'ഇഎംഎസ് മന്ത്രിസഭയിലുണ്ടായിരുന്ന പാര്‍ട്ടിയാണ് മുസ്ലീംലീഗ്'; മുഖ്യമന്ത്രിക്ക് എംകെ മുനീറിന്റെ മറുപടി
11 Dec 2021 6:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വഖഫ് സംരക്ഷണ റാലിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുസ്ലീംലീഗ് നേതാവ് എംകെ മുനീര്‍. മുസ്ലീംലീഗ് എന്ത് ചെയ്യണമെന്നതിന് എകെ ജി സെന്ററില്‍ നിന്ന് തിട്ടുരം വേണ്ടെന്നായിരുന്നു എംകെ മുനീറിന്റെ പ്രതികരണം. മുസ്ലീംലീഗ് രാഷ്ട്രീയ സംഘടന തന്നെയാണെന്ന് വ്യക്തമാക്കിയ എംകെ മുനീര്‍ എംഎല്‍എ ഇഎംഎസിന്റെ മന്ത്രിസഭയിലുണ്ടായിരുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്നും ഓര്‍മ്മിപ്പിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥലകാല ഭ്രമമാണെന്ന് പരിഹസിച്ച അദ്ദേഹം പറഞ്ഞതൊന്നും ചെയ്യാത്ത ആളാണ് പിണറായി വിജയന്‍ എന്നും മുനീര്‍ കുറ്റപ്പെടുത്തി. പറഞ്ഞതൊന്നും ചെയ്യാത്ത ആളാണ് മുഖ്യമന്ത്രി. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ലീഗിന് ബോധ്യം ഇല്ലാത്തത്. ഒരു സമുദായം മാത്രം ഒന്നും ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത് ശരിയല്ലെന്നും എംകെ മുനീര്‍ ഓര്‍മ്മിപ്പിച്ചു.
സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമന വിവാദത്തില്‍ മുസ്ലിം ലീഗ് പ്രതിഷേധങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. മുസ്ലിമിന്റെ മുഴുവന്‍ അട്ടിപ്പേറവകാശം ലീഗ് കൊണ്ടു നടക്കേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി മുസ്ലിം ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നു. ലീഗിന് എന്താണോ ചെയ്യാന്‍ ഉള്ളത് അത് ചെയ്ത് കാണിക്കാമെന്നും ഞങ്ങള്‍ക്ക് അതൊരു പ്രശ്‌നമല്ലന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ മതസംഘടനയാണോയെന്ന് ലീഗ് തന്നെ തീരുമാനിക്കണം. വഖഫ് വിഷയത്തില്‍ മതസംഘടനകള്‍ക്ക് എല്ലാം മനസ്സിലായി. ലീഗുകാര്‍ക്ക് മാത്രമാണ് മനസ്സിവാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വഖഫ് ബോര്‍ഡിലെ പിഎസ് സി നിയമനം കാര്യം തീരുമാനിച്ചത് വഖഫ് ബോര്‍ഡാണ്. അതിന്റെ വിവിധ ഘട്ടങ്ങള്‍ കഴിഞ്ഞു. നിയമസഭയില്‍ ചര്‍ച്ച നടന്നു. അന്ന് ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്‌നമാക്കി മാറ്റാനാണ് ലീഗ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ യുഡിഎഫ് ബിജെപി കൂട്ടികെട്ടുണ്ടാക്കി. അത് ഇപ്പോഴും തുടരുകയാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും വികസന പദ്ധതികളെല്ലാം എതിര്‍ക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.