Top

'പട്ടിണിക്കാര്‍ക്ക് ആസ്വദിക്കുക പ്രയാസം'; എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സ്‌പോര്‍ട്‌സ് ആവേശമാണെന്ന് എം വി ഗോവിന്ദന്‍

'പട്ടിണിക്കാരും അല്ലാത്തവരുമെല്ലാം സന്തോഷത്തിന്റെ ഭാഗമായിട്ടാണ് ഇതെല്ലാം കാണുന്നത്'

10 Jan 2023 7:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പട്ടിണിക്കാര്‍ക്ക് ആസ്വദിക്കുക പ്രയാസം; എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സ്‌പോര്‍ട്‌സ് ആവേശമാണെന്ന് എം വി ഗോവിന്ദന്‍
X

തിരുവനന്തപുരം: പട്ടിണി കിടക്കുന്നവര്‍ ക്രിക്കറ്റ് മത്സരം കാണാന്‍ വരേണ്ടതില്ലെന്ന മന്ത്രി വി അബ്ദുറഹിമാന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പട്ടിണിക്കാരെല്ലാം കൂടി ചേര്‍ന്നിട്ടാണ് കളി കണ്ടുകൊണ്ടിരിക്കുന്നത്. പട്ടിണി കിടക്കുമ്പോള്‍ കളി ആസ്വദിക്കുക എന്നത് പ്രയാസമായിരിക്കും എന്നാണ് മന്ത്രി ഉദ്ദേശിച്ചതെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സ്‌പോര്‍ട്‌സ് ഒരാവേശമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പാണ്. പട്ടിണിക്കാരും അല്ലാത്തവരുമെല്ലാം സന്തോഷത്തിന്റെ ഭാഗമായിട്ടാണ് ഇതെല്ലാം കാണുന്നത്. പട്ടിണി കിടക്കുമ്പോള്‍ ഇത് ആസ്വദിക്കുക എന്നത് പ്രയാസമായിരിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 15ന് നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്കിലെ വിനോദ നികുതിയുമായി ബന്ധപ്പെട്ട് കായിക മന്ത്രി വി അബ്ദുറഹിമാന്‍ നടത്തിയ പരാമര്‍ശം വിവാദത്തിലായത്. നികുതി കുറയ്ക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. വിനോദ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമായാണ് ഉയര്‍ത്തിയത്. കഴിഞ്ഞ തവണ നികുതി കുറച്ചിട്ടും ടിക്കറ്റ് വില കുറഞ്ഞില്ലെന്നും സംഘാടകര്‍ അമിതലാഭം എടുക്കാതിരിക്കാനാണ് നികുതി കുറക്കാത്തതെന്നും മന്ത്രി പറഞ്ഞിരുന്നു.

Story highlights: MV Govindan reaction on V Abdurahiman controversy statement on Cricket match

Next Story