Top

'പൊട്ടില്ലാത്ത കയ്യിലാണ് പ്ലാസ്റ്ററിട്ടതെന്ന് വ്യക്തമായി'; ആധുനിക സമൂഹത്തിന് കളവ് കണ്ടുപിടിക്കാന്‍ സംവിധാനങ്ങളുണ്ടെന്ന് എംവി ഗോവിന്ദന്‍

സര്‍ക്കാര്‍ മതത്തിനോ വിശ്വാസത്തിനോ എതിരല്ല. നാടിന്റെ വികസനമാണ് ലക്ഷ്യമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

18 March 2023 7:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊട്ടില്ലാത്ത കയ്യിലാണ് പ്ലാസ്റ്ററിട്ടതെന്ന് വ്യക്തമായി; ആധുനിക സമൂഹത്തിന് കളവ് കണ്ടുപിടിക്കാന്‍ സംവിധാനങ്ങളുണ്ടെന്ന് എംവി ഗോവിന്ദന്‍
X

തിരുവനന്തപുരം: ജനകീയ പ്രതിരോധ ജാഥയില്‍ വലിയ ജനപങ്കാളിത്തം ലഭിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിന്റെ വികസന പ്രക്രിയയില്‍ കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവും എടുക്കുന്ന നിലപാടുകള്‍ തുറന്നു കാണിക്കാന്‍ ജാഥക്കായി എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ കെ രമ വിഷയത്തില്‍ നുണ പറയേണ്ട കാര്യമില്ലല്ലോയെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. പൊട്ടില്ലാത്ത കയ്യിലാണ് പ്ലാസ്റ്ററിട്ടതെന്ന് ഇപ്പോള്‍ വ്യക്തമായി. ആധുനിക സമൂഹത്തിന് കളവ് കണ്ടുപിടിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോ കോളജിലെ എസ്എഫ്‌ഐ സമരത്തിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. 'അധ്യാപകരെ പൂട്ടിയിട്ടുള്ള സമര രീതിയോട് യോജിപ്പില്ല. ജനാധിപത്യ രീതിയിലാണ് സമരം ചെയ്യേണ്ടത്. പക്ഷേ അധ്യാപകരെ പൂട്ടിയിട്ടോയെന്ന് എസ്എഫ്‌ഐയോട് ചോദിച്ചാലേ അറിയാന്‍ കഴിയൂ. പൂട്ടിയിട്ടുവെന്ന് നിങ്ങള്‍ മാധ്യമങ്ങളാണ് പറയുന്നത്' അദ്ദേഹം പറഞ്ഞു.

ജനശ്രദ്ധ തിരിച്ചുവിടുന്ന നീക്കമാണ് യുഡിഎഫ് നടത്തുന്നത്. എന്നാല്‍ എല്ലാ മേഖലകളിലുമുള്ള ആളുകള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വീടുകള്‍ വച്ചു നല്‍കി. കുടുംബശ്രീക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുമുണ്ട്. ഇവര്‍ തിരിച്ചും സര്‍ക്കാരിനോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിരോധ ജാഥയില്‍ വനിതകളുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണ്. സര്‍ക്കാരിന് എല്ലാ മത വിശ്വാസികളുടെയും പിന്തുണയുണ്ട്. സര്‍ക്കാര്‍ മതത്തിനോ വിശ്വാസത്തിനോ എതിരല്ല. നാടിന്റെ വികസനമാണ് ലക്ഷ്യമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം ബ്രഹ്മപുരം വിഷയത്തില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തിന് നിയമസഭ കൂടണം എന്നില്ലാത്ത നിലപാടാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. ഒരു കാര്യത്തിലും യോജിക്കാത്ത പ്രതിപക്ഷം ഓരോ ദിവസം കഴിയുമ്പോള്‍ വലിയ പദ പ്രയോഗങ്ങള്‍ നടത്തി വരികയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സുധാകരനും അങ്ങനെ തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ധന സെസ് വിഷയത്തിലും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. രണ്ട് രൂപ സെസുമായി കേരളം മുന്നോട്ടു പോകും. 106 രൂപയില്‍ എത്തിയപ്പോഴാണ് രണ്ടു രൂപ സെസ് ഉയര്‍ത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

STORY HIGHLIGHTS: MV Govindan against KK Rama MLA

Next Story