Top

'ആവിക്കൽ പ്ലാന്റ്: സമരത്തിന് പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും; എംകെ മുനീറും പ്രവർത്തിച്ചു'; എം വി ​ഗോവിന്ദൻ

ആളുകളെ തെറ്റിദ്ധരിപ്പിച്ച് ആണ് സമരത്തിലേക്ക് കൊണ്ടുവന്നത്.

5 July 2022 5:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആവിക്കൽ പ്ലാന്റ്: സമരത്തിന് പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും; എംകെ മുനീറും പ്രവർത്തിച്ചു; എം വി ​ഗോവിന്ദൻ
X

തിരുവനന്തപുരം: കോഴിക്കോട് ആവിക്കൽ തോട്ടിൽ നിർമ്മിക്കാനിരിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ് അത്യാധുനിക സൗകര്യങ്ങളുള്ള പ്ലാന്റാണെന്ന് തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രി എം വി ​ഗോവിന്ദൻ മാസ്റ്റർ. പദ്ധതി ജനജീവിതത്തേയൊ പരിസ്ഥിതിയേയൊ ബാധിക്കില്ല. നിയമപരമായ എല്ലാ അനുമതികളും പ്ലാന്റിനുണ്ടെന്നും മന്ത്രി പറഞ്ഞു. പ്ലാന്റിനെതിരേയുളള സമരത്തിന് പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണെന്നും മന്ത്രി ആരോപിച്ചു. ആവിക്കൽ പ്ലാന്റിനെതിരെ എം കെ മുനീർ എംഎൽഎ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. അടിയന്തര പ്രമേയത്തിനുളള അനുമതി സർക്കാർ നിഷേധിച്ചു.

ആവിക്കൽ വിഷയത്തിൽ സഭ നിർത്തി വെച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. തീവ്രവാദ സാന്നിധ്യം സമരത്തിന് പിന്നിൽ ഉണ്ടായിട്ടുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിച്ച് ആണ് സമരത്തിലേക്ക് കൊണ്ടുവന്നത്. എംകെ മുനീർ ഉൾപ്പടെയുള്ളവർ ഇതിന് വേണ്ടി പ്രവർത്തിച്ചുവെന്നും എം വി ​ഗോവിന്ദൻ ആരോപിച്ചു.

പ്ലാന്റിനെതിരേയുളള സമരത്തിൽ 14 കേസുകൾ എടുത്തിട്ടുണ്ട്. പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചു. സംഭവത്തില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. കേസില്‍ ഒരാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.

പ്ലാന്റിന്റെ നിർമ്മാണം 2023 മാർച്ചിൽ പൂർത്തീകരിക്കേണ്ടതുണ്ട്. എന്നാൽ പ്രവർത്തി ആരംഭിച്ചതോടെ പ്രതിഷേധം ഉയർന്നു. പ്രതിഷേധക്കാരുമായി കോഴിക്കോട് മേയർ ഡോ ബീന ഫിലിപ്പ് ചർച്ച നടത്തി. പ്രതിഷേധങ്ങളെ തുടർന്ന് സർവകക്ഷി യോഗം വിളിക്കുകയും ചെയ്തിരുന്നു. ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ മുഖവിലക്ക് എടുത്തേ പദ്ധതി മുന്നോട്ട് കൊണ്ടുപോകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അമൃതം പദ്ധതി പ്രകാരം നടപ്പാക്കിയിട്ടുളള മാലിന്യ സംസ്‌കരണം പ്ലാന്റ് സമീപ വാസികളെ ഉള്‍പ്പെടുത്തി പരിശോധിച്ചിരുന്നു. ഇത് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കുന്നില്ലെന്നും നേരിട്ട് കണ്ട് അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുളളതുമാണ്. കണ്ണൂരിലെ മാലിന്യ പ്ലാന്റിനെ കുറിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവിടുത്തെ സമരസമിതിയോട് തിരുവനന്തപുരത്തെ പ്ലാന്റ് കാണാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടു. അത് പ്രകാരം അവര്‍ വരുകയും ബോധ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ കണ്ണൂരില്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.

ആവിക്കൽ പ്ലാന്റിന്റെ കാര്യത്തിൽ സർക്കാരിന് ഒരു പിടിവാശിയോ ദുർവാശിയോ ഇല്ല. ഈ പ്ലാന്റിന്റെ കാര്യത്തിൽ പത്ത് വർഷത്തേക്ക് ആണ് കരാർ നൽകിയത്. ഒരു പ്രശ്നവും പ്ലാന്റിൽ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

STORY HIGHLIGHTS: MV Govindan Master Alleged SDPI and Jamaat-e-Islami and Also MK Muneer Behind the Avikkal Strike

Next Story

Popular Stories