Top

'രാജ്ഭവനില്‍ 144 ജീവനക്കാര്‍ എന്തിന്?, പലരും ആര്‍എസ്എസുകാര്‍'; 'ഗവര്‍ണറുടെ മറവി'യെക്കുറിച്ച് സിപിഐഎം

''പ്രതിവര്‍ഷം 15 കോടിയോളം രൂപ ചെലവുവരുന്ന രാജ്ഭവന്‍, സര്‍ക്കാര്‍ ഖജനാവ് ചോര്‍ത്തുന്ന ഒരിടമായതിനാല്‍ സ്റ്റാഫിനെ വെട്ടിക്കുറക്കാന്‍ ഗവര്‍ണര്‍ തയ്യാറാകുമോ?''

4 Nov 2022 7:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്ഭവനില്‍ 144 ജീവനക്കാര്‍ എന്തിന്?, പലരും ആര്‍എസ്എസുകാര്‍; ഗവര്‍ണറുടെ മറവിയെക്കുറിച്ച് സിപിഐഎം
X

കണ്ണൂർ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയെക്കാള്‍ നിലവാരം കുറഞ്ഞയാളാണ് ഗവര്‍ണറെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് അദ്ദേഹമുന്നയിച്ച ആക്ഷേപമെന്ന് എംവി ജയരാജന്‍ പറഞ്ഞു.

ഗവര്‍ണര്‍ക്ക് പ്രതിയുടെ വാക്കുകളാണ് ഇപ്പോഴും മൊഴിമുത്തുകള്‍. സ്വപ്‌നയും ആര്‍എസ്എസ് പാളയത്തിലെ അന്തേവാസിയാണെന്നതുതന്നെയാണ് അതിന് കാരണം. നല്ല ആര്‍എസ്എസ് കേഡറാണെന്ന് ഇതിനകം തെളിയിച്ച ഖാന്‍, വി.സി.മാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്ഷേപിക്കുന്നത് നിര്‍ത്തണമെന്നും എംവി ജയരാജന്‍ ആവശ്യപ്പെട്ടു.

എംവി ജയരാജന്‍ പറഞ്ഞത്: ഗവര്‍ണറുടെ മറവി..സപ്തംബര്‍ 19ന് രാജ്ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് താന്‍ 1986 മുതല്‍ ആര്‍എസ്എസ്സുകാരനായിരുന്നു എന്ന് പറയുകയും എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തകാര്യം 45 ദിവസത്തിന് ശേഷം ഡല്‍ഹിയിലെത്തിയപ്പോള്‍, ഓര്‍മയില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്. സംഘപരിവാറുകാരന്റെ രാഷ്ട്രീയരോഗമായതിനാല്‍ ചികിത്സിക്കേണ്ടതുണ്ടോ എന്ന് ഗവര്‍ണര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്.

ആര്‍എസ്എസ്സ് ബന്ധം ഇപ്പോഴും തുടരുന്നതുകൊണ്ടാണ് താന്‍ സെപ്തംബര്‍ 17ന് രാത്രി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ കാണാന്‍ തൃശ്ശൂരില്‍ പ്രാദേശിക ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ പോയതെന്നുകൂടി ഗവര്‍ണര്‍ അന്ന് പറയുകയുണ്ടായി. പ്രധാനമന്ത്രി ആര്‍എസ്എസ്സുകാരനാണെന്നും 1963ല്‍ ആര്‍എസ്എസ് നേതാക്കളെ ജവഹര്‍ലാല്‍ നെഹ്‌റു റിപ്പബ്ലിക് ദിന പരേഡിലേക്ക് ക്ഷണിച്ചിരുന്നു എന്നും ആര്‍എസ്എസ്സിന്റെ ഒടിസി ക്യാമ്പുകളില്‍ ആറുതവണ താന്‍ പങ്കെടുത്തിരുന്നു എന്നുകൂടി തുറന്നുപറഞ്ഞയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. പക്ഷേ ആ പറഞ്ഞതില്‍ നെഹ്‌റുവിനെപ്പറ്റി സൂചിപ്പിച്ച കാര്യം പച്ചക്കള്ളമായിരുന്നു.

