Top

'പള്ളികള്‍ തകര്‍ക്കും'; ആഹ്വാനത്തെ ന്യായീകരിച്ച് സുരേന്ദ്രന്‍, 'സ്വാഭാവികം'

''സിപിഐഎമ്മും കേരളത്തില്‍ ഉള്ള കാലത്തോളം സംഘികളുടെ ഒരു അജണ്ടയും നടപ്പാവില്ല, ഓര്‍ക്കുന്നത് നല്ലത്''

2 Dec 2021 11:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പള്ളികള്‍ തകര്‍ക്കും; ആഹ്വാനത്തെ ന്യായീകരിച്ച് സുരേന്ദ്രന്‍, സ്വാഭാവികം
X

തലശേരിയില്‍ മുസ്ലീം പള്ളികള്‍ തകര്‍ക്കുമെന്ന ബിജെപി പ്രവര്‍ത്തകരുടെ ആഹ്വാനത്തെ ന്യായീകരിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അത് വലിയ സംഭവമൊന്നുമല്ലെന്നും സ്വാഭാവിക പ്രതിഷേധമായി മുദ്രാവാക്യം വിളിയെ കണ്ടാല്‍ മതിയെന്നാണ് സുരേന്ദ്രന്റെ ന്യായീകരണം.

''അതൊന്നും വലിയ സംഭവമല്ല. രണ്ട് ബിജെപി പ്രവര്‍ത്തകരെ പോപ്പുലര്‍ഫ്രണ്ട് ക്രൂരമായി കൊലപ്പെടുത്തി. ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.'' അതിലുള്ള സ്വാഭാവിക പ്രതിഷേധമായി മുദ്രാവാക്യം വിളിയെ കണ്ടാല്‍ മതിയെന്നാണ് സുരേന്ദ്രന്റെ മറുപടി. പോപ്പുലര്‍ ഫ്രണ്ട് മുദ്രാവാക്യങ്ങള്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

അതേസമയം, വിദ്വേഷ മുദ്രാവാക്യം വിളിക്കെതിരെ കണ്ടാലറിയാവുന്ന 25ല്‍ അധികം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പള്ളികള്‍ തകര്‍ക്കുമെന്ന ആഹ്വാനത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും എസ്ഡിപിഐയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇന്നലെ തലശേരിയില്‍ കെ ടി ജയകൃഷ്ണന്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ വിദ്വേഷ മുദ്രാവാക്യം വിളി.

''അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളികളും കേള്‍ക്കില്ല...'' എന്നാണ് ബിജെപി സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രഞ്ജിത്ത്, കെപി സദാനന്ദന്‍, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തുടങ്ങിയ നേതാക്കളായിരുന്ന വിദ്വേഷമുദ്രാവാക്യം ഉയര്‍ന്നപ്പോള്‍ റാലിയുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരും സിപിഐഎമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ലെനാണ് വിഷയത്തില്‍ സിപിഐഎം നേതാവ് പി ജയരാജന്‍ പ്രതികരിച്ചത്. ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ സിപിഐഎമ്മിനും മതനിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് ഓര്‍ക്കണമെന്നും പി ജയരാജന്‍ പറഞ്ഞു.

പി ജയരാജന്റെ വാക്കുകള്‍: ''കഴിഞ്ഞ ദിവസം ബി.ജെ.പി തലശ്ശേരിയില്‍ നടത്തിയ പ്രകടനത്തില്‍ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികള്‍ ഉണ്ടാവില്ലെന്നും അത് തങ്ങള്‍ തകര്‍ക്കുമെന്നാണ് അവരുടെ ഭീഷണി.തലശ്ശേരിക്ക് ഒരു പ്രേത്യേക ചരിത്രമുണ്ടെന്ന് ബിജെപിക്കാര്‍ ഓര്‍ക്കണം. അത് ബിജെപി രൂപപ്പെടുന്നതിന് മുന്‍പുള്ളതാണ്.''

''അവരുടെ ആത്മീയ ആചര്യന്മാരായ ആര്‍എസ്സഎസ്സ് നടത്തിയ 1971ലെ തലശ്ശേരി വര്‍ഗീയ കലാപമായിരുന്നു അത്. അതിന്റെ ഭാഗമായി അന്ന് മുസ്ലിം പള്ളികള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും ആക്രമമുണ്ടായി. ചിലയിടത്ത് മുസ്ലിം വര്‍ഗീയ വാദികളും കടകള്‍ക്കും മറ്റും നേരെ തിരിച്ച് ആക്രമണം നടത്തി. അപ്പോഴാണ് സിപിഐഎം ന്റെ കരുത്ത് RSS കാര്‍ക്ക് ബോധ്യമായത്. മുസ്ലിം പള്ളികള്‍ വ്യാപകമായി തകര്‍ക്കാനുള്ള RSS പദ്ധതിക്ക് തടയിടാന്‍ സിപിഐഎം മുന്നോട്ടുവന്നു. ആത്മത്യാഗം ചെയ്തും മതസൗഹാര്‍ദ്ദം പുനര്‍സ്ഥാപിക്കാന്‍ പ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്ന ആഹ്വാനം ഉള്‍ക്കൊണ്ടായിരുന്നു ആ പ്രവര്‍ത്തനം.''

''LDF സര്‍ക്കാരും സിപിഐഎമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല. അത് ബിജെപിക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. കേരളത്തില്‍ RSS ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ സിപിഐഎമ്മിനും മത നിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് അവര്‍ ഓര്‍ക്കണം. പള്ളികള്‍ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ദുരുപയോഗം ചെയ്യാനുള്ള ലീഗ് ശ്രമമാണ് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമുണ്ടാക്കി കൊടുത്തത്. ഏതായാലും കേരളത്തിലെമ്പാടുമുള്ള മതനിരപേക്ഷ വാദികള്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട സന്ദര്‍ഭമാണിത്.''


Next Story

Popular Stories