Top

'ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ട'; സുരേന്ദ്രന്റെ 'അഞ്ചുമിനിറ്റില്‍ താഴെയിറക്കും' പരാമര്‍ശത്തില്‍ എംവി ഗോവിന്ദന്‍

വൈദികന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശം നാക്കുപിഴയല്ലെന്നും എംവി ഗോവിന്ദന്‍.

2 Dec 2022 10:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ട; സുരേന്ദ്രന്റെ അഞ്ചുമിനിറ്റില്‍ താഴെയിറക്കും പരാമര്‍ശത്തില്‍ എംവി ഗോവിന്ദന്‍
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ താഴെയിടാന്‍ മോദിക്ക് അഞ്ച് മിനിറ്റ് സമയം വേണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഓലപ്പാമ്പ് കാണിച്ച് സിപിഐഎമ്മിനെ ആരും പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞു.

''ബിജെപി നേതാക്കള്‍ വിചാരിക്കുന്നത് ഓല പാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്താമെന്നാണ്. അതിനെന്നും സിപിഐഎമ്മോ, എല്‍ഡിഎഫോ സര്‍ക്കാരോ വഴങ്ങില്ല. ഫാസിസ്റ്റ് രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് പച്ചമലയാളത്തില്‍ പറഞ്ഞത്. അതിനൊപ്പം സുധാകരനും പറയുന്നു ഞങ്ങള്‍ വിമോചന സമരം നടത്തുമെന്ന്. സര്‍ക്കാരിനെ തകര്‍ക്കാന്‍ ഒരേ മുദ്രാവാക്യമാണ് കോണ്‍ഗ്രസിനും ബിജെപിക്കും. അതില്‍ അത്ഭുതമില്ല. പക്ഷെ കേരളത്തില്‍ നടക്കാന്‍ പോകില്ല. നന്നായിട്ട് ചിന്തിക്കുന്ന ഒരു ജനത കേരളത്തിലുണ്ട്. പാര്‍ട്ടി ഇതിനെതിരായ പ്രചാരണം നടത്തും''-എംവി ഗോവിന്ദന്‍ പറഞ്ഞു.

മന്ത്രി വി അബ്ദുറഹിമാനെതിരെ വൈദികന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശം നാക്കുപിഴയല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വികൃതമായ മനസാണ് വാക്കിലൂടെ വ്യക്തമായത്. മനുഷ്യന്റെ പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന വര്‍ഗീയ നിലപാട് അദ്ദേഹത്തിന് തന്നെയാണ് ചേരുകയെന്നും ഗോവിന്ദന്‍ മാഷ് പറഞ്ഞു.

''മന്ത്രിയെ ഒരു ഫാദര്‍, അദ്ദേഹം ആ വസ്ത്രത്തിന്റെ മാന്യതയുടെ വിലപോലും കല്‍പ്പിക്കാതെ പരസ്യമായി പറഞ്ഞത് ആ പേരില്‍ ഒരു വര്‍ഗീയതയുണ്ടെന്നാണ്. മനുഷ്യന്റെ പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന വര്‍ഗീയ നിലപാട് അദ്ദേഹത്തിന് തന്നെയാണ് ചേരുക. നാക്ക് പിഴയല്ല, അത് ഒരു മനുഷ്യന്റെ സാംസ്‌കാരിക അവബോധമാണ്. മനസാണ് കാണിക്കുന്നത്. വര്‍ഗീയമായ നിലപാട് സ്വീകരിക്കുന്ന ഒരാള്‍ക്ക് മാത്രമെ അത്തരമൊരു പരാമര്‍ശം നടത്താന്‍ പറ്റൂ. ഒരു മന്ത്രിയുടെ പേര് മുസ്ലീം പേരായതുകൊണ്ട് അത് വര്‍ഗീയതയാണെന്ന് പറയണമെങ്കില്‍ വര്‍ഗീയതയുടെ അങ്ങേയറ്റത്തെ മനസുണ്ടായവര്‍ക്കേ സാധിക്കൂ. വികൃതമായ ഒരു മനസാണ് ആ മനുഷ്യന്‍ പ്രകടിപ്പിച്ചത്.''- എംവി ഗോവിന്ദന്‍ പറഞ്ഞു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ അക്രമം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.


Next Story