Top

'കോണ്‍ഗ്രസ് ജയിച്ചത് ഗാന്ധി ഘാതകരുടെ വോട്ട് വാങ്ങി'; കച്ചവടത്തിലെ ലാഭമാണ് പൊക്കിക്കാട്ടുന്നതെന്ന് എം വി ജയരാജന്‍

22 Aug 2022 4:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് ജയിച്ചത് ഗാന്ധി ഘാതകരുടെ വോട്ട് വാങ്ങി; കച്ചവടത്തിലെ ലാഭമാണ് പൊക്കിക്കാട്ടുന്നതെന്ന് എം വി ജയരാജന്‍
X

കണ്ണൂര്‍: മട്ടന്നൂര്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നുണ പ്രചരിപ്പിക്കുന്നത് ജനങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന കോണ്‍ഗ്രസുകാരെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഗാന്ധി ഘാതകരായ ബിജെപിയുടെ വോട്ടുകള്‍ വിലക്ക് വാങ്ങിയാണ് ചില വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപിക്ക് കോണ്‍ഗ്രസ് വോട്ട് കിട്ടിയിട്ടും ജയിക്കാനായില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ എം വി ജയരാജന്‍ പറയുന്നു.

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ മുന്‍മന്ത്രി കെ കെ ശൈലജയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടെന്ന് വ്യാജപ്രചരണമുണ്ടായിരുന്നു. വ്യാജപ്രചരണം ഏറ്റെടുത്ത് അനില്‍ അക്കരയും പത്മജ വേണുഗോപാലും ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു. ശൈലജയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടെന്ന സൈബര്‍ കോണ്‍ഗ്രസിന്റെ വ്യാജപോസ്റ്ററാണ് ഇരുവരും പങ്കുവച്ചത്. ഇതിനെതിരെയായിരുന്നു എം വി ജയരാജന്റെ പ്രതികരണം.

പച്ചനുണ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പറ്റുമോ എന്നാണ് ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'കെ കെ ശൈലജ ടീച്ചറുടെ വാര്‍ഡില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടു എന്നാണ് ഇവരുടെ ഏറ്റവും പുതിയ കണ്ടുപിടുത്തം. എന്നാല്‍ ടീച്ചറുടെ വാര്‍ഡായ ഇടവേലിക്കലില്‍ (പതിനഞ്ചാം വാര്‍ഡ്) എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. വെറും വിജയമല്ല ഇവിടെ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആകെ കിട്ടിയ വോട്ടിന്റെ ഏഴ് ഇരട്ടിയിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. എല്‍ഡിഎഫ് ഭൂരിപക്ഷം 580 വോട്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആകെ കിട്ടിയത് വെറും 81 വോട്ട്. ദയനീയമായി യുഡിഎഫ് പരാജയപ്പെട്ട വാര്‍ഡിലും ഇങ്ങനെയൊക്കെ നുണപ്രചരിപ്പിക്കാന്‍, സംഘപരിവാറിന്റെ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ ഞങ്ങളുടേത് കൂടിയെന്ന് കരുതുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കേ കഴിയൂ', എം വി ജയരാജന്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'നുണ പ്രചരിപ്പിക്കുന്നത്, ജനങ്ങളില്‍ നിന്നും അക്കരെ നില്‍ക്കുന്ന കോണ്‍ഗ്രസുകാര്‍

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ പച്ചനുണ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പറ്റുമോ എന്നാണ് ചില കോണ്‍ഗ്രാസ് നേതാക്കള്‍ പരിശ്രമിക്കുന്നത്. സ. കെ കെ ശൈലജ ടീച്ചറുടെ വാര്‍ഡില്‍ LDF പരാജയപ്പെട്ടു എന്നാണ് ഇവരുടെ ഏറ്റവും പുതിയ കണ്ടുപിടുത്തം. എന്നാല്‍ ടീച്ചറുടെ വാര്‍ഡായ ഇടവേലിക്കലില്‍ (പതിനഞ്ചാം വാര്‍ഡ്) LDF സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. വെറും വിജയമല്ല ഇവിടെ വിജയിച്ച LDF സ്ഥാനാര്‍ത്ഥി നേടിയത്. UDF സ്ഥാനാര്‍ത്ഥിക്ക് ആകെ കിട്ടിയ വോട്ടിന്റെ ഏഴ് ഇരട്ടിയിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ഇവിടെ LDF സ്ഥാനാര്‍ത്ഥി വിജയിച്ചത്. LDF ഭൂരിപക്ഷം 580 വോട്ട്. UDF സ്ഥാനാര്‍ത്ഥിക്ക് ആകെ കിട്ടിയത് വെറും 81 വോട്ട്. ദയനീയമായി UDF പരാജയപ്പെട്ട വാര്‍ഡിലും ഇങ്ങനെയൊക്കെ നുണപ്രചരിപ്പിക്കാന്‍, സംഘപരിവാറിന്റെ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ ഞങ്ങളുടേത് കൂടിയെന്ന് കരുതുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കേ കഴിയൂ. ഈ സോഷ്യല്‍ മീഡിയ കാലത്തും ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് ലജ്ജയില്ല എന്നതാണ് അതിനേക്കാള്‍ വലിയ കാര്യം. മിനിമം മുതിര്‍ന്ന നേതാക്കളായതിന്റെ വിവേകം കാണിക്കണം എന്ന് പറയുന്നില്ല; കോണ്‍ഗ്രസുകാര്‍ അങ്ങനെയെങ്കിലും ആശ തീര്‍ക്കട്ടെ.

300 ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച 10 വാര്‍ഡുകളിലും എല്‍ഡിഎഫ് ആണ് വിജയിച്ചത്. പരമ്പരാഗതമായിട്ടുള്ള യുഡിഎഫിന് ലഭിക്കുന്ന 5 വാര്‍ഡുകളില്‍ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 4 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചത് 9 മുതല്‍ 36 വരെയുള്ള വോട്ടുകള്‍ക്കാണ്. ഗാന്ധിഘാതകര്‍ ആയ ബിജെപിയുടെ വോട്ടുകള്‍ വിലക്ക് വാങ്ങിയിട്ടാണ് ചില വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപിക്ക് ആവട്ടെ കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടും ഒരു സീറ്റ് പോലും ജയിക്കാന്‍ ആയില്ല. 2017 ല്‍ ബിജെപി ക്ക് ലഭിച്ച വോട്ട് 3280 ആയിരുന്നു. ഇപ്പോള്‍ ചില വാര്‍ഡുകളില്‍ കോണ്‍ഗ്രസുകാര്‍ ബിജെപിക്ക് വോട്ട് ചെയ്തിട്ടു പോലും 3000 ല്‍ താഴെ വോട്ടുകളായി കുറഞ്ഞു. ഈ വോട്ട് കച്ചവടത്തില്‍ ലഭിച്ച ലാഭം പൊക്കിക്കാട്ടി കേമത്തം നടിക്കുന്ന കോണ്‍ഗ്രസിനെക്കുറിച്ച് ജനങ്ങള്‍ക്ക് സഹതാപമാണ് തോന്നുന്നത്. 2017നേക്കാള്‍ 18 വാര്‍ഡുകളില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിച്ചു. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനത്തിലധികം എല്‍ഡിഎഫിന് നല്‍കി വന്‍വിജയം സമ്മാനിച്ച പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍. കള്ള പ്രചരണങ്ങളില്‍ കുടുങ്ങിപ്പോകാതെ ജാഗ്രത പാലിക്കണമെന്നും മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുകയാണ്.'

Story Highlights: MV Jayarajan Against Congress On Fake News

Next Story