Top

'സിപിഐഎമ്മുമായി ലീഗിന് രഹസ്യധാരണയുണ്ടെന്നത് അടിസ്ഥാനരഹിതമായ ആരോപണം'; സഭയില്‍ കോണ്‍ഗ്രസില്‍ നിന്ന് അത്തരം സമീപനമല്ല പ്രതീക്ഷിക്കുന്നതെന്ന് അബ്ദുള്‍ വഹാബ്

സംസ്ഥാനത്ത് ലീഗും സിപിഐഎമ്മും തമ്മില്‍ അടുക്കുന്നു എന്നതിന്റെ സൂചനയാണ് വഹാബിന്റെ വാക്കുകള്‍ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു.

12 Dec 2022 6:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎമ്മുമായി ലീഗിന് രഹസ്യധാരണയുണ്ടെന്നത് അടിസ്ഥാനരഹിതമായ ആരോപണം; സഭയില്‍ കോണ്‍ഗ്രസില്‍ നിന്ന് അത്തരം സമീപനമല്ല പ്രതീക്ഷിക്കുന്നതെന്ന് അബ്ദുള്‍ വഹാബ്
X

മലപ്പുറം: ഏക സിവില്‍ കോഡ് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് എംപിമാര്‍ ഹാജരായിരുന്നില്ലെന്ന് മുസ്‌ലിം ലീഗ് രാജ്യസഭ എംപി പിവി അബ്ദുള്‍ വഹാബ് ആരോപിച്ചത് സംസ്ഥാനത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. സംസ്ഥാനത്ത് ലീഗും സിപിഐഎമ്മും തമ്മില്‍ അടുക്കുന്നു എന്നതിന്റെ സൂചനയാണ് വഹാബിന്റെ വാക്കുകള്‍ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ ലീഗും സിപിഐഎമ്മും തമ്മില്‍ ഒരു രഹസ്യധാരണയുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വഹാബ്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ഏക സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് സ്വകാര്യ ബില്‍ വന്നപ്പോള്‍ ഞാന്‍ സംസാരിക്കുമ്പോഴാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടത്. സ്വകാര്യ ബില്‍ ആണെങ്കില്‍ കൂടി കോണ്‍ഗ്രസ് അംഗങ്ങള്‍ നിര്‍ബന്ധമായും ഉണ്ടാവണമായിരുന്നു. സഭാ നേതൃത്വത്തിന്റെ വീഴ്ചയായിരുന്നു അത്. കോണ്‍ഗ്രസ് അംഗങ്ങളുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഞാന്‍ കുറച്ച് വിഷമത്തിലായി. ഞാന്‍ എന്റെ വിമര്‍ശനം ഉന്നയിച്ചതിന് ശേഷം ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംപിമാര്‍ സഭയിലെത്തുകയും ബില്ലിനെതിരെ സംസാരിക്കുകയും ചെയ്തു', വഹാബ് പറഞ്ഞു.

ഇടത് എംപിമാരാണ് ബിജെപി നയങ്ങള്‍ക്കെതിരെ സഭയില്‍ കൂടുതല്‍ പ്രസംഗിക്കുന്നത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഇടതിനാണ് കോണ്‍ഗ്രസിനേക്കാള്‍ അംഗങ്ങള്‍ കൂടുതല്‍. അതിന്റെ ഒരു മേല്‍ക്കെ അവര്‍ക്ക് രാജ്യസഭയിലുണ്ടാവും.

സിപിഐഎമ്മുമായി ലീഗിന് രഹസ്യധാരണയുണ്ടെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. ലീഗ് എല്‍ഡിഎഫിന്റെ ഭാഗമല്ല. യുഡിഎഫ് വിടാന്‍ നിര്‍ബന്ധിതമാക്കാനുള്ള ഒരു അന്തരീക്ഷവുമില്ല. നിയമസഭയില്‍ എല്‍ഡിഎഫിന് കൃത്യമായ ഭൂരിപക്ഷമുണ്ട്. അത്തരം പ്രസ്താവനകള്‍ കൊണ്ട് യുഡിഎഫില്‍ വിള്ളല്‍ ഉണ്ടാക്കാനാണ് സിപിഐഎം ശ്രമം. യുഡിഎഫ് ശക്തമാണ്. പല വിഷയങ്ങളിലും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്.

യുഡിഎഫിന്റെ നല്ലതിന് വേണ്ടിയാണ് എപ്പോഴും പ്രവര്‍ത്തിക്കുന്നത്. പല കാരണങ്ങളാല്‍ ഏക സിവില്‍ കോഡിനെതിരായ ചര്‍ച്ചകളില്‍ നിന്ന് എംപിമാര്‍ വിട്ടു നിന്നു. അത്തരം ഒരു സമീപനമല്ല കോണ്‍ഗ്രസില്‍ നിന്ന് ലീഗ് പ്രതീക്ഷിക്കുന്നത്.

ഞാന്‍ സിപിഐഎം, ബിജെപി ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളിലെയും അംഗങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തുന്നയാളാണ്. അതിനര്‍ത്ഥം ഞാന്‍ സിപിഐഎമ്മിനെയോ ബിജെപിയെയോ പിന്തുണക്കുന്നുവെന്നല്ല', വഹാബ് കൂട്ടിച്ചേര്‍ത്തു.

Story Highlights: Muslim League rs mp pv abdul wahab says No secret pact between IUML and CPM

Next Story