Top

'സ്വന്തം പാര്‍ട്ടിയില്‍ ജനാധിപത്യമില്ലാതെ എങ്ങനെ ഫാസിസത്തോട് പോരാടും'; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്ലാതെയെന്ന് സിപിഐഎം

''തെരഞ്ഞെടുക്കപ്പെട്ട പിസിസി/ഡിസിസി പ്രസിഡന്റുമാര്‍ രാജ്യത്തൊരിടത്തുമില്ല. പിന്നെങ്ങനെ പട്ടിക തയ്യാറാക്കാന്‍ കഴിയും?''

7 Sep 2022 11:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വന്തം പാര്‍ട്ടിയില്‍ ജനാധിപത്യമില്ലാതെ എങ്ങനെ ഫാസിസത്തോട് പോരാടും; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്ലാതെയെന്ന് സിപിഐഎം
X

കോണ്‍ഗ്രസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. വോട്ടര്‍പട്ടികയില്ലാതെ എങ്ങനെ തെരഞ്ഞെടുപ്പ് നടത്തുമെന്നും സ്വന്തം പാര്‍ട്ടികക്കകത്ത് ജനാധിപത്യം നടത്താതെ എങ്ങനെ ഫാസിസത്തിനെതിരെ പോരാടാന്‍ കഴിയുമെന്നും എംവി ജയരാജന്‍ ചോദിച്ചു. ഒക്‌ടോബര്‍ 17ന് നടക്കുന്നത് തെരഞ്ഞെടുപ്പല്ല, നോമിനേഷനാണെന്നും ജയരാജന്‍ പറഞ്ഞു.

എംവി ജയരാജന്‍ പറഞ്ഞത്: ''കോണ്‍ഗ്രസ്സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്ന പ്രഹസനം ഒക്‌ടോബര്‍ 17നാണ്. രണ്ട് ദശകം മുമ്പും ഇത്തരമൊരു തെരഞ്ഞെടുപ്പ് പ്രഹസനം നടന്നിരുന്നു. നെഹ്‌റു കുടുംബത്തിലെ അംഗം തന്നെ പ്രസിഡന്റായി. വോട്ടര്‍പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുമ്പോള്‍ ആദ്യം വേണ്ടത് വോട്ടര്‍ പട്ടികയാണ്. പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസരം നല്‍കുകയും അത്തരം പരാതികള്‍ പരിശോധിച്ച ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും വേണം. അന്തിമ പട്ടികയിലെ വോട്ടര്‍മാര്‍ക്ക് മാത്രമേ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കഴിയൂ.''

''സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കാനും പിന്താങ്ങാനും പട്ടികയില്‍ പേരുണ്ടാവണം. ഇതൊന്നും പരസ്യപ്പെടുത്താതെ എന്ത് തെരഞ്ഞെടുപ്പ്! കോണ്‍ഗ്രസ്സിന്റെ ബൈലോ പ്രകാരം എഐസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടര്‍മാരുടെ പട്ടിക തയ്യാറാക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട പിസിസി/ഡിസിസി പ്രസിഡന്റുമാരും എം.പി.എം.എല്‍.എ.മാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 15 ശതമാനം പേരും ഉള്‍ക്കൊള്ളുന്നവരാണ്.''

''ഇത്തരത്തില്‍ 9000 പേരുള്ള പട്ടികയാണ് പ്രസിദ്ധീകരിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെട്ട പിസിസി/ഡിസിസി പ്രസിഡന്റുമാര്‍ രാജ്യത്തൊരിടത്തുമില്ല. പിന്നെങ്ങനെ പട്ടിക തയ്യാറാക്കാന്‍ കഴിയും? വോട്ടര്‍പട്ടികയില്ലാതെ എങ്ങനെ തെരഞ്ഞെടുപ്പ് നടത്തും? സ്വന്തം പാര്‍ട്ടികക്കകത്ത് ജനാധിപത്യം നടത്താതെ എങ്ങനെ ഫാസിസത്തിനെതിരെ പോരാടാന്‍ കഴിയും? ഒക്‌ടോബര്‍ 17ന് നടക്കാന്‍ പോകുന്നത് തെരഞ്ഞെടുപ്പല്ല, നോമിനേഷനാണ് എന്നതിന് ഇതില്‍ കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടോ?''

Next Story