Top

'ലീഗ് ഇല്ലെങ്കില്‍ സമസ്തയും ഇവിടെയുണ്ടാകില്ല, പിന്നല്ലേ കാന്തപുരം'; ലീഗ് നേതാവിന്റെ ഭീഷണി

ലീഗ് പോരാടി നേടിയ ഭരണഘടനാ സംരക്ഷണത്തിന്റെ പുറത്താണ് ഇന്ന് സുന്നിയും മുജാഹിദും മറ്റ് സംഘടനകളുമൊക്കെ ഇവിടെ ഉണ്ടായതെന്ന് ഷാഫി ചാലിയം പറഞ്ഞു.

5 Dec 2021 2:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലീഗ് ഇല്ലെങ്കില്‍ സമസ്തയും ഇവിടെയുണ്ടാകില്ല, പിന്നല്ലേ കാന്തപുരം; ലീഗ് നേതാവിന്റെ ഭീഷണി
X

മുസ്ലിം ലീഗ് ഇല്ലെങ്കില്‍ സമസ്തയും മുജാഹിദും ഇവിടെ ഉണ്ടാകില്ലെന്ന ഭീഷണിയുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. ലീഗ് പോരാടി നേടിയ ഭരണഘടനാ സംരക്ഷണത്തിന്റെ പുറത്താണ് ഇന്ന് സുന്നിയും മുജാഹിദും മറ്റ് സംഘടനകളുമൊക്കെ ഇവിടെ ഉണ്ടായതെന്ന് ഷാഫി ചാലിയം പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണത്തില്‍ പങ്കാളിയായ ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് നടത്തിയ ഇടപെടലിന്റെ ഭാഗമാണ് മതസംഘടനകള്‍ ഇന്ന് അനുഭവിക്കുന്ന സ്വതന്ത്ര്യമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു.

'ലീഗ് ഇല്ലെങ്കില്‍ സമസ്തയും, മുജാഹിദും ഇവിടെ ഉണ്ടാവില്ല. പിന്നല്ലേ കാന്തപുരം' എന്ന തലക്കെട്ടില്‍ ഷാഫി ചാലിയം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ള ഒരു പ്രസംഗത്തിലാണ് സമസ്തയ്‌ക്കെതിരെ ഭീഷണിയുടെ സ്വരത്തിലുള്ള വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ആദ്യം ലീഗാണോ, സുന്നിയാണോ, മുജാഹിദാണോ എന്ന ചോദ്യക്കാരോട്. നിങ്ങള്‍ ഈ കൊണ്ടുനടക്കുന്ന സ്വാതന്ത്ര്യം ഭരണഘടനാ സംരക്ഷണത്തിലൂടെയാണ് കിട്ടിയത്. ഭരണഘടന തയ്യാറാക്കുമ്പോള്‍ ഇഷ്ടമുള്ള മതം സ്വീകരിക്കാനും വര്‍ജിക്കാനുമുള്ള അവകാശം എന്ന് വന്നപ്പോള്‍ ഇസ്മായില്‍ സാഹിബ് ഇടപെട്ടാണ് പ്രബോധനം എന്ന ഭാഗം എഴുതിച്ചേര്‍ത്തത്. അന്ന് ലീഗ് അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ ഇന്ന് നാട്ടില്‍ വഅള് (മത പ്രഭാഷണം) നടക്കില്ലായിരുന്നു. മദ്രസകള്‍ ഉണ്ടാകില്ലായിരുന്നു. ഒരു സംഘടനയും മഹാസമ്മേളനങ്ങള്‍ സംഘടിപ്പിക്കില്ലായിരുന്നു' എന്നുമാണ് ഷാറി പങ്കുവെച്ച പ്രസംഗത്തില്‍ പറയുന്നത്.

ലീഗ് പോരാടി നേടിയ ഭരണഘടന സംരക്ഷണത്തിന് പുറത്താണ് സുന്നിയും മുജാഹിദുമൊക്കെയുണ്ടായതെന്നും ലീഗ് ഈ അവകാശങ്ങള്‍ നേടിയെടുത്തില്ലായിരുന്നെങ്കില്‍ മത സംഘടനകളുടെ ഗതി എന്താകുമെന്ന് ചിന്തിക്കണമെന്നും പ്രതിപാദിക്കുന്ന ഓഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. ലീഗ് ഇവിടെ നിലനില്‍ക്കണമെന്നും ലീഗുണ്ടായാലേ സുന്നിയും മുജാഹിദുമൊക്കെ ഇവിടെയുള്ളുവെന്നും സംസ്ഥാനസെക്രട്ടറി പ്രസംഗത്തില്‍ പറയുന്നുണ്ട്.

Next Story