകള്‍ തന്നെയാണ്.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലെങ്കിലും ഇക്കൂട്ടര്‍ ഗാന്ധിജിയെ ഓര്‍മിക്കുന്നുവെങ്കില്‍, മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ തങ്ങള്‍ക്ക് തെറ്റുപറ്റി എന്ന് ഏറ്റുപറഞ്ഞ് മലയാളികളോട് മാപ്പുപറയുമായിരുന്നു. ബ്രിട്ടീഷുകാരുടെ ക്രൂരതയില്‍ പ്രതിഷേധിച്ച ജനങ്ങളെ വേട്ടയാടിയ നടപടിയില്‍ പ്രതിഷേധിച്ച ജനക്കൂട്ടം ചൗരി ചൗരയില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചപ്പോള്‍ നിസ്സഹകരണ സമരം നിര്‍ത്തുകയും ക്ഷമാപണം നടത്തുകയും ചെയ്തതാണ് ഗാന്ധിയന്‍ പാരമ്പര്യം. അതൊന്നും ഇന്നത്തെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്ക് അറിയില്ലെങ്കില്‍ പറഞ്ഞുകൊടുക്കാനെങ്കിലും മൂത്ത കോണ്‍ഗ്രസ്സുകാര്‍ തയ്യാറാവേണ്ടതായിരുന്നു.

അവരതിന് തയ്യാറാവാത്തതിന് കാരണം കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം അക്രമസമരത്തിനാണ് ആഹ്വാനം ചെയ്തത് എന്നത് കൊണ്ടാണ്. പുള്ളിപ്പുലിയുടെ പുള്ളി മാറ്റാനാവാത്തതുപോലെ അക്രമസമരത്തിന് നേതൃത്വം കൊടുക്കുന്നവരുടെ ക്രിമിനല്‍ സ്വഭാവവും മായ്ക്കാനാവില്ല.

Next Story