Top

'കമ്മ്യൂണിസത്തിലേക്ക് ഒരാള്‍ പോയാല്‍ ഇസ്ലാമില്‍ നിന്നും അകന്നു'; മതം തന്നെയാണ് പ്രശ്‌നമെന്ന് ആവര്‍ത്തിച്ച് ലീഗ്; വിവാദം

നമ്മുടെ കുടുംബത്തിലെ പുതിയ തലമുറ അവര്‍ ഇസ്ലാമില്‍ അധിഷ്ഠിതമായ ജീവിതം നയിക്കണം

5 Jan 2022 1:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കമ്മ്യൂണിസത്തിലേക്ക് ഒരാള്‍ പോയാല്‍ ഇസ്ലാമില്‍ നിന്നും അകന്നു; മതം തന്നെയാണ് പ്രശ്‌നമെന്ന് ആവര്‍ത്തിച്ച് ലീഗ്; വിവാദം
X

മതം തന്നെയാണ് പ്രശ്‌നമെന്ന് ആവര്‍ത്തിച്ച് മുസ്ലീം ലീഗ്. പടന്ന പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ സംഘടിപ്പിച്ച മുസ്ലീം ലീഗ് കുടുംബ സംഗമത്തിലാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശം. കമ്മ്യൂണിസത്തിലേക്ക് ഒരാള്‍ പോയാല്‍ അവര്‍ ഇസ്ലാമില്‍ നിന്ന് അകലുകയാണെന്ന് പിഎംഎ സലാം വേദിയില്‍ പറഞ്ഞു. കണ്ണൂര്‍ തളിപറമ്പില്‍ മുസ്ലീം യുവതിയുടെ മിശ്രവിവാഹത്തെ പരാമര്‍ശിച്ചുകൊണ്ടാണ് പ്രസംഗം.

മതാചാരപ്രകാരമല്ലാതെ വിവാഹം കഴിക്കുന്നവര്‍ മുസ്ലീം ലീഗില്‍ നിന്നോ മുസ്ലീം ലീഗ് ഓഫീസില്‍ നിന്നോ അല്ല പുറത്ത് പോകുന്നത്, മറിച്ച് ഇസ്ലാമില്‍ നിന്നാണെന്നും നമ്മുടെ കുടുംബത്തിലെ പുതിയ തലമുറ ഇസ്ലാമില്‍ അധിഷ്ഠിതമായ ജീവിതം നയിക്കണം എന്നും പിഎംഎ സലാം പ്രസംഗിച്ചു. കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റേയും വീണയുടേയും മിശ്രവിവാഹം വിവാഹം 'വ്യഭിചാരമാണെന്ന' വിവാദപരമായ പ്രസ്താവനക്ക് പിന്നാലെയാണ് ഈ പ്രസംഗം. അന്ന് വിവാദ പ്രസ്താവന നടത്തി ലീഗ് സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി ഖേദ് പ്രകടിപ്പിക്കുകയും പിന്നീട് അദ്ദേഹത്തിനെതിരെ കേസെടുക്കുകയുമുണ്ടായി.

പ്രസക്തഭാഗങ്ങള്‍-

കമ്മ്യൂണിസത്തിലേക്ക് ഒരാള്‍ പോവുകയെന്നതെന്നാല്‍ ഇസ്ലാമില്‍ നിന്നും അകലുകയെന്നാണ് അര്‍ത്ഥം. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ തളിപറമ്പില്‍ സഹലയെന്ന് പറയുന്ന പെണ്‍കുട്ടി പോറ്റി വളര്‍ത്തിയ കുടുംബത്തെ വിട്ട് പ്രഭാത് എന്ന് പറയുന്ന ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ മകന്റെ ഇറങ്ങി പോയി. കല്യാണം കഴിച്ചു. ആ കുട്ടി മുസ്ലീം ലീഗില്‍ നിന്നോ ലീഗ് ഓഫീസില്‍ നിന്നോ അല്ല പോയത്, ഇസ്ലാമില്‍ നിന്നാണ്. കല്ല്യാണം കഴിച്ചു.

സിനിമ അപൂര്‍വ്വമായെങ്കിലും കാണുന്ന സ്ത്രീകളുണ്ടാവും. സന്ദേശം എന്നൊരു സിനിമയുണ്ട്. അതില്‍ പറയുന്നത് പോലെ ഒരു രക്തഹാരം അങ്ങോട്ടും ഒരു രക്തഹാരം ഇങ്ങോട്ടും ഇട്ടു. കല്ല്യാണം കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പറാണ് പ്രഭാതിന്റെ അമ്മ. ആ സാഹചര്യമാണ് ഷാജി പറഞ്ഞത്.

മുസ്ലീം ലീഗില്‍ നിന്നല്ല പോയത്, ഇസ്ലാമില്‍ നിന്നാണ്. അത്തരമൊരു സാഹചര്യം ഉണ്ടാവരുത്. നമ്മുടെ കുടുംബത്തിലെ പുതിയ തലമുറ അവര്‍ ഇസ്ലാമില്‍ അധിഷ്ഠിതമായ ജീവിതം നയിക്കണം. അവര്‍ക്ക് അതിനുള്ള ബോധം ഉണ്ടാവണം. താല്‍ക്കാലികമായ വൈകാരിക ഇടപാട് തൊട്ട് ബാക്കി മുഴുവന്‍ ഉപേക്ഷിക്കാന്‍ പറ്റും എന്ന തോന്നല്‍ ഉണ്ടാവരുത്. അതിനാണ് നമ്മുടെ കൂട്ടായ്മ.'കമ്മ്യൂണിസത്തിലേക്ക് ഒരാള്‍ പോയാല്‍ ഇസ്ലാമില്‍ നിന്നും അകന്നു'; മതം തന്നെയാണ് പ്രശ്‌നമെന്ന് ആവര്‍ത്തിച്ച് ലീഗ്; വിവാദം

Next Story