Top

'ഗവര്‍ണര്‍ നിയമപരമായി നടപടിയെടുത്താല്‍ മതി'; നിയമത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നുവെന്ന് എം വി ഗോവിന്ദന്‍

ഗവര്‍ണറും നിയമപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്ത് പോകുന്നതില്‍ കുഴപ്പമില്ലെന്ന് എം വി ഗോവിന്ദന്‍

3 Jan 2023 5:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണര്‍ നിയമപരമായി നടപടിയെടുത്താല്‍ മതി; നിയമത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നുവെന്ന് എം വി ഗോവിന്ദന്‍
X

കണ്ണൂര്‍: സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശന വിഷയത്തില്‍ ഗവര്‍ണര്‍ നിയമപരമായി തന്നെ നടപടി സ്വീകരിച്ചാല്‍ മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാവരും നിയമപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്ത് പോയാല്‍ ഒരു പ്രയാസവുമുണ്ടാകില്ല. നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നിലയിലേക്ക് കാര്യങ്ങള്‍ പോകുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്. അതുകൊണ്ട് ഗവര്‍ണറും നിയമപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്ത് പോകുന്നതില്‍ കുഴപ്പമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

നിയമത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ തന്നെ അലോസരപ്പെടുത്തുന്ന നിലപാടാണ് ഗവര്‍ണര്‍ കുറേകാലമായി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതിനെയാണ് ഞങ്ങള്‍ ശക്തമായി എതിര്‍ത്തത്. ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി ഇതിനെ പ്രതിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സജി ചെറിയാനെ ഇനി ഏത് കോടതിയാണ് കുറ്റവിമുക്തനാക്കാനുള്ളതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. ഭരണഘടനയെ വിമര്‍ശിക്കുന്നത് പോലും ഭരണഘടനാവിരുദ്ധമല്ലെന്ന് സുപ്രീംകോടതി പോലും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വിഷയത്തില്‍ നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ ഗവര്‍ണര്‍ ഇന്ന് മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടിയേക്കും. നാലിന് സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാല്‍ അത് ചോദ്യം ചെയ്യാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് നിയമോപദേശം. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് കൂടുതല്‍ വ്യക്തത തേടാമെന്നും നിയമോപദേശം ലഭിച്ചിരുന്നു.

Story Highlights: MV Govindan Criticizing Governor Arif Mohammad Khan

Next Story