Top

കെ സുധാകരന്റെ ലീഗ് വിരുദ്ധ പ്രസ്താവന; യുഡിഎഫ് യോഗത്തില്‍ ലീഗ് ഉന്നയിക്കും

നേരത്തെ ലീഗിന് ലഭിച്ചിരുന്ന പരിഗണന സുധാകരന്‍ കെപിസിസി പ്രസിഡന്റായത് മുതല്‍ ലഭിക്കുന്നില്ലെന്ന പരാതി ഒരു വിഭാഗത്തിനുണ്ട്

18 Oct 2022 1:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ സുധാകരന്റെ ലീഗ് വിരുദ്ധ പ്രസ്താവന; യുഡിഎഫ് യോഗത്തില്‍ ലീഗ് ഉന്നയിക്കും
X

മലപ്പുറം: മുസ്ലീം ലീഗ് മുന്നണി വിട്ടാലും ഒന്നും സംഭവിക്കില്ലെന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന യുഡിഎഫ് യോഗത്തില്‍ ലീഗ് ഉന്നയിക്കും. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ കുഞ്ഞാലിക്കുട്ടി തന്നെ വിഷയം അവതരിപ്പിക്കാനാണ് സാധ്യത. സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും വിഷയത്തില്‍ ലീഗ് നേതൃത്വം പരസ്യമായി പ്രതികരിച്ചിട്ടില്ല.

യുഡിഎഫ് വിട്ട് ഇടതുപക്ഷത്തിനൊപ്പം ചേരണമെന്ന് കരുതുന്ന ഒരു വിഭാഗം ലീഗിനകത്തുണ്ട്. കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ അണികള്‍ കൊഴിയുമെന്ന ആശങ്കയുമുണ്ട്. നേരത്തെ ലീഗിന് ലഭിച്ചിരുന്ന പരിഗണന സുധാകരന്‍ കെപിസിസി പ്രസിഡന്റായത് മുതല്‍ ലഭിക്കുന്നില്ലെന്ന പരാതി ഒരു വിഭാഗത്തിനുണ്ട്. യോഗത്തില്‍ പി എം എ സലാം, കെ പി എ മജീദ്, എം കെ മുനീര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുക്കും.

മുസ്ലീം ലീഗ് മുന്നണി വിട്ടാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന. ലീഗ് യുഡിഎഫിന്റെ ഒരു പ്രധാന ഘടകമാണ്. എന്നാല്‍ മുസ്ലീം ലീഗ് ഇല്ലാതെ കോണ്‍ഗ്രസോ യുഡിഎഫോ ഇല്ലെന്ന് അതിനര്‍ത്ഥമില്ല. തങ്ങളോടൊപ്പം ചേരാന്‍ താല്‍പര്യമുള്ള മറ്റ് പാര്‍ട്ടികള്‍ ഉണ്ട്. പി കെ കുഞ്ഞാലിക്കുട്ടിയുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസിന്റെ വാള്‍ തൂങ്ങികിടയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ മൗനത്തിന് കാരണമെന്നുമായിരുന്നു കെ സുധാകരന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ ഇത് നിഷേധിച്ച് സുധാകരന്‍ രംഗത്തുവന്നിരുന്നു. മുസ്ലീംലീഗിനും പി കെ കുഞ്ഞാലിക്കുട്ടിക്കും എതിരായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണ്. മുസ്ലീംലീഗ് മുന്നണി വിടുമോയെന്ന ചോദ്യത്തിന് ഒരിക്കലും അതുണ്ടാകില്ല എന്ന മറുപടിയാണ് താന്‍ നല്‍കിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Story highlights: Muslim League will ask explanation on UDF meeting for K Sudhakaran's comment

Next Story