Top

'ഗവര്‍ണറുടെ ആരോപണം പച്ചക്കള്ളം'; പിന്‍വലിച്ചില്ലെങ്കില്‍ പദവിയില്‍ ഇരിക്കാന്‍ കൊള്ളരുതാത്തയാളാണെന്ന് ജനം പറയുമെന്ന് എം വി ജയരാജന്‍

ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ കൊള്ളരുതാത്തയാളാണെന്ന് ജനം പറയുമെന്ന് എം വി ജയരാജന്‍ പറഞ്ഞു

21 Aug 2022 11:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണറുടെ ആരോപണം പച്ചക്കള്ളം; പിന്‍വലിച്ചില്ലെങ്കില്‍ പദവിയില്‍ ഇരിക്കാന്‍ കൊള്ളരുതാത്തയാളാണെന്ന് ജനം പറയുമെന്ന് എം വി ജയരാജന്‍
X

കണ്ണൂര്‍: കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ ഗവര്‍ണര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണം പച്ചക്കള്ളമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പരാമര്‍ശം ഗവര്‍ണര്‍ പിന്‍വലിക്കണം. അല്ലാത്ത പക്ഷം അദ്ദേഹം ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ കൊള്ളരുതാത്തയാളാണെന്ന് ജനം പറയുമെന്ന് എം വി ജയരാജന്‍ പറഞ്ഞു.

ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിച്ചാണ് പ്രതികരിക്കുന്നത്. 2019 ല്‍ നടന്ന സംഭവത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് ദുരുദ്ദ്യേശമാണ്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ നടന്നത് സ്വാഭാവികമായി ഉണ്ടായ പ്രതിഷേധമാണെന്നും എം വി ജയരാജന്‍ പറഞ്ഞു.

2019 ല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ കായികമായി തന്നെ നേരിടാന്‍ വൈസ് ചാന്‍സിലര്‍ ഒത്താശ ചെയ്‌തെന്നും ഡല്‍ഹി കേന്ദ്രീകരിച്ചാണ് അതിന്റെ ഗൂഢാലോചന നടന്നതെന്നുമാണ് ഗവര്‍ണറുടെ ആരോപണം. ചരിത്ര കോണ്‍ഗ്രസില്‍ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചരിത്രകാരന്‍ ഇർഫാന്‍ ഹബീബ് തന്റെ പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും അത് കയ്യാങ്കളിയില്‍ കലാശിച്ചതും ആസൂത്രിതമാണെന്നും അതിന് കണ്ണൂര്‍ വി സി ഒത്താശ ചെയതെന്നുമാണ് ഗവര്‍ണര്‍ ആരോപിച്ചത്.

കണ്ണൂര്‍ വി സി ക്രിമിനലാണെന്നും കയ്യേറ്റം ശ്രമമുണ്ടായിട്ടും അത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താനോ അന്വേഷണത്തോട് സഹകരിക്കാനോ വി സി തയ്യാറായില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.

Next Story

Popular Stories