Top

'പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടല്‍ പാര്‍ട്ടി നിലപാടല്ല'; സദ്യ കളയല്‍ വിവാദത്തില്‍ എംവി ഗോവിന്ദന്‍

നടപടി പിന്‍വലിക്കാന്‍ സിഐടിയു ആവശ്യപ്പെടുമെന്ന് ആനത്തലവട്ടം ആനന്ദന്‍.

9 Sep 2022 3:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടല്‍ പാര്‍ട്ടി നിലപാടല്ല; സദ്യ കളയല്‍ വിവാദത്തില്‍ എംവി ഗോവിന്ദന്‍
X

പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുകയെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. പ്രതിഷേധിക്കുന്ന ഒരാളെയും പിരിച്ചുവിടില്ല. പ്രക്ഷോഭങ്ങളിലും സമരങ്ങളിലും പങ്കെടുക്കുന്നവരെ പിരിച്ചുവിടുകയെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരം നഗരസഭയില്‍ സമരത്തിന്റെ പേരില്‍ ഓണസദ്യ കളഞ്ഞ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഗോവിന്ദന്‍.

സംഭവത്തില്‍ തൊഴിലാളികള്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിക്കാന്‍ സിഐടിയു ആവശ്യപ്പെടുമെന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. തൊഴിലാളികളെ ജോലിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. അവരെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തിരിക്കുന്നത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ അന്തിമതീരുമാനം എടുക്കൂം. നടപടി പിന്‍വലിക്കുന്ന കാര്യത്തില്‍ തൊഴിലാളി യൂണിയനുമായി ചര്‍ച്ച ചെയ്ത് മേയര്‍ തീരുമാനമെടുക്കുമെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന ഭരണസമിതിയല്ല നഗരസഭയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ചതില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

ചാലയില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തയ്യാറാക്കിയ ഓണസദ്യ ഒരു വിഭാഗം ജീവനക്കാര്‍ സമരം എന്ന പേരില്‍ മാലിന്യത്തിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ പറഞ്ഞു. ആഹാരത്തിനോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുകയാണെന്ന് മേയര്‍ പ്രതികരിച്ചു.

'സമരങ്ങളും പ്രക്ഷോഭങ്ങളും എല്ലാം ജനാധിപത്യ സംവിധാനത്തില്‍ അനുവദനീയമാണ്, അത് ആവശ്യവുമാണ്. എന്നാല്‍ ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിഞ്ഞുകൊണ്ടുള്ള ഏത് സമരവും, പ്രതിഷേധവും പൊതുസമൂഹത്തോടും ഒരു നേരത്തെ ഭക്ഷണമില്ലാതെ,ഒരു തുള്ളി കുടിവെള്ളം പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ലോകത്താകെയുളള സാധാരണ ജനങ്ങള്‍ക്ക് നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാന്‍ സാധിക്കൂ,' ആര്യാ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഓണസദ്യ വലിച്ചെറിയുന്ന നിമിഷത്തില്‍ ആ ജീവനക്കാര്‍ ഒരു നേരത്തെ ആഹാരത്തിനും ഒരുതുള്ളി വെള്ളത്തിനും വേണ്ടി കേഴുന്ന പാവപ്പെട്ട സാധാരണക്കാരായ മനുഷ്യരുടെയും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെയും മുഖം ഒന്ന് ഓര്‍ത്തിരുന്നുവെങ്കില്‍ ക്രൂരവും നിന്ദ്യവുമായ ഈ പ്രവര്‍ത്തി ചെയ്യാന്‍ നിശ്ചയമായും അറയ്ക്കുമായിരുന്നു. യാതൊരുവിധ മനുഷ്യത്വവും ഇല്ലാതെ പെരുമാറിയ ജീവനക്കാരെ ഒരു കാരണവശാലും നഗരസഭയുടെ ഭാഗമായി തുടരാന്‍ അനുവദിക്കാന്‍ സാധിക്കില്ല എന്ന് തന്നെയാണ് കണ്ടത്. 11 പേരാണ് ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടത്. അവരില്‍ ഏഴ് പേര്‍ സ്ഥിരം ജീവനക്കാരാണ്. അവരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. ബാക്കി നാലുപേര്‍ താല്‍ക്കാലിക ജീവനക്കാരാണ്, അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തന്നെ തീരുമാനിക്കുകയും ചെയ്തു. ഓരോ അരിയിലും വിശക്കുന്ന മനുഷ്യന്റെ പ്രതീക്ഷ മാത്രമല്ല, അത് ഉണ്ടാക്കിയെടുത്ത മനുഷ്യരുടെ അധ്വാനവുമുണ്ട്. അത് മറന്ന് പോകരുത് ഇനി ആരും,' തിരുവനന്തപുരം മേയര്‍ കൂട്ടിച്ചേര്‍ത്തു.

Next Story