Top

'വാര്‍ത്താസമ്മേളനം എല്ലാ മാധ്യമങ്ങളും ബഹിഷ്‌കരിക്കണമായിരുന്നു'; ഗവര്‍ണര്‍ നീങ്ങുന്നത് സ്വേച്ഛാധിപത്യ രീതിയിലെന്ന് എം വി ഗോവിന്ദന്‍

'ഗവര്‍ണറുടെ നിലപാടുകള്‍ ഒരുതരത്തിലും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല'

7 Nov 2022 6:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാര്‍ത്താസമ്മേളനം എല്ലാ മാധ്യമങ്ങളും ബഹിഷ്‌കരിക്കണമായിരുന്നു; ഗവര്‍ണര്‍ നീങ്ങുന്നത് സ്വേച്ഛാധിപത്യ രീതിയിലെന്ന് എം വി ഗോവിന്ദന്‍
X

തിരുവനന്തപുരം: കൈരളിയേയും മീഡിയ വണ്ണിനേയും വിലക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനാധിപത്യ സമൂഹത്തില്‍ അംഗീകരിക്കാന്‍ കഴിയുന്ന നിലപാടല്ല അദ്ദേഹം സ്വീകരിക്കുന്നത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഗവര്‍ണര്‍ മാധ്യമങ്ങളോട് വിവേചനം കാട്ടിയത് ഫാസിസ്റ്റ് രീതിയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഫാസിസ്റ്റ് രീതിയിലുള്ള നിലപാടിനെ ജനാധിപത്യ സംവിധാനം മുഴുവന്‍ ശക്തമായി എതിര്‍ക്കണമെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ നിലപാടുകള്‍ ഒരുതരത്തിലും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്‌കരിച്ചത് പോലെ മറ്റ് മാധ്യമങ്ങളും ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇറങ്ങിവരേണ്ടതായിരുന്നെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള നിലപാടാണ് എല്ലാ മാധ്യമങ്ങളും സ്വീകരിക്കേണ്ടത്. പത്രപ്രവര്‍ത്തക യൂണിയന് ഇക്കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ ബാധ്യതയുണ്ട്. സ്വേച്ഛാധിപത്യ രീതിയിലേക്കാണ് ഗവര്‍ണര്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഇത്തരം നീക്കങ്ങള്‍ ഒരു തരത്തിലും കേരളത്തിലെ അംഗീകരിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ മീഡിയ വണ്‍, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു. ഈ മാധ്യങ്ങളിലെ റിപ്പോര്‍ട്ടര്‍മാരോട് പുറത്ത് പോകാനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആക്രോശിച്ചു. മാധ്യമങ്ങളുടെ പേര് എടുത്ത് പറഞ്ഞ് രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്.

കൈരളി, മീഡിയ വണ്‍ ചാനലുകളില്‍ നിന്ന് ആരെങ്കിലും വാര്‍ത്താസമ്മേളനത്തിന് എത്തിയിട്ടുണ്ടെങ്കില്‍ പുറത്ത് പോകണം. ഇവരോട് താന്‍ സംസാരിക്കില്ല. ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ ഇറങ്ങിപ്പോകുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഈ മാധ്യമങ്ങള്‍ തനിക്കെതിരെ ക്യാമ്പെയിന്‍ നടത്തുകയാണെന്നും കേഡര്‍ മാധ്യമങ്ങളെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. ഗവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചു.

Story highlights: MV Govindan's said that Governor is on Fasist style

Next Story