Top

'ഉത്സവത്തിന് മുസ്ലീംകൾക്ക് പ്രവേശനമില്ലെന്ന ബോർഡ്'; നടപടി കാലത്തിന് ഭൂഷണമല്ലെന്ന് എം വി ജയരാജൻ

ആരാധന കർമ്മങ്ങൾക്ക് നേതൃത്വം നൽകുന്ന നാലൂര് സമുദായിമാരുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്

17 April 2022 2:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്സവത്തിന് മുസ്ലീംകൾക്ക് പ്രവേശനമില്ലെന്ന ബോർഡ്; നടപടി കാലത്തിന് ഭൂഷണമല്ലെന്ന് എം വി ജയരാജൻ
X

കണ്ണൂർ: ഉത്സവത്തിന് ഇസ്ലാം മത വിശ്വസികൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിച്ച കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഭാരവാഹികളുടെ നടപടി കാലത്തിന് ഭൂഷണമല്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഇത്തരമൊരു ബോർഡ് മുമ്പ് ഉണ്ടായിരുന്നുവെങ്കിലും ആരും ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെന്നും അതിപ്പോൾ പുതുക്കി സ്ഥാപിക്കേണ്ട ആവശ്യം ഇന്നത്തെ കാലത്തിനില്ലെന്നുമാണ് ജയരാജന്റെ പ്രതികരണം.

'ആരാധനാലയങ്ങൾ പവിത്രമാണ്, അവിടം സംഘർഷ ഭൂമിയാക്കാൻ ആരും ഉപയോഗിക്കാൻ പാടില്ല. ഇത്തരമൊരു ബോർഡ് മുമ്പ് ഉണ്ടായിരുന്നുവെങ്കിലും ആരും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ അതിപ്പോൾ പുതുക്കി സ്ഥാപിക്കേണ്ട ആവശ്യം ഇന്നത്തെ കാലത്തില്ല. വിവിധ സംസ്ഥാനങ്ങളിൽ മത ചിഹ്നങ്ങൾ ഉപയോഗിച്ച് ആളുകളെ വേർതിരിക്കാൻ ശ്രമിക്കുന്ന ഈ കാലത്ത് ഭാരവാഹികളുടെ നടപടി ഭൂഷണമല്ല', ജയരാജൻ പറഞ്ഞു.

മല്ലിയോട്ട് പാലോട്ട് കാവിൽ വിഷുകൊടിയേറ്റുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്കാണ് മുസ്ലീംകൾക്ക് പ്രവേശനമില്ലെന്ന ബോർഡ് ഭാരവാഹികൾ സ്ഥാപിച്ചത്. ക്ഷേത്രത്തിലെ ആരാധന കർമ്മങ്ങൾക്ക് നേതൃത്വം നൽകുന്ന നാലൂര് സമുദായിമാരുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. കഴിഞ്ഞ വർഷവും ക്ഷേത്ര അധികൃതർ ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചിരുന്നു. പിന്നീട് ഉയർന്ന പ്രതിഷേധത്തിന് ഒടുവിലാണ് ബോർഡ് നീക്കം ചെയ്തത്.

Story highlights: MV Jayarajan against board forbids Muslims from attending festivals

Next Story