'വഹാബിന്റെ പരാമർശത്തോട് യോജിപ്പില്ല'; വിശദീകരണം തേടുമെന്ന് സാദിഖ് അലി തങ്ങള്‍
21 Dec 2022 11:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: ബിജെപി മന്ത്രിമാരെ പ്രശംസിച്ച രാജ്യസഭാ എംപി പി വി അബ്ദുൽ വഹാബിനെ തള്ളി മുസ്ലിം ലീഗ്. വഹാബിന്റെ പരാമർശത്തോട് യോജിപ്പിപ്പില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമർശമുണ്ടായതെന്നതിൽ എംപിയോട് വിശദീകരണം തേടുമെന്നും സാദിഖ് അലി തങ്ങള്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കേന്ദ്ര മന്ത്രിമാരായ വി മുരളീധരനേയും രാജീവ് ചന്ദ്രശേഖറിനേയുമാണ് രാജ്യസഭയിൽ ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കിടെ പി വി അബ്ദുൽ വഹാബ് എംപി പ്രശംസിച്ചത്. വി മുരളീധരനെതിരെ ജോൺ ബ്രിട്ടാസ് രൂക്ഷ വിമർശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു വഹാബിന്റെ പ്രശംസ.
വി മുരളീധരൻ ഡൽഹിയിൽ കേരളത്തിന്റെ അംബാസഡറാണെന്നായിരുന്നു വഹാബിന്റെ പരാമർശം. താങ്കൾ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിന്റെ സ്ഥാനം ശൂന്യമാകുമായിരുന്നുവെന്ന് മന്ത്രി മുരളീധരനെ നോക്കി വഹാബ് പറഞ്ഞു. സ്വന്തം പാർട്ടിയുടെ മാത്രമല്ല കേരളത്തിന്റെ കാര്യവും മന്ത്രി ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ കേരളത്തിൽ വരുമ്പോൾ കേരള സർക്കാറിനെ കുറിച്ച് ആവശ്യമില്ലാത്ത ചില പരാമർശങ്ങൾ അദ്ദേഹം നടത്താറുണ്ടെന്നും വഹാബ് കൂട്ടിച്ചേർത്തു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വൈദഗ്ധ്യ വികസനത്തിന്റെ കാര്യത്തിൽ ചെയ്യുന്നത് പ്രശംസനീയമാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നുവെന്നും പി വി അബ്ദുൽ വഹാബ് രാജ്യസഭയിൽ പറഞ്ഞിരുന്നു.
നോട്ടുനിരോധനത്തിലൂടെ നാല് ലക്ഷം കോടി രൂപയെങ്കിലും ലാഭമുണ്ടായില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്നാണ് വി മുരളീധരൻ പറഞ്ഞിരുന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ പറഞ്ഞിരുന്നു. അവരെല്ലാം ഇന്ന് ഉന്നത പദവികളിലിരിക്കുന്നുവെന്നും എംപി ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്നുളള ഒരു എംപി സംസാരിക്കുമ്പോൾ അത് കേൾക്കുകയെങ്കിലും ചെയ്യണം. കേരളത്തിൽ ഇടങ്കോലിടുക മാത്രമാണ് വി മുരളീധരന്റെ അജണ്ടയെന്നും ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തിയിരുന്നു.
STORY HIGHLIGHTS: muslim league says Disagreement with Wahab's statement