Top

'ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയുടെ അധികാരമുണ്ടോ?'; വഴങ്ങില്ലെന്ന് വ്യക്തമാക്കി സിപിഐഎം

സംഘപരിവാര്‍ തീരുമാനം നടപ്പിലാക്കാന്‍ ഉദേശിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നത്.

23 Oct 2022 12:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയുടെ അധികാരമുണ്ടോ?; വഴങ്ങില്ലെന്ന് വ്യക്തമാക്കി സിപിഐഎം
X

ഒന്‍പത് വിസിമാര്‍ നാളെ രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഗവര്‍ണറുടെ നിര്‍ദേശത്തോട് കേരളം വഴങ്ങില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. സംഘപരിവാര്‍ തീരുമാനം നടപ്പിലാക്കാന്‍ ഉദേശിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നത്. ഇപ്പോഴത്തെ വിസിമാരെ രാജിവെപ്പിച്ച് ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും നിയമിക്കാനാണ് അദ്ദേഹത്തിന്റെ മനസിലിരിപ്പെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

''അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത് സംഘപരിവാര്‍ തീരുമാനം ഇവിടെ നടപ്പിലാക്കാന്‍ ഉദേശിച്ചുള്ള പ്രവര്‍ത്തനങ്ങളാണ്. ഇപ്പോഴത്തെ വിസിമാരെ രാജിവെപ്പിച്ച് ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും നിയമിക്കാനാണ് മനസിലിരിപ്പ്. പക്ഷെ അതൊന്നും കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. ജനാധിപത്യ വിശ്വാസികള്‍ ഇതിനെതിരെ നിലപാട് സ്വീകരിക്കണം. എതെങ്കിലും ഒരു വിധിയുണ്ടായാല്‍ അത് ബാധകമാക്കാന്‍ ഇദ്ദേഹത്തിനെന്താ സുപ്രീകോടതിയുടെ അധികാരമുണ്ടോ. അതിന് വഴങ്ങി കൊടുക്കില്ല. ഗവര്‍ണറുടെ നിര്‍ദേശത്തെ നിയമപരമായി നേരിടും.'' എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഗവര്‍ണറുടെ അധികാരം തോന്നിയത് പോലെ ഉപയോഗിക്കാനുള്ളതല്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ''ഗവര്‍ണര്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ടയാണ്. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. എന്താണ് ഇതിന്റെ പിന്നിലെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. കേരളത്തില്‍ ഒരിക്കലും അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് സംഘപരിവാരത്തിന് അറിയാം. അതുകൊണ്ട് ആര്‍എസ്എസ് ബന്ധമുള്ളവരെ സര്‍വകലാശാലയുടെ തലപ്പത്ത് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ജനാധിപത്യ വിദ്യാഭ്യാസ രീതിയെ തകര്‍ക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.''

ഒന്‍പത് സര്‍വകലാശാലകളിലെ വിസിമാരോടാണ് നാളെ തന്നെ രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടത്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കാലടി, മലയാളം, ഫിഷറീസ്, സാങ്കേതികം, കുസാറ്റ് വിസിമാരോടാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. നാളെ 11.30നുള്ളില്‍ രാജിവയ്ക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ ഈ നീക്കം. നിയമനം യുജിസി ചട്ട പ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരത്തെ സാങ്കേതിക സര്‍വകലാശാല വിസിയായി എം.എസ് രാജശ്രീയെ നിയമിച്ചത് കോടതി റദ്ദാക്കിയത്. ഈ വിധിയുടെ മറപിടിച്ചാണ് ഗവര്‍ണര്‍ വിസിമാരോട് കൂട്ടരാജി ആവശ്യപ്പെട്ടിരിക്കുന്നത്.



Next Story