'യുഡിഎഫ് തകരണമെന്ന് ഞങ്ങള്‍ക്ക് അഭിപ്രായമില്ല'; അവരുടെ നിലപാടില്‍ അവര്‍ തകരുന്നതില്‍ എന്തിന് വിഷമമെന്ന് എംവി ഗോവിന്ദന്
''കോണ്‍ഗ്രസിലും മുസ്ലീംലീഗിലും യുഡിഎഫിലും പ്രശ്നങ്ങളുണ്ട്. ഇവര്‍ തമ്മിലും പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങള്‍ രാഷ്ട്രീയമായി രൂപപ്പെട്ട് വന്നിട്ടുണ്ട്.''
9 Dec 2022 12:04 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: യുഡിഎഫ് തകരണമെന്ന് ഇടതുപക്ഷത്തിന് അഭിപ്രായമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. അവരുടെ തന്നെ നിലപാടിനെ അടിസ്ഥാനപ്പെടുത്തി യുഡിഎഫ് തകരുന്നതില്‍ എന്തിനാണ് വല്ലാതെ വിഷമമെന്നും എംവി ഗോവിന്ദന് ചോദിച്ചു. കോണ്‍ഗ്രസിലും മുസ്ലീംലീഗിലും യുഡിഎഫിലും പ്രശ്നങ്ങളുണ്ട്. ഇവര്‍ തമ്മിലും പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങള്‍ രാഷ്ട്രീയമായി രൂപപ്പെട്ട് വന്നിട്ടുണ്ട്. ബിജെപിക്ക് അനുകൂലമായി എടുക്കുന്ന നിലപാടിനോട് അമര്‍ച്ചയും പ്രതിഷേധവും യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ക്കുമുണ്ട്. പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗത്തിലും അത് വ്യക്തമാണെന്നും എംവി ഗോവിന്ദന് പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരെ മുസ്ലീം ലീഗും ആര്‍എസ്പിയും വ്യത്യസ്ത നിലപാട് എടുത്തതോടെ യുഡിഎഫ് വലിയ പ്രതിസന്ധിയിലായിട്ടുണ്ടെന്നും ഗോവിന്ദന് പറഞ്ഞു. എല്‍ഡിഎഫ് നിലപാട് ശരിയെന്ന് പ്രതിപക്ഷത്തിന് പോലും അംഗീകരിക്കേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞത്ത് സമരം അവസാനിച്ചതോടെ പരാജയപ്പെട്ടത് യുഡിഎഫാണ്. കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമമാണ് അവര്‍ നടത്തിയത്. സമരം നടത്തിയവരോ സര്‍ക്കാരോ പരാജയപ്പെട്ടിട്ടില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.
'ലീഗ് ജനാധിപത്യ പാര്‍ട്ടി, വര്‍ഗീയ പാര്‍ട്ടിയെന്ന് പറഞ്ഞിട്ടില്ല'
തിരുവനന്തപുരം: മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ഇടതുപക്ഷം എവിടെയും പറഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ലീഗ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. രേഖകളില്‍ അങ്ങനെയാണ് ഞങ്ങളും വിശദീകരിച്ചിട്ടുള്ളത്. വര്‍ഗീയ പാര്‍ട്ടിയാണെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. വര്‍ഗീയ നിലപാട് സ്വീകരിക്കുന്നത് എസ്ഡിപിഐ അടക്കമുള്ളവരാണ്. അവരോട് കൂട്ടുകൂടുന്ന നിലപാടില്‍ ലീഗിനെ വിമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'സ്ഥിരമായി ഒരു ശത്രുവും മിത്രവും ഇടതുപക്ഷത്തിനില്ല. നയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ലീഗിനെ വിലയിരുത്തുന്നത്. മുസ്ലീംലീഗുമായി ഇഎംഎസിന്റെ കാലത്ത് ഇടതുപക്ഷം കൈകോര്‍ത്തിട്ടുണ്ട്. നിങ്ങള്‍ക്ക് ഓര്‍മയില്ലേ? 1967ലെ സര്‍ക്കാരില്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് ഭരണം നടത്തിയിട്ടുള്ള പാര്‍ട്ടിയാണ് ലീഗ്.' വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ആര്‍ക്കും ഇടതുപക്ഷത്തിനൊപ്പം യോജിക്കാമെന്നും എംവി ഗോവിന്ദന് പറഞ്ഞു. എങ്ങനെയൊക്കെയാണ് ഇന്ത്യ മാറുന്നതെന്ന് നമുക്ക് നോക്കാം. എങ്ങനെയാണ് ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കാന്‍ പോകുന്നതെന്നും, തുടങ്ങിയ വശങ്ങള് പരിശോധിച്ച് ആവശ്യമായ തീരുമാനങ്ങളൊക്കാം. അപ്പോള്‍ ആരൊക്കെ എവിടെ നില്ക്കുന്നു എന്നുള്ളത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
'എല്ലാ കാലത്തും വര്‍ഗീയതയ്ക്ക് എതിരാണ് ഇടതുപക്ഷം. വര്‍ഗീയതക്കെതിരെയും മതനിരപേക്ഷതയ്ക്ക് വേണ്ടിയും ആരുമായി ദേശീയ അടിസ്ഥാനത്തില്‍ അതിവിശാലമായ ഒരു ബന്ധം രൂപപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാന്‍ യാതൊരു തടസവുമില്ല. നിലപാടാണ് കാര്യം. ഞങ്ങളുടെ സമീപനത്തില്‍ ഒരു വ്യത്യാസവും വരുത്തേണ്ടതില്ല. വര്‍ഗീയ ശക്തികള്‍ മേല്‍ക്കൈ നേടുന്നത് അപകടമാണ്. അവര്‍ക്കും നല്ല താക്കീത് ഞങ്ങള്‍ നല്‍കുന്നുണ്ട്. ഓരോ സംസ്ഥാനത്തെയും ബിജെപി വിരുദ്ധ വോട്ട്, ആര്‍ക്കാണോ ജയിക്കാന്‍ സാധിക്കുന്നത്, അവര്‍ക്ക് നല്കി കൊണ്ട് ശക്തമായി മുന്നോട്ട് പോയാല്‍ 50 ശതമാനത്തിലധികം വോട്ടുകള്‍ പ്രതിപക്ഷ വിഭാഗത്തിന് നേടാന്‍ സാധിക്കും. ബിജെപിക്കെതിരെ വലിയ രാഷ്ട്രീയപോരാട്ടം നടത്താന്‍ രാജ്യത്ത് സാധിക്കും.'-എംവി ഗോവിന്ദന് പറഞ്ഞു.