Top

'തെക്കനെന്നും വടക്കനെന്നും വിഭജിക്കരുത്'; ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടതെന്ന് എം വി ഗോവിന്ദന്‍

മലയാളികളെ ഒന്നായാണ് കാണേണ്ടത്. ഏതെങ്കിലും ഒരു പ്രദേശത്തെ നോക്കിയല്ല ആളുകളെ വിലയിരുത്തേണ്ടതെന്നും എം വി ഗോവിന്ദന്‍

16 Oct 2022 12:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെക്കനെന്നും വടക്കനെന്നും വിഭജിക്കരുത്; ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടതെന്ന് എം വി ഗോവിന്ദന്‍
X

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മലയാളികളെ ഒന്നായാണ് കാണേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരു പ്രദേശത്തെ നോക്കിയല്ല ആളുകളെ വിലയിരുത്തേണ്ടതെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

'അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ആണ് നോക്കേണ്ടത്. മലയാളികളെ ഒന്നായി കാണണം. ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്. ജനതയെ ഐക്യത്തോടെ നയിക്കണം. അല്ലാതെ തെക്കനെന്നും വടക്കനെന്നും വിഭജിക്കരുത്. അങ്ങനെ കുറ്റപ്പെടുത്തുന്നത് ജനങ്ങള്‍ക്കിടയില്‍ വൈരുദ്ധ്യം ഉണ്ടാക്കും', എം വി ഗോവിന്ദന്‍ പറഞ്ഞു.

വടക്കും തെക്കും താരതമ്യം ചെയ്ത് സുധാകരന്‍ നടത്തിയ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് മന്ത്രി വി എന്‍ വാസവനും പ്രതികരിച്ചു. കേരളത്തിലെ ഒരു സ്ഥലവും മറ്റൊരിടത്തെക്കാള്‍ മെച്ചമാണ് അവിടുത്തെ ജനങ്ങള്‍ മികവുറ്റതാണ് മറ്റേത് മോശമാണ് എന്ന രീതിയില്‍ സംസാരിക്കുന്ന രാഷ്ട്രീയം ഏത് അര്‍ത്ഥത്തിലാണെങ്കിലും ബഹിഷ്‌കരിക്കപ്പെടേണ്ട രാഷ്ട്രീയമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം വിവാദമായ തെക്ക് വടക്ക് പരാമര്‍ശത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു. ഒരു നാടന്‍ കഥ പറയുക മാത്രമാണ് ചെയ്തതെന്നും, ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

Story highlights: MV Govindan criticized K Sudhakaran mocks on southern Kerala

Next Story