Top

'പിണറായി സര്‍ക്കാര്‍ വാക്ക് പാലിക്കാതെ വഞ്ചിച്ചു'; പൗരത്വ നിയമകേസുകളിലെ കോടതി പിഴയടക്കാന്‍ സഹായവുമായി യൂത്ത് ലീഗ്

സമരം ചെയ്ത സാംസ്‌കാരിക, മത, സാമൂഹിക രംഗത്തെ നിരവധി പേർ കേസുകളിൽ പ്രതിയാണ്

27 April 2022 4:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിണറായി സര്‍ക്കാര്‍ വാക്ക് പാലിക്കാതെ വഞ്ചിച്ചു; പൗരത്വ നിയമകേസുകളിലെ കോടതി പിഴയടക്കാന്‍ സഹായവുമായി യൂത്ത് ലീഗ്
X

കോഴിക്കോട്: പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കേസിൽ പ്രതിയായവർക്ക് കോടതിയിൽ പിഴയടക്കാൻ മുസ്‌ലിം യൂത്ത് ലീഗിന്റെ സാമ്പത്തിക സഹായം. ഏപ്രിൽ 30ന് 11 മണിക്ക് കോഴിക്കോട് ബാഫഖി യൂത്ത് സെന്ററിലാണ് പരിപാടിയിൽ സഹായം വിതരണം ചെയ്യും. മുസ്‌ലിം ലീഗ് നേതാവ് ഡോ. എം കെ മുനീർ പരിപാടി ഉദ്ഘാടനം ചെയ്യും. സമരം ചെയ്ത സാംസ്‌കാരിക, മത, സാമൂഹിക രംഗത്തെ നിരവധി പേർ കേസുകളിൽ പ്രതിയാണ്.

പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം പാലിക്കാതെ പിണറായി സർക്കാർ വഞ്ചിച്ചവർക്ക് നൽകുന്ന സാമ്പത്തിക സഹായം എന്നാണ് സംഘടന വ്യക്തമാക്കുന്നത്. പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട് 836 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സമരം ചെയ്ത വിവിധ മുസ്‌ലിം സംഘടനാ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരുമാണ് കേസുകളിൽ പ്രതികളാക്കപ്പെട്ടത്. പൗരത്വ നിയമത്തിനെതിരായ യൂത്ത് ലീഗ് സമരം ഉദ്ഘാടനം ചെയ്തതിനാണ് കോഴിക്കോട് ജില്ലാ മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി എം എ റസാഖ് മാസ്റ്റർക്കെതിരെ പൊലീസ് കേസെടുത്തത്.

സമരത്തിൽ പങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കുമെന്ന് നേരത്തെ പിണറായി സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പാണ്​ സർക്കാർ കേസുകൾ പിൻവലിക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നത്​. എന്നാൽ ഇത് പൂർണ്ണമായി നടന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ശബരിമല വിധി, പൗരത്വ നിയമം എന്നിവയുമായി ബന്ധപ്പെട്ട്​ സംസ്ഥാനത്ത്​ നടന്ന വിവിധ സംഭവങ്ങളിൽ ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ​ സർക്കാർ അനുമതി നൽകി ഉത്തരവിറക്കിയിരുന്നു.

Story highlights: Muslim Youth League will provide finances to CAA protesters for pay court fine

Next Story

Popular Stories