കെ എസ് ഹംസക്കെതിരെ അച്ചടക്ക നടപടി; മുസ്ലീം ലീഗില്‍ നിന്നും പുറത്താക്കി
പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഇന്ന് ലീഗ് സംസ്ഥാന കൗണ്‍സില്‍ ചേരാനിരിക്കെയാണ് നടപടി.
18 March 2023 6:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട്: മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഹംസയെ മുസ്ലീം ലീഗ് പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് പുറത്താക്കിയത്. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി തങ്ങളാണ് നടപടി സ്വീകരിച്ചത്.
പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഇന്ന് ലീഗ് സംസ്ഥാന കൗണ്‍സില്‍ ചേരാനിരിക്കെയാണ് നടപടി. ജില്ലാ കൗണ്‍സില്‍ ചേരാതെ സംസ്ഥാന കൗണ്‍സില്‍ ചേരുന്നുവെന്നാണ് ഹംസ ഉയര്‍ത്തുന്ന കാര്യം. സംസ്ഥാന കൗണ്‍സില്‍ ചേരുന്നതിനെതിരെ കെഎസ് ഹംസ കോടതിയെ സമീപിച്ചതാണ് പുറത്താക്കലിലേക്ക് നയിച്ചതെന്നാണ് വിവരം. മാര്‍ച്ച് നാലിനായിരുന്നു കൗണ്‍സില്‍ യോഗം ചേരാന്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ കോഴിക്കോട് മുനിസിഫ് കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇന്നത്തേക്ക് കൗണ്‍സില്‍ യോഗം മാറ്റി.
സംസ്ഥാന സെക്രട്ടറിയായിരിക്കെ പ്രവര്‍ത്തക സമിതിയില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഹംസ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അന്ന് തന്നെ ഹംസയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി നടപടി കടുപ്പിച്ചു. ഹംസയെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി തീര്‍ത്ത് പറഞ്ഞതോടെയാണ് പുറത്തിയതെന്നും സൂചനയുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെ ഭയന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിജിലന്‍സിനെ ഭയന്ന് പിണറായി വിജയനേയും പേടിച്ച് കഴിയുകയാണ് കുഞ്ഞാലിക്കുട്ടിയെന്നാണ് ഹംസ ഉയര്‍ത്തിയ വിമര്‍ശനം. മുസ്ലീം ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഭരണപക്ഷത്താണോ അതോ പ്രതിപക്ഷത്താണോയെന്ന് വ്യക്തമാക്കണമെന്നും ഹംസ ഉന്നയിച്ചിരുന്നു.
Story Highlights: Muslim League dismiss K S Hamza