'ഞങ്ങളുടെ പൂര്‍വികര്‍ ബ്രിട്ടീഷുകാരോട് കറുമൂസ തണ്ട് കൊണ്ടാണ് പൊരുതിയത്'; തൂക്കുകയറൊന്നും പ്രശ്‌നമല്ലെന്ന് പിഎംഎ സലാം
''കേസും ജയിലും തൂക്കുകയറൊന്നും ഞങ്ങള്‍ക്ക് പ്രശ്‌നമല്ല''
12 Dec 2021 4:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തങ്ങളുടെ പൂര്‍വികര്‍ ബ്രിട്ടീഷുകാരുടെ പീരങ്കിക്ക് മുന്നില്‍ കറുമൂസയുടെ തണ്ട് കൊണ്ടാണ് പട പൊരുതിയതെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ആ പാരമ്പര്യമാണ് തങ്ങള്‍ക്കുള്ളതെന്നും അതുകൊണ്ട് പിണറായി വിജയന്റെ ഭീഷണിക്ക് മുന്നിലൊന്നും വീഴുന്നവര്‍ അല്ല മുസ്ലീംലീഗ് പ്രവര്‍ത്തകരെന്നും പിഎംഎ സലാം മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.
പിഎംഎ സലാം പറഞ്ഞത്: ''കേസും ജയിലും തൂക്കുകയറൊന്നും ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. ഞങ്ങളുടെ പൂര്‍വികര്‍ ബ്രിട്ടീഷുകാരുടെ പിരങ്കിക്ക് മുന്നില്‍ കറുമൂസയുടെ തണ്ട് കൊണ്ടാണ് പട പൊരുതിയത്. ആ പാരമ്പര്യമാണ് ഞങ്ങള്‍ക്കുള്ളത്. അതുകൊണ്ട് പിണറായി വിജയന്റെ ഭീഷണിക്ക് മുന്നിലൊന്നും വീഴുന്നവര്‍ അല്ല മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ എന്ന് പറയുന്നു.''
വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്തതിന് കേസ് നേരിടുന്ന പതിനായിരം ആളുകളും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ''ലീഗിനെ കേസ് കാണിച്ച് പേടിപ്പിക്കണ്ട. ഭിന്നിപ്പിച്ച് ഭരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടേത്. കേരളത്തിലെ മുസ്ലിങ്ങള്‍ അതില്‍ കുടുങ്ങില്ല. വഖഫ് ജീവനക്കാരുടെ നിയമനം പിഎസ്‌സിക്ക് വിട്ടത് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അത് ചെയ്താല്‍ മതി. വിഷയത്തില്‍ കോഴിക്കോട് നടന്നത് സമരപ്രഖ്യാപനമാണ്. തീരുമാനം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം ഉണ്ടാവും. തുടര്‍നടപടികള്‍ ഉടന്‍ തീരുമാനിക്കും. വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മുഖ്യമന്ത്രി സമസ്ത പണ്ഡിതരോട് കള്ളം പറയുകയായിരുന്നു. വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടാണ് നിയമനം പിഎസ്.സിക്ക് വിട്ടതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ടികെ ഹംസ അധ്യക്ഷന്‍ ആയ ബോര്‍ഡാണ് ഇത്തരത്തില്‍ കത്തയച്ചത്.'' മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും പിഎംഎ സലാം പറഞ്ഞു.
ലീഗിന്റെ കോഴിക്കോട് വഖഫ് സംരക്ഷണ റാലി നടത്തിയതിന് കണ്ടാല്‍ അറിയുന്ന പതിനായിരം പേര്‍ക്കെതിരെയാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്. അനുമതിയോടെയാണ് റാലി നടത്തിയതെങ്കിലും കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചു, ഗതാഗതക്കുരുക്കുണ്ടാക്കി എന്നിങ്ങനെയാണ് പൊലീസിന്റെ കണ്ടെത്തല്‍.