Top

'പാര്‍ട്ടി യോഗത്തിനിടെ വേശ്യയെന്ന് വിളിച്ചു, അശ്ലീല ആംഗ്യം കാണിച്ചു' ; ലീഗ് നേതാവിനെതിരെ വനിതാ പ്രവര്‍ത്തകയുടെ പരാതി

അടിസ്ഥാനരഹിതമായ ആരോപണമാണ് തനിക്കെതിരെ യുവതി ഉയര്‍ത്തിയതെന്നാണ് കുഞ്ഞിമരക്കാരുടെ മറുപടി.

17 March 2022 10:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ട്ടി യോഗത്തിനിടെ വേശ്യയെന്ന് വിളിച്ചു, അശ്ലീല ആംഗ്യം കാണിച്ചു ; ലീഗ് നേതാവിനെതിരെ വനിതാ പ്രവര്‍ത്തകയുടെ പരാതി
X

മലപ്പുറം: മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ പരാതിയുമായി വനിതാ ലീഗ് പ്രവര്‍ത്തക. മലപ്പുറം തിരൂരങ്ങാടി ജനറല്‍ സെക്രട്ടറി കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍ക്കെതിരെയാണ് ലീഗ് പ്രവര്‍ത്തകയുടെ പരാതി.

കഴിഞ്ഞ ഡിസംബര്‍ ഒന്നാം തീയതി ലീഗ് കുണ്ടൂര്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് കുഞ്ഞിമരക്കാര്‍ അപമാനിച്ചെന്നാണ് യുവതിയുടെ പരാതി. യോഗത്തില്‍ വച്ച് കുഞ്ഞിമരക്കാര്‍ പരസ്യമായി തന്നെ വേശ്യയെന്ന് വിളിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്‌തെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

സംഭവ ശേഷം കുഞ്ഞിമരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് നേതൃത്വത്തിന് യുവതി പരാതി നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി പരിഗണിക്കാത്തത് കൊണ്ടാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് യുവതി പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ലീഗ് നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും സംഭവത്തില്‍ നടപടി വേണമെന്നും യുവതി ആവശ്യപ്പെട്ടു.


അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണം നിഷേധിച്ച് കുഞ്ഞിമരക്കാര്‍ രംഗത്തെത്തി. അടിസ്ഥാനരഹിതമായ ആരോപണമാണ് തനിക്കെതിരെ യുവതി ഉയര്‍ത്തിയതെന്നാണ് കുഞ്ഞിമരക്കാരുടെ മറുപടി.

Next Story