Top

'രാജാവിന്റെ അധികാരമുണ്ടെന്ന് കരുതുന്നത് അപമാനം'; ഗവര്‍ണറുടേത് ആര്‍എസ്എസിന് കുഴലൂത്ത് പണിയെന്ന് സിപിഐഎം

മാധ്യമങ്ങളെ ഗവര്‍ണര്‍ വിലക്കിയത് ഫാസിസമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

25 Oct 2022 2:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജാവിന്റെ അധികാരമുണ്ടെന്ന് കരുതുന്നത് അപമാനം; ഗവര്‍ണറുടേത് ആര്‍എസ്എസിന് കുഴലൂത്ത് പണിയെന്ന് സിപിഐഎം
X

തിരുവനന്തപുരം: ആര്‍എസ്എസിന് വേണ്ടി കുഴലൂത്ത് പണി നടത്തുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. നിലവിലെ നിയമമനുസരിച്ചാണ് ചാന്‍സിലറായി ഗവര്‍ണറെ നിയമിച്ചത്. നിയമം അസാധുവെങ്കില്‍ ചാന്‍സലറായ ഗവര്‍ണറും ഇല്ല. രാജാവിന്റെ അധികാരമുണ്ടെന്ന് ഗവര്‍ണര്‍ കരുതുന്നത് അപമാനകരമായ സാഹചര്യമാണ്. താന്‍ ചെയ്യുന്നത് ശരി, മറ്റേത് തെറ്റ് എന്ന ശൈലി ശരിയല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോവിന്ദന്‍ മാസ്റ്റര്‍.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ബോധപൂര്‍വം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. സര്‍വകലാശാലകളില്‍ ആര്‍എസ്എസുകാരെ നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിന് വേണ്ടി പ്രൊഫസര്‍മാരുടെ പട്ടികയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാര്‍വത്രിക വിദ്യാഭ്യാസം നേടിയ ഒരേ ഒരു സംസ്ഥാനമാണ് കേരളം. യുഡിഎഫ് ഭരണ കാലത്ത് പല സ്‌കൂളുകളും പൂട്ടാനുള്ള തീരുമാനമുണ്ടായി. കഴിഞ്ഞ അഞ്ചു വര്‍ഷം കിഫ്ബി സഹായത്തോടെ സര്‍ക്കാര്‍ സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ചു. പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി. പൊതുവിദ്യാഭ്യാസ മേഖല വലിയ രീതിയില്‍ മുന്നേറുകയാണ്. കേരളത്തെ വിജ്ഞാന സമൂഹമാക്കാനാണ് ലക്ഷ്യം. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പദ്ധതികളൊരുക്കിയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാണിച്ചു.

രണ്ടു ദിവസത്തെ പ്രതിഷേധ പരിപാടിയിലൂടെ അവസാനിക്കുന്നതല്ല ഗവര്‍ണര്‍ക്കെതിരേയുള്ള പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ ഉദ്ദേശം മനസിലാക്കിയാണ് പ്രതിഷേധം. ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് നവംബര്‍ 15ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തം. 15ന് തന്നെ ജില്ലാ കേന്ദ്രങ്ങളിലും മാര്‍ച്ച് നടത്തുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

മാധ്യമങ്ങളെ ഗവര്‍ണര്‍ വിലക്കിയത് ഫാസിസമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. താന്‍ പറയുന്നത് അക്ഷരം പ്രതി കേള്‍ക്കുന്നവരെ മാത്രം വാര്‍ത്താ സമ്മേളനത്തിന് ക്ഷണിച്ചു. രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്തതാണ് നടന്നത്. ജനങ്ങള്‍ ഇത് ഗൗരവത്തോടെ കാണണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

Next Story