Top

'സമരം തീര്‍ന്നാലും തീര്‍ന്നില്ലെങ്കിലും പദ്ധതി പൂര്‍ത്തിയാക്കും'; വിഴിഞ്ഞം ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന, ലക്ഷ്യം കലാപമെന്ന് എംവി ഗോവിന്ദന്‍

''വെടിവെപ്പിലേക്ക് എത്തിക്കാനായിരുന്നു അവരുടെ ലക്ഷ്യം. അത് സംഭവിക്കാത്തതില്‍ അവര്‍ക്ക് വിഷമമുണ്ടാകും.''

2 Dec 2022 10:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമരം തീര്‍ന്നാലും തീര്‍ന്നില്ലെങ്കിലും പദ്ധതി പൂര്‍ത്തിയാക്കും; വിഴിഞ്ഞം ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന, ലക്ഷ്യം കലാപമെന്ന് എംവി ഗോവിന്ദന്‍
X

തിരുവനന്തപുരം: സമരം തീര്‍ന്നാലും തീര്‍ന്നില്ലെങ്കിലും വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണ് വിഴിഞ്ഞം പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ന്നപ്പോള്‍ അത് സംബന്ധിച്ച എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പരിഹരിച്ചിട്ടുണ്ട്. സമരസമിതി മുന്നോട്ടു വച്ച ഏഴ് ആവശ്യങ്ങളില്‍ ഒന്നൊഴികെ എല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ മാഷ് പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയിലൂടെ സംസ്ഥാനത്ത് വലിയ തോതില്‍ നിക്ഷേപം വരാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് തകര്‍ക്കാനാണ് ഇപ്പോഴത്തെ ശ്രമം. ജനാധിപത്യരീതിയില്‍ സമരം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതിനെ ആരും എതിര്‍ത്തിട്ടില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

''സമരസമിതി നേതാക്കളുമായി മന്ത്രിമാരടക്കം നിരവധി തവണ ചര്‍ച്ച നടത്തി. എന്നാല്‍ സമരം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. പ്രശ്‌നം അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം സമരക്കാര്‍ക്കിടയിലുണ്ട്. അവരാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. അക്രമമെന്ന് പറയാന്‍ സാധിക്കില്ല, കലാപമാണ് നടന്നത്. കുറ്റം ചെയ്തവര്‍ക്കെതിരെ കേസെടുക്കും. അത് ആരായാലും. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. മത്സ്യത്തൊഴിലാളികളുടേതാണ് സമരം. അതിനെ സര്‍ക്കാരോ എല്‍ഡിഎഫോ ഒരിക്കലും തള്ളി പറഞ്ഞിട്ടില്ല. എന്നാല്‍ സമരം അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ നടത്തുന്നതാണ് കലാപം.''

''വിഴിഞ്ഞം ആക്രമണത്തില്‍ പൊലീസ് നല്ല സംയമനം പാലിച്ചിട്ടുണ്ട്. വെടിവെപ്പിലേക്ക് എത്തിക്കാനായിരുന്നു അവരുടെ ലക്ഷ്യം. അത് സംഭവിക്കാത്തതില്‍ അവര്‍ക്ക് വിഷമമുണ്ടാകും. പൊലീസ് സ്റ്റേഷന്‍ ആക്രമണം യാദൃശ്ചികമായി സംഭവിച്ചതല്ല. ആസൂത്രിതമായി ചെയ്തതാണ്. ഇക്കാര്യം സമരപ്പന്തലില്‍ മറ്റൊരു ഫാദര്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. സമരത്തിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്.'' പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കേണ്ടതുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

മന്ത്രി വി അബ്ദുറഹിമാന് നേരെ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ പരാമര്‍ശം നാക്കുപിഴയല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വികൃതമായ മനസാണ് അദ്ദേഹത്തിന്റെ വാക്കിലൂടെ വ്യക്തമായത്. മനുഷ്യന്റെ പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന വര്‍ഗീയ നിലപാട് അദ്ദേഹത്തിന് തന്നെയാണ് ചേരുകയെന്നും ഗോവിന്ദന്‍ മാഷ് പറഞ്ഞു.

''മന്ത്രിയെ ഒരു ഫാദര്‍, അദ്ദേഹം ആ വസ്ത്രത്തിന്റെ മാന്യതയുടെ വിലപോലും കല്‍പ്പിക്കാതെ പരസ്യമായി പറഞ്ഞത് ആ പേരില്‍ ഒരു വര്‍ഗീയതയുണ്ടെന്നാണ്. മനുഷ്യന്റെ പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന വര്‍ഗീയ നിലപാട് അദ്ദേഹത്തിന് തന്നെയാണ് ചേരുക. നാക്ക് പിഴയല്ല, അത് ഒരു മനുഷ്യന്റെ സാംസ്‌കാരിക അവബോധമാണ്. മനസാണ് കാണിക്കുന്നത്. വര്‍ഗീയമായ നിലപാട് സ്വീകരിക്കുന്ന ഒരാള്‍ക്ക് മാത്രമെ അത്തരമൊരു പരാമര്‍ശം നടത്താന്‍ പറ്റൂ. ഒരു മന്ത്രിയുടെ പേര് മുസ്ലീം പേരായതുകൊണ്ട് അത് വര്‍ഗീയതയാണെന്ന് പറയണമെങ്കില്‍ വര്‍ഗീയതയുടെ അങ്ങേയറ്റത്തെ മനസുണ്ടായവര്‍ക്കേ സാധിക്കൂ. വികൃതമായ ഒരു മനസാണ് ആ മനുഷ്യന്‍ പ്രകടിപ്പിച്ചത്.''- എംവി ഗോവിന്ദന്‍ പറഞ്ഞു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ അക്രമം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.


Next Story