Top

മഗ്‌സസെ ആരാണെന്ന് പാര്‍ട്ടിക്ക് അറിയാമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍; 'തൊഴിലാളികളെ അടിച്ചമര്‍ത്തിയ കമ്യൂണിസ്റ്റ് വിരോധി'

പുരസ്‌കാരം നിരസിച്ചത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് സീതാറാം യെച്ചൂരിയും.

4 Sep 2022 1:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഗ്‌സസെ ആരാണെന്ന് പാര്‍ട്ടിക്ക് അറിയാമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍; തൊഴിലാളികളെ അടിച്ചമര്‍ത്തിയ കമ്യൂണിസ്റ്റ് വിരോധി
X

മഗ്‌സസെ അവാര്‍ഡ് ബഹിഷ്‌കരണം പാര്‍ട്ടി തീരുമാനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. മഗ്‌സസെ ആരാണെന്ന് പാര്‍ട്ടിക്ക് കൃത്യമായ ധാരണയുണ്ട്. തൊഴിലാളികളെ അടിച്ചമര്‍ത്തിയ കമ്യൂണിസ്റ്റ് വിരോധിയാണ് മഗ്‌സസെയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

എംവി ഗോവിന്ദന്‍ പറഞ്ഞത്: ''മഗ്‌സസെ ആരാണെന്ന് ഞങ്ങള്‍ക്ക് നല്ല ധാരണയുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെയും നൂറു കണക്കിന് കേഡര്‍മാരെ ശക്തമായി അടിച്ചമര്‍ത്തിയ ലോകത്തിലെ ഏറ്റവും പ്രധാന കമ്യൂണിസ്റ്റ് വിരുദ്ധരിലൊരാളായ മഗ്‌സസെയുടെ പേരിലുള്ള അവാര്‍ഡ് നല്‍കി കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ടിയുടെ കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാന്‍ ശ്രമിക്കേണ്ട. അതുകൊണ്ടാണ് ആ അവാര്‍ഡ് വാങ്ങുന്നത് ശരിയല്ല എന്ന നിലപാട് പാര്‍ടി സ്വീകരിച്ചത്. അത് കൃത്യമായി മനസിലാക്കി കെ കെ ഷൈലജ നിലപാട് സ്വീകരിച്ചു.''

മഗ്‌സസെ അവാര്‍ഡ് നിരസിച്ചത് സിപിഐഎം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്താണെന്ന് കെകെ ശൈലജയും പറഞ്ഞിരുന്നു. അവാര്‍ഡ് കമ്മറ്റിയോട് നന്ദി പറഞ്ഞുകൊണ്ട് പുരസ്‌കാരം വ്യക്തിപരമായി സ്വീകരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് അറിയിച്ചുവെന്നും ശൈലജ അറിയിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കാത്ത മഗ്‌സസെ പേരിലുള്ള അവാര്‍ഡ് നിരസിച്ചതില്‍ താരതമ്യത്തിന്റെ ആവശ്യമില്ലെന്നും ശൈലജ ടീച്ചര്‍ പ്രതികരിച്ചു.

മഗ്‌സസെ പുരസ്‌കാരം നിരസിച്ചത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞിരുന്നു. അതിന് നിരവധി ഘടകങ്ങളുണ്ട്. ഫിലിപ്പിയന്‍സിലെ കമ്യൂണിസ്റ്റുകളെ ക്രൂരമായി ഇല്ലായ്മ ചെയ്ത മഗ്‌സസിന്റെ പേരിലുള്ള അവാര്‍ഡ് ആണെന്നതും അത് അവാര്‍ഡ് നിരസിക്കാനുള്ള ഒരു ഘടകമാണെന്ന് സീതാറാം യെച്ചൂരി ചൂണ്ടികാട്ടി.

സീതാറാം യെച്ചൂരിയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം: ''പാര്‍ട്ടിയില്‍ കൂട്ടായി ചര്‍ച്ച ചെയ്തിരുന്നു. കെകെ ശൈലജ തന്നെയാണ് അവാര്‍ഡ് നിരസിക്കുന്ന കാര്യം എന്‍ജിഒയെ അറിയിച്ചത്. കേരളം മഹാമാരിയെ പ്രതിരോധിച്ചത് സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. അതൊരു വ്യക്തിയുടെ മാത്രം പ്രയത്‌നം കൊണ്ടല്ല. മഗ്‌സസെ വ്യക്തികള്‍ക്ക് മാത്രമാണ് പുരസ്‌കാരം നല്‍കുന്നത്. രണ്ടാമത് ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവിന് ഇതുവരേയും മക്‌സസെ പുരസ്‌കാരം നല്‍കിയിട്ടില്ല. ആദ്യമായിട്ടാണ് ഒരാളെ പരിഗണിക്കുന്നത്. എന്നാല്‍ ശൈലജ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. രാഷ്ട്രീയത്തില്‍ സജീവമാണ്.''

''മൂന്നാമത്തെ കാര്യം മക്‌സസെയുടെ പേരിലുള്ള അവാര്‍ഡ് ആണെന്നതിലാണ്. ഫിലിപ്പിയന്‍സിലെ കമ്മ്യൂണിസ്റ്റുകളെ ക്രൂരമായി ഇല്ലായ്മ ചെയ്ത ഒരു ചരിത്രമുണ്ട്. ഇതെല്ലാം ഘടകമാണ്. അതിനാലാണ് ബഹുമാനത്തോടെ കെകെ ശൈലജ ബഹുമാനത്തോടെ പുരസ്‌കാരം നിരസിച്ചത്. ഇതിന് പുറമേ എന്തുകൊണ്ട് അവര്‍ ഒരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനെ പരിഗണിച്ചതെന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല.''


Next Story