Top

'കോണ്‍ഗ്രസുകാര്‍ എല്ലാം ഒളിവില്‍'; എല്‍ദോസിനെ കുറിച്ചുള്ള അഭിപ്രായം പെരുമ്പാവൂര്‍ പോയാല്‍ അറിയാമെന്ന് എംവി ജയരാജന്‍

''കോണ്‍ഗ്രസില്‍ നിന്ന് സമാന്യ മര്യാദയോ നീതിയോ ആരും പ്രതീക്ഷിക്കുന്നില്ല.''

15 Oct 2022 12:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസുകാര്‍ എല്ലാം ഒളിവില്‍; എല്‍ദോസിനെ കുറിച്ചുള്ള അഭിപ്രായം പെരുമ്പാവൂര്‍ പോയാല്‍ അറിയാമെന്ന് എംവി ജയരാജന്‍
X

ബലാത്സംഗ കേസുകള്‍ അലങ്കാരമായാണ് കോണ്‍ഗ്രസ് കാണുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടാല്‍ ഉടന്‍ കോണ്‍ഗ്രസുകാര്‍ പോയി സ്വീകരിക്കുമെന്നും അതിനെ നാണക്കേട് എന്നേ പറയാന്‍ പറ്റൂയെന്ന് ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിനോട് മൂല്യങ്ങളെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. അതൊന്നും അവര്‍ക്ക് ബാധകമല്ല. ജനപ്രതിനിധിയായി ഇരിക്കാന്‍ എല്‍ദോസിന് അര്‍ഹതയില്ലെന്നും എംവി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എംവി ജയരാജന്‍ പറഞ്ഞത്: ''കോണ്‍ഗ്രസുകാര്‍ എല്ലാം ഒളിവിലാണ്. എകെജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതികള്‍ ഒളിവില്‍, പീഡനക്കേസിലെ പ്രതി ഒളിവില്‍. ഒളിവിലിരുന്ന് ഇവര്‍ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയാണ്. അപമാനമാണ് കോണ്‍ഗ്രസിന്. നേരത്തെ അവര്‍ ചോദിച്ചത്, എന്താ എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെ പിടിക്കാത്തതെന്നാണ്. പിടിച്ചപ്പോള്‍ പറയുന്നു, എന്തിനാ പിടിച്ചതെന്ന്. ഇതാണ് കോണ്‍ഗ്രസ്.''

''തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുന്ന ക്രിമിനല്‍ എന്ന കൂട്ടത്തില്‍ പെടുത്താവുന്ന വകുപ്പ് അനുസരിച്ചാണ് കോണ്‍ഗ്രസ് എംഎല്‍എയെ പ്രതിയാക്കിയിട്ടുള്ളത്. കോണ്‍ഗ്രസിന് ഇതെല്ലാം ഒരു അലങ്കരമാണ്. അതിലൊരു സംശയവും വേണ്ട. എല്‍ദോസിനെ അറസ്റ്റ് ചെയ്ത് ജാമ്യം കിട്ടുകയോ ചെയ്താല്‍ ഉടന്‍ കോണ്‍ഗ്രസുകാര്‍ പോയി സ്വീകരിക്കും. അയ്യയ്യേ നാണക്കേട് എന്നേ പറയാന്‍ പറ്റൂ.''

''കോണ്‍ഗ്രസിനോട് മൂല്യങ്ങളെ കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യം. അതൊന്നും കോണ്‍ഗ്രസിന് ബാധകമല്ലല്ലോ. ജനപ്രതിനിധിയായി ഇരിക്കാന്‍ അവര്‍ക്ക് അര്‍ഹതയില്ല. അതാണ് സത്യം. വിവാഹവീടുകളില്‍ പോയി നൃത്തം ചെയ്ത് ചുവടുകള്‍ക്ക് അനുസരിച്ച് ആരെങ്കിലും അടുത്തു വരുമ്പോള്‍ അവരെ നോക്കുന്നതല്ല വികസനപ്രവര്‍ത്തനം. അദ്ദേഹത്തെ കുറിച്ച് നാടാകെയുള്ള അഭിപ്രായം എന്താണെന്ന് പെരുമ്പാവൂര്‍ വരെ പോയാല്‍ അറിയാം. കോണ്‍ഗ്രസില്‍ നിന്ന് സമാന്യ മര്യാദയോ നീതിയോ ആരും പ്രതീക്ഷിക്കുന്നില്ല.''

Next Story