Top

സ്കൂൾ സമയക്രമം; ഖാദർ കമ്മിറ്റിയുടെ ശുപാർശയിൽ ചർച്ചകൾക്ക് ശേഷം മാത്രം തീരുമാനം, ആദ്യമേ സമ്മർദ്ദം വേണ്ടെന്ന് എം വി ​ഗോവിന്ദൻ

25 Sep 2022 10:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്കൂൾ സമയക്രമം; ഖാദർ കമ്മിറ്റിയുടെ ശുപാർശയിൽ ചർച്ചകൾക്ക് ശേഷം മാത്രം തീരുമാനം, ആദ്യമേ സമ്മർദ്ദം വേണ്ടെന്ന് എം വി ​ഗോവിന്ദൻ
X

തിരുവനന്തപുരം: സ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന ഖാദർ കമ്മിറ്റിയുടെ ശുപാർശയിൽ ചർച്ചകൾ ശേഷമെ സർക്കാർ നിലപാട് സ്വീകരിക്കുകയുള്ളൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വിഷയത്തിൽ ആദ്യമേ സമ്മർദ്ദം ചെലുത്തേണ്ട കാര്യമില്ലെന്നും നിലവിൽ തീരുമാനമെടുത്തിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശ. കുട്ടികൾക്ക് പഠിക്കാൻ പറ്റിയ നല്ല സമയം രാവിലെയാണ്. ഉച്ചയ്ക്ക് ശേഷം കായിക പഠനങ്ങൾക്ക് പ്രധാന്യം കൊടുക്കണമെന്നും ശുപാർശയിൽ പറയുന്നുണ്ട്. എന്നാൽ റിപ്പോർട്ടിനെതിരെ സമസ്തയുൾപ്പെടെയുള്ള സംഘടനകൾ രം​ഗത്ത് വന്നിരുന്നു. ഖാദ‍‍ർ കമ്മിറ്റി റിപ്പോ‍‍ർട്ടിലെ ശുപാ‍ർശ അം​ഗീകരിക്കാനാവില്ലെന്നാണ് സമസ്തയുടെ നിലപാട്. പഠനസമയം എട്ടു മണിക്ക് ആക്കുന്നത് മൂലം ലക്ഷക്കണക്കിനു വിദ്യാർഥികളുടെ മദ്‌റസ പഠനത്തെ സാരമായി ബാധിക്കുമെന്ന് സമസ്ത പറഞ്ഞു.

സ്‌കൂൾ സമയ ക്രമത്തിൽ മാറ്റം വരുത്തുന്ന കാര്യം സർക്കാർ പരിഗണിച്ചുവരികയാണെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ജനറൽ സ്‌കൂളുകളിൽ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയും മുസ്‌ലിം സ്‌കൂളുകളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയുമാണ് നിലവിൽ പഠന സമയം. 2007 ലെ സർക്കാർ സകൂൾ സമയമാറ്റ നിർദേശം കൊണ്ടുവന്നപ്പോൾ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെയും മറ്റു മുസ്‌ലിം സംഘടനകളുടെയും ശക്തമായ എതിർപ്പും കാരണം ഉപേക്ഷിക്കുകയാണുണ്ടായത്.

അതേസമയം, പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ സർക്കാർ സ്വീകരിച്ച നിലപാട് ഫലപ്രദമാണെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. വിഷയത്തിൽ ഹൈക്കോടതി വരെ ഇടപെട്ടു. പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ചത് അക്രമഹർത്താലായിരുന്നുവെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: MV Govindan said that a decision will be taken only after discussions on the Khader Committee Report

Next Story