പാര്‍ലമെന്റിലെയും യു.പി. നിയമസഭയിലെയും രേഖകള്‍ പരിശോധിച്ചാല്‍ ആറ് പാര്‍ട്ടികളില്‍ മാറിമാറി പ്രവര്‍ത്തിച്ചിരുന്ന ഖാന്‍ ഏഴാമത്തെ പാര്‍ട്ടിയില്‍ ഇപ്പോള്‍ എത്തിയെന്ന് കാണാന്‍ കഴിയും. ഇത്രയും രാഷ്ട്രീയ സത്യസന്ധതയും ആദര്‍ശശുദ്ധിയുമുള്ള ഒരാളെ ഇന്ത്യയുടെ ചരിത്രത്തില്‍ വേറെ കണ്ടെത്താനാവുമോ? വാലാട്ടി യജമാനഭക്തി പ്രകടിപ്പിക്കുന്നതിനപ്പുറം മറ്റൊന്നും ഇത്തരം ജനുസ്സുകളില്‍ നിന്നും നാം പ്രതീക്ഷിക്കരുത്!

രാജ്ഭവനിലെ പല ജീവനക്കാരും ആര്‍എസ്എസ്സുകാരാണ്. നിയമനം കിട്ടിയത് രാഷ്ട്രീയ പരിഗണനയിലാണ് താനും. ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും ജന്മഭൂമി പത്രാധിപരുമായിരുന്ന ഹരി എസ് കര്‍ത്താ അടക്കമുള്ളവരാണവര്‍. ഇക്കൂട്ടര്‍ ആര്‍എസ്എസ് ഓഫീസായി രാജ്ഭവനെ മാറ്റി. ഗവര്‍ണര്‍ അതിനെയെല്ലാം പിന്തുണച്ചു. ഒരുവര്‍ഷം നൂറില്‍ താഴെ ഫയല്‍ മാത്രം പരിശോധിക്കാനായി രാജ് ഭവനില്‍ 144 ജീവനക്കാര്‍ എന്തിനാണ്? ഗവര്‍ണര്‍ക്ക് 144 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്ളപ്പോള്‍ പ്രതിദിനം നൂറുകണക്കിന് ഫയലുകള്‍ പരിശോധിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍ കേവലം 33 ജീവനക്കാര്‍ മാത്രമാണുള്ളത്. മുഖ്യമന്ത്രിക്ക് അനുവദനീയമായ ജീവനക്കാരുടെ എണ്ണം 37 ആണ് എന്നിരിക്കെയാണിത്. അതുപോലെ കേരളത്തിലെ 20 മന്ത്രിമാര്‍ക്കുമായി ആകെ 497 ജീവനക്കാരുമാണുള്ളത്. പ്രതിവര്‍ഷം 15 കോടിയോളം രൂപ ചെലവുവരുന്ന രാജ്ഭവന്‍, സര്‍ക്കാര്‍ ഖജനാവ് ചോര്‍ത്തുന്ന ഒരിടമായതിനാല്‍ സ്റ്റാഫിനെ വെട്ടിക്കുറക്കാന്‍ ഗവര്‍ണര്‍ തയ്യാറാകുമോ?

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയെക്കാള്‍ നിലവാരം കുറഞ്ഞയാളാണ് ഗവര്‍ണറെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് അദ്ദേഹമുന്നയിച്ച ആക്ഷേപം. എന്‍ഐഎ പോലും ഇത്തരമൊരാക്ഷേപം ദീര്‍ഘകാലത്തെ അന്വേഷണത്തിന് ശേഷം തള്ളിക്കളയുകയാണുണ്ടായത്. പക്ഷേ ഗവര്‍ണര്‍ക്ക് പ്രതിയുടെ വാക്കുകളാണ് ഇപ്പോഴും മൊഴിമുത്തുകള്‍. സ്വപ്‌നയും ആര്‍എസ്എസ് പാളയത്തിലെ അന്തേവാസിയാണെന്നതുതന്നെയാണ് അതിന് കാരണം. നല്ല ആര്‍എസ്എസ് കേഡറാണെന്ന് ഇതിനകം തെളിയിച്ച ഖാന്‍, വി.സി.മാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്ഷേപിക്കുന്നത് നിര്‍ത്തണം. ഇല്ലെങ്കില്‍ പ്രബുദ്ധകേരളം നിങ്ങളെ തിരുത്തുക തന്നെ ചെയ്യും.


Next Story