Top

'നന്നായി കളിക്കുന്നവരെയാണ് ഇഷ്ടപ്പെടുന്നത്, മതവും ജാതിയും നോക്കാറില്ല'; സമസ്ത നിലപാടിനെതിരെ ലീഗും

ഫുട്‌ബോള്‍ ഒരു കായിക ഇനമാണ്. അതിന്റെ ആവേശത്തെ പെട്ടെന്ന് അണച്ച് കളയാന്‍ സാധിക്കില്ലെന്നും മുനീര്‍.

26 Nov 2022 9:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നന്നായി കളിക്കുന്നവരെയാണ് ഇഷ്ടപ്പെടുന്നത്, മതവും ജാതിയും നോക്കാറില്ല; സമസ്ത നിലപാടിനെതിരെ ലീഗും
X

കോഴിക്കോട്: ഫുട്‌ബോള്‍ താരാരാധന ഇസ്ലാമിക വിരുദ്ധമാണെന്ന സമസ്ത നിലപാടിനെതിരെ മുസ്ലീംലീഗ് നേതാക്കളായ പിഎംഎ സലാമും എംകെ മുനീറും രംഗത്ത്. എന്തുകൊണ്ട് സമസ്ത നേതാക്കളുടെ ഭാഗത്ത് നിന്ന് അത്തരമൊരു പരാമര്‍ശം വന്നെന്ന് അറിയില്ലെന്ന് എംകെ മുനീര്‍ പറഞ്ഞു. നന്നായി കളിക്കുന്നവരെയാണ് ഇഷ്ടപ്പെടുന്നത്. മതവും ജാതിയും രാഷ്ട്രീയവും നോക്കാറില്ല. ഫുട്‌ബോള്‍ ഒരു കായിക ഇനമാണ്. അതിന്റെ ആവേശത്തെ പെട്ടെന്ന് അണച്ച് കളയാന്‍ സാധിക്കില്ലെന്നും മുനീര്‍ പറഞ്ഞു.

സമസ്തയുടെ നിലപാട് അവരുടേത് മാത്രമാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ലീഗിന് ഫുട്‌ബോള്‍ താരാരാധന ഇസ്ലാമിക വിരുദ്ധമാണെന്ന അഭിപ്രായമില്ല. വിഷയത്തില്‍ മുസ്ലീംലീഗിലുള്ള പലര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമെന്നും സലാം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പ് ആവേശത്തിനെതിരെ സമസ്ത ഇകെ വിഭാഗം രംഗത്തുവന്നതിന് പിന്നാലെ എപി വിഭാഗവും രംഗത്തെത്തിയിരുന്നു. ഫുട്‌ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് സമസ്ത എപി വിഭാഗം പ്രതികരിച്ചു. ഇതിനെതിരെ മതനേതൃത്വം മുന്നോട്ടു വരണമെന്ന് എസ്‌വൈഎസ് നേതാവ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി ആവശ്യപ്പെട്ടു.

ഫുട്‌ബോള്‍ ആരാധന അതിരുവിടുന്നുവെന്ന് സമസ്ത ഇകെ വിഭാഗം വെളളിയാഴ്ച പറഞ്ഞിരുന്നു. താരാരാധനയിലേക്കും അന്യ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ സ്വന്ത്യം രാജ്യത്തേക്കാള്‍ സ്‌നേഹിക്കുന്ന തരത്തിലേക്കും കാര്യങ്ങള്‍ മാറുന്നു. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം മുന്നറിയിപ്പ് നല്‍കണമെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി അറിയിച്ചിരുന്നു. സമസ്ത ഖുത്തുബ കമ്മിറ്റിയിലായിരുന്നു പ്രഖ്യാപനം.

സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ നിത്യ ഭക്ഷണത്തിന് പോലും മനുഷ്യന്‍ പ്രയാസമനുഭവിക്കുമ്പോള്‍ വമ്പിച്ച സമ്പത്ത് കട്ടൗട്ടുകള്‍ ഉയര്‍ത്താനും മറ്റുമായി ചെലവാക്കുന്ന അവസ്ഥ യുവാക്കള്‍ക്കിടയില്‍ വ്യാപകമായി മാറുകയാണ്. പോര്‍ച്ചുഗല്‍ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നത് തെറ്റാണ്. അതോടൊപ്പം കുട്ടികളുടെ പഠനങ്ങള്‍ക്ക് പോലും ഭംഗം വരുകയും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമസ്തയുടെ ഖുത്തുബ കമ്മിറ്റി ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞിരുന്നു.

ഇതില്‍ ഒരു യാഥാസ്ഥിതികത്വവും ഇല്ല. കഴിഞ്ഞ തവണയും അതിന് മുമ്പും ഇത്തരത്തിലുള്ള ബോധവല്‍ക്കരണം നടത്തിയിട്ടുണ്ട്. യാഥാസ്ഥിതികന്മാര്‍ എന്ന് മാത്രം പറഞ്ഞ് ആക്ഷേപിക്കേണ്ട ആവശ്യമില്ല. പുരോഗമന വാദികള്‍ എന്ന് പറയുന്ന സംഘടനകള്‍ പോലും ഇത്തരം ബോധവല്‍ക്കരണം നടത്താറുണ്ട്. ഇത് യാഥാസ്ഥിതികത്വവും പുരോഗമനവും തമ്മിലുള്ള സംഘര്‍ഷമല്ല. തങ്ങള്‍ പുതുതലമുറയുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നവരും അതിനെ നിരുത്സാഹപ്പെടുത്താത്തവരുമാണ്. എന്നാല്‍ ഇത് ജ്വരമായി മാറുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞിരുന്നു.

Next Story