'മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരുത്തന്‍, ആ കുറ്റി നോക്കുമ്പോള്‍ പാന്റില്‍, കള്ളസുഭര്‍'; പരിഹസിച്ച് എംവി ജയരാജന്
കണ്ണൂരില്‍ മന്ത്രി എംവി ഗോവിന്ദന് മാസ്റ്റര്‍ പങ്കെടുത്ത പരിപാടിയിലേക്കാണ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ച് നടത്തിയത്
21 Jan 2022 6:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റിയെ പരിഹസിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. ഏരിയാതല സംഘാടകസമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കവെയാണ് റിജിലിന്റെ വസ്ത്രധാരണത്തെ പരിഹസിച്ച് ജയരാജന് രംഗത്തെത്തിയത്. സാധാരണഗതിയില്‍ മുണ്ടും ഷര്‍ട്ടും ധരിക്കുന്ന റിജില്‍ കഴിഞ്ഞ ദിവസം സില്‍വര്‍ലൈന്‍ പദ്ധതിയുടെ ജനസമക്ഷം പരിപാടിക്കെതിരായ പ്രതിഷേധത്തിനെത്തിയത് പാന്റ് ധരിച്ചായിരുന്നു. ഇതിനെതിരെയാണ് പരിഹാസവുമായി എംവി ജയരാജന് രംഗത്തെത്തിയത്.
'സിസിടിവിയില്‍ നോക്കുന്ന സമയത്ത് എന്തോ മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരുത്തന്‍, ആ കുറ്റി നോക്കുമ്പോള്‍ പാന്റില്‍. കള്ളസുഭര്‍. സാധാരണ മുണ്ടും ഷര്‍ട്ടും ആ. ഖദര്‍ മാത്രം ആ.അന്ന ഖദറേ ഇല്ല. ഞാന്‍ പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല, വേറെ ആരോന്ന് പറഞ്ഞു. മുഖം നോക്കിയപ്പോള്‍ റിജില്‍ മാക്കുറ്റിയെന്നെ. നോക്കുമ്പോള്‍ പാന്റില്‍. ധൈര്യം വേണ്ടെടോ പോകുമ്പോള്‍. കള്ളമ്മാരെ പോലെയാണോ പോന്നേ..' എംവി ജയരാജന് പറഞ്ഞു.
പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത് വേഷംമാറിവന്ന ഗുണ്ടകളാണെന്ന് എം.വി.ജയരാജന് ആരോപിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചവര്‍ സമരക്കാരല്ല, കാറിലെത്തിയ ഗുണ്ടകളാണ്. ജനാധിപത്യപരമായ രീതിയില്‍ നടത്തുന്ന സമരത്തെ ആരും എതിര്‍ക്കില്ല. പല സംഘടനകളും പല വിഷയങ്ങളിലും ഇതിനുമുമ്പും സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അക്രമം നടത്താനാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കണ്ണൂരില്‍ മന്ത്രി എംവി ഗോവിന്ദന് മാസ്റ്റര്‍ പങ്കെടുത്ത പരിപാടിയിലേക്കാണ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാര്‍ പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നുവെന്നാണ് വിവരം. റിജില്‍ മാക്കുറ്റി ഉള്‍പ്പെട്ട പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.