Top

തെറ്റ് പറ്റിയെന്ന് വഹാബ് ഏറ്റുപറഞ്ഞതായി മുസ്ലീം ലീഗ്; 'ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കി'

കേന്ദ്ര മന്ത്രിമാരായ വി മുരളീധരനേയും രാജീവ് ചന്ദ്രശേഖറിനേയുമാണ് രാജ്യസഭയില്‍ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ പി വി അബ്ദുല്‍ വഹാബ് എംപി പ്രശംസിച്ചത്.

22 Dec 2022 7:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെറ്റ് പറ്റിയെന്ന് വഹാബ് ഏറ്റുപറഞ്ഞതായി മുസ്ലീം ലീഗ്; ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കി
X

കോഴിക്കോട്: കേന്ദ്രമന്ത്രിമാരെ പ്രശംസിച്ചതില്‍ പിവി അബ്ദുള്‍ വഹാബ് എംപി തെറ്റ് പറ്റിയെന്ന് ഏറ്റുപറഞ്ഞതായി മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ആവര്‍ത്തിക്കില്ലെന്ന് വഹാബ് ഉറപ്പ് നല്‍കി. വഹാബിന്റേത് ലീഗിന്റെ അഭിപ്രായമല്ലെന്നും പിഎംഎ സലാം പറഞ്ഞു.

'സംഭവിച്ചതിനെക്കുറിച്ച് വളരെ വ്യക്തമായി അദ്ദേഹത്തിന്റെ ഭാഗം പറഞ്ഞു. ന്യായീകരിക്കുകയല്ല ചെയ്തത്. പറഞ്ഞതില്‍ വഹാബ് ഖേദിക്കുന്നുണ്ട്. ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. വഹാബ് അദ്ദേഹത്തിന്റെ ഭാഗം മാധ്യമങ്ങളോട് അറിയിക്കാം എന്നാണ് പറഞ്ഞത്', പിഎംഎ സലാം പറഞ്ഞു. വഹാബിന്റേത് നാക്ക് പിഴയാണോയെന്ന ചോദ്യത്തിന് 'നാക്ക് പിഴയെന്ന വാക്ക് ഞങ്ങള്‍ ഉപയോഗിക്കാറില്ല. നാക്ക് പിഴ സംഭവിക്കാറില്ല', എന്നായിരുന്നു ജനറല്‍ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞത്.

കേന്ദ്ര മന്ത്രിമാരായ വി മുരളീധരനേയും രാജീവ് ചന്ദ്രശേഖറിനേയുമാണ് രാജ്യസഭയില്‍ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ പി വി അബ്ദുല്‍ വഹാബ് എംപി പ്രശംസിച്ചത്. വി മുരളീധരനെതിരെ ജോണ്‍ ബ്രിട്ടാസ് രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു വഹാബിന്റെ പ്രശംസ. വി മുരളീധരന്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ അംബാസഡറാണെന്നായിരുന്നു വഹാബിന്റെ പരാമര്‍ശം. താങ്കള്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ സ്ഥാനം ശൂന്യമാകുമായിരുന്നുവെന്ന് മന്ത്രി മുരളീധരനെ നോക്കി വഹാബ് പറഞ്ഞു. സ്വന്തം പാര്‍ട്ടിയുടെ മാത്രമല്ല കേരളത്തിന്റെ കാര്യവും മന്ത്രി ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ കേരളത്തില്‍ വരുമ്പോള്‍ കേരള സര്‍ക്കാറിനെ കുറിച്ച് ആവശ്യമില്ലാത്ത ചില പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്താറുണ്ടെന്നും വഹാബ് കൂട്ടിച്ചേര്‍ത്തു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വൈദഗ്ധ്യ വികസനത്തിന്റെ കാര്യത്തില്‍ ചെയ്യുന്നത് പ്രശംസനീയമാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പി വി അബ്ദുല്‍ വഹാബ് രാജ്യസഭയില്‍ പറഞ്ഞിരുന്നു.

നോട്ടുനിരോധനത്തിലൂടെ നാല് ലക്ഷം കോടി രൂപയെങ്കിലും ലാഭമുണ്ടായില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്നാണ് വി മുരളീധരന്‍ പറഞ്ഞിരുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ പറഞ്ഞിരുന്നു. അവരെല്ലാം ഇന്ന് ഉന്നത പദവികളിലിരിക്കുന്നുവെന്നും എംപി ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്നുളള ഒരു എംപി സംസാരിക്കുമ്പോള്‍ അത് കേള്‍ക്കുകയെങ്കിലും ചെയ്യണം. കേരളത്തില്‍ ഇടങ്കോലിടുക മാത്രമാണ് വി മുരളീധരന്റെ അജണ്ടയെന്നും ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തിയിരുന്നു.

വഹാബിന്റെ പരാമര്‍ശത്തോട് യോജിപ്പിപ്പില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ കഴിഞ്ഞദിവസം തന്നെ അറിയിച്ചിരുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശമുണ്ടായതെന്നതില്‍ എംപിയോട് വിശദീകരണം തേടുമെന്നും സാദിഖ് അലി തങ്ങള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു.

Story Highlights: Muslim league pma salam over abdul wahab praise

Next Story