Top

'ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന, വെറുതെ വിടില്ല'; സുധാകരന്റെ പരാമര്‍ശം സ്‌നേഹം കൊണ്ടായിരിക്കാമെന്നും ലീഗ്

''ഗൂഢാലോചന യുഡിഎഫിന് അകത്തോ പുറത്തോ എന്ന് അന്വേഷത്തിലൂടെ പുറത്തു വരേണ്ടതാണ്. ''

28 Dec 2022 9:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന, വെറുതെ വിടില്ല; സുധാകരന്റെ പരാമര്‍ശം സ്‌നേഹം കൊണ്ടായിരിക്കാമെന്നും ലീഗ്
X

കോഴിക്കോട്: ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ അഭിഭാഷകന്റെ ആരോപണം പച്ചക്കള്ളമെന്ന് പിഎംഎ സലാം. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. വിഷയത്തില്‍ നിയമനടപടികളുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് പിഎംഎ സലാം പറഞ്ഞു. ആരോപണം ഗൗരവമുള്ളതെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന ആശയക്കുഴപ്പത്തിനിടയാക്കി. ആരോപണം ഗൗരവമുള്ളതെന്ന ലീഗിന്റെ അതേ നിലപാടാവും സുധാകരനെന്നും പിഎംഎ സലാം പറഞ്ഞു.

പിഎംഎ സലാം പറഞ്ഞത്: ''വ്യാജ ആരോപണങ്ങളാണ് അഭിഭാഷകന്‍ നടത്തിയത്. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. എന്തുകൊണ്ട് 12 വര്‍ഷം അദ്ദേഹമിത് പറയാതെ ഇരുന്നു. ആരോപണത്തിന് പിന്നില്‍ മുസ്ലീംലീഗിനെയും നേതാക്കളെയും താറടിക്കാനുള്ള ശ്രമം തന്നെയാണ്. ഇതിനെ വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ല. നിയമനടപടികളുമായി ശക്തമായി മുന്നോട്ട് പോകും. ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പരാതി കൊടുത്ത് കഴിഞ്ഞു. ആരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും എവിടെ നിന്നാണ് അത് ആരംഭിച്ചതെന്നും പുറത്തുകൊണ്ടുവരുന്നത് വരെ ലീഗിന് വിശ്രമമുണ്ടാകില്ല. ഗൂഢാലോചനക്ക് പിന്നില്‍ ആരെന്ന് വെളിച്ചത്ത് കൊണ്ടുവരും. ഗൂഢാലോചന യുഡിഎഫിന് അകത്തോ പുറത്തോ എന്ന് അന്വേഷത്തിലൂടെ പുറത്തു വരേണ്ടതാണ്. വിഷയം യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് കരുതുന്നില്ല.''

''കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത് ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നാണ്. അത് അന്വേഷിക്കണമെന്ന് സുധാകരന്‍ പറഞ്ഞതായി അറിവില്ല. ആരോപണം ഗൗരവമുള്ളതെന്നാണ് സുധാകരന്‍ പറഞ്ഞത്. ലീഗ് നേതാക്കളോടുള്ള സ്‌നേഹബഹുമാനം കൊണ്ടായിരിക്കാം അങ്ങനെ പറഞ്ഞത്. പ്രസ്താവന ആശയക്കുഴപ്പത്തിനിടയാക്കി. ആരോപണം ഗൗരവമുള്ളതെന്ന ലീഗിന്റെ അതേ നിലപാടാവും സുധാകരനും. മറ്റന്നാളത്തെ യുഡിഎഫ് യോഗത്തില്‍ വിഷയം സംസാരിക്കാം. എന്ത് ഉദേശത്തിലാണ് കെപിസിസി അധ്യക്ഷന്‍ അത് പറഞ്ഞതെന്ന് അന്വേഷിക്കും. അതോടെ മാധ്യമങ്ങളുടെ സംശയങ്ങളെല്ലാം തീരും.''-പിഎംഎ സലാം പറഞ്ഞു.


Next Story