'സുധാകരന്റേത് ഫ്യൂഡല്‍ ചട്ടമ്പിയുടെ ഭാഷ'; പ്രതിപക്ഷം സഭയില്‍ കാണിക്കുന്നത് കോപ്രായമെന്നും ഗോവിന്ദന്‍
'കേരളം ദത്തെടുത്തത് അംബാനിയേയൊ അദാനിയേയൊ അല്ല'
18 March 2023 3:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉപയോഗിച്ചത് ഫ്യൂഡല്‍ ചട്ടമ്പിയുടെ ഭാഷയാണെന്ന വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രതിപക്ഷം നിയമസഭയില്‍ കോപ്രായം കാണിക്കുകയാണ്. പിണറായിയെ പ്രതിപക്ഷം വ്യക്തിപരമായി ആക്രമിക്കുന്നുവെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. ജനകീയ പ്രതിരോധ ജാഥയുടെ സമാപനസമ്മേളനത്തിലാണ് എം വി ഗോവിന്ദന്റെ പ്രതികരണം.
മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരാതിരിക്കാൻ വേണ്ടിയാണ് യുഡിഎഫ് വികസന പ്രവർത്തനങ്ങളെയെല്ലാം തടയുന്നത്. ഇടത് സർക്കാരിനെതിരെ ചരിത്രത്തിലില്ലാത്ത കടന്നാക്രമണമാണ് കേന്ദ്ര ഏജൻസികളും വർഗീയ ശക്തികളും നടത്തുന്നത്. വലിയൊരു വിഭാഗം മാധ്യമങ്ങളും അവർക്കൊപ്പമുണ്ട്. പക്ഷെ ജനങ്ങൾ അത് തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേരളം ദത്തെടുത്തത് അംബാനിയേയൊ അദാനിയേയൊ അല്ല ദരിദ്ര കുടുംബങ്ങളെയാണ്. വീട്ടമ്മമാർക്കുളള പെൻഷൻ പദ്ധതി ഉടൻ നടപ്പാക്കും. സാമ്പത്തിക പ്രതിസന്ധി കാരണമാണ് പദ്ധതി നടപ്പിലാക്കാൻ സാധിക്കാതിരുന്നത്. പെന്‍ഷന്റെ പണമല്ല പ്രശ്‌നം, അംഗീകാരമാണ്. മൂന്നുവര്‍ഷം കൊണ്ട് അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ജാഥയ്ക്ക് എതിരായ വിമർശനങ്ങൾ മൈൻഡ് ചെയ്തിട്ടില്ല. ജനങ്ങൾക്ക് ഒപ്പം നിന്ന് മുന്നോട്ടു പോയി. ജനങ്ങളും മൈൻഡ് ചെയ്തിട്ടില്ല. മൈൻഡ് ചെയ്തിരുന്നെങ്കിൽ അവർ വരുമോ എന്നും എം വി ഗോവിന്ദൻ ചോദിച്ചു.
STORY HIGHLIGHTS: MV Govindan Against K Sudhakaran
- TAGS:
- MV Govindan
- K Sudhakaran
- CPIM