Top

'നെഹ്‌റുവിനെ കൂട്ടുപ്പിടിച്ച് ആര്‍എസ്എസിനോട് സന്ധിചെയ്യാന്‍ പാലം പണിയേണ്ട'; സുധാകരനെതിരെ ലീഗ് നേതാവ്

രാഷ്ട്രീയ ശത്രുക്കള്‍ക്ക് പാര്‍ട്ടിയെയും സഹയാത്രികരേയും കുത്തിനോവിക്കാന്‍ വടികൊടുക്കുന്നത് നല്ലതല്ലെന്നും ലീഗ് നേതാവ്

14 Nov 2022 2:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നെഹ്‌റുവിനെ കൂട്ടുപ്പിടിച്ച് ആര്‍എസ്എസിനോട് സന്ധിചെയ്യാന്‍ പാലം പണിയേണ്ട; സുധാകരനെതിരെ ലീഗ് നേതാവ്
X

കണ്ണൂര്‍: കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശങ്ങള്‍ക്കെതിരെ മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി. നെഹ്‌റുവിനെ കൂട്ടുപ്പിടിച്ച് വര്‍ഗീയ ഫാസിസത്തോട് സന്ധിചെയ്യാന്‍ പാലം പണിയേണ്ട. രാഷ്ട്രീയ ശത്രുക്കള്‍ക്ക് പാര്‍ട്ടിയെയും സഹയാത്രികരേയും കുത്തിനോവിക്കാന്‍ വടികൊടുക്കുന്നത് നല്ലതല്ലെന്നും മുസ്ലീം ലീഗ് നേതാവ് പറഞ്ഞു.

'കെഎസ്‌യു പ്രവര്‍ത്തകനായിരിക്കെ ആര്‍എസ്എസ് ശാഖയ്ക്ക് സിപിഐഎമ്മുകാരില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ആളെ അയച്ചത് സംബന്ധിച്ച് സുധാകരന്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. വര്‍ഗീയ ഫാസിസ്റ്റുകളോട് പോലും സന്ധി ചെയ്യാന്‍ കാണിച്ച മനസിനുടമയാണ് ജവഹര്‍ലാല്‍ നെഹ്‌റുവെന്നും ആര്‍എസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയെ സ്വന്തം ക്യാബിനറ്റില്‍ മന്ത്രിയാക്കിയത് അതുകൊണ്ടാണെന്നുമാണ് അദ്ദേഹം ഇന്ന് പസംഗിച്ചത്. അനവസരത്തിലും അനാവശ്യവുമായ പ്രതികരണങ്ങളിലൂടെ അദ്ദേഹം സൃഷ്ടിക്കുന്ന വിവാദങ്ങള്‍ ന്യൂനപക്ഷ സമൂഹത്തില്‍ ഉണ്ടാക്കുന്ന ആശങ്കയും സംശയങ്ങളും തിരിച്ചറിയാന്‍ കഴിയാത്തയാളല്ല അദ്ദേഹം', അബ്ദുല്‍ കരീം ചേലേരി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പരിണിത പ്രജ്ഞനും മുന്‍ മന്ത്രിയും പാര്‍ലിമെന്റംഗവും കെ.പി.സി.സി. പ്രസിഡണ്ടുമായ ബഹു.കെ.സുധാകരന്‍, വിവാദങ്ങള്‍ക്ക് പിന്നാലെ വിവാദങ്ങളിലേക്ക് പോകുന്നത് ദൗര്‍ഭാഗ്യകരമാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ സി.എം.പി. സംഘടിപ്പിച്ച എം.വി.ആര്‍ അനുസ്മരണ പരിപാടിയില്‍ സംഘടനാ കെ.എസ്.യു. പ്രവര്‍ത്തകനായിരിക്കെ, ആര്‍.എസ്.എസ്.ശാഖയ്ക്ക്, സി.പി.എം. കാരില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ആളെ അയച്ചത് സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസംഗം വിവാദമായിരുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലും ജനാധിപത്യ സംരക്ഷണത്തിന്റെ പേരിലും ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം നല്‍കിയതിനെക്കുറിച്ചായിരുന്നു അന്ന് അദ്ദേഹം പ്രസംഗിച്ചത്. എന്നാല്‍ ഇന്ന് വീണ്ടും കണ്ണൂരില്‍ ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ നവോത്ഥാന സദസ്സില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പോലും വര്‍ഗ്ഗീയ ഫാഷിസത്തോട് സന്ധിചെയ്തിരുന്നുവെന്നും ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കിയത് അതുകൊണ്ടാണെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്.

അനവസരത്തിലും അനാവശ്യവുമായ പ്രതികരണങ്ങളിലൂടെ അദ്ദേഹം സൃഷ്ടിക്കുന്ന വിവാദങ്ങള്‍ ന്യൂനപക്ഷ സമൂഹത്തില്‍ ഉണ്ടാക്കുന്ന ആശങ്കയും സംശയങ്ങളും തിരിച്ചറിയാന്‍ കഴിയാത്തയാളല്ല, ബഹു.കെ.പി.സി.സി. പ്രസിഡണ്ട്. രാഷ്ട്രീയ ശത്രുക്കള്‍ക്ക്, തന്നെയും പാര്‍ട്ടിയെയും തങ്ങളുടെ സഹയാത്രികരെയും കുത്തി നോവിക്കാന്‍ വടി കൊടുക്കുന്നത് എന്തിന്റെ പേരിലായാലും നല്ലതല്ല.

ശിശുദിനത്തില്‍, ചാച്ചാജിയെ അനുസ്മരിക്കാന്‍ എത്രയോ നല്ല സംഭവങ്ങളും കാര്യങ്ങളും പറയാമെന്നിരിക്കെ, വിവാദങ്ങളുണ്ടാക്കുന്ന പരാമര്‍ശനങ്ങളുടെ സാംഗത്യമെന്താണ്? ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയെ വെള്ളപൂശുന്ന ആര്‍.എസ്.എസിനെ ഏത് ജനാധിപത്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പേരിലായാലും സംരക്ഷിക്കേണ്ട ബാദ്ധ്യതയൊന്നും ഭാരതത്തിലെ പൗരന്‍മാര്‍ക്കില്ല. നെഹ്‌റുവിനെ കൂട്ടുപിടിച്ച് വര്‍ഗ്ഗീയ ഫാഷിസത്തോട് സന്ധിചെയ്യാന്‍ ആരായാലും പാലം പണിയേണ്ടതുമില്ല.

കുട്ടിയായിരിക്കുമ്പോള്‍ ആര്‍.എസ്.എസ്.ശാഖയില്‍ കാക്കി ട്രൗസറുമിട്ട് പോയിരുന്നുവെന്ന് അഭിമാനത്തോടെ പറഞ്ഞ എസ്.ആര്‍.പി.യുടെ പാര്‍ട്ടിയായ സി.പി.എമ്മും നേതാക്കളും ഈ കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ വരേണ്ടതുമില്ല.

Story highlights: Muslim League leader criticized K Sudhakaran

Next Story