നിയമസഭാ സമ്മേളനം; യോഗം ചേർന്ന് മുസ്ലിംലീഗ്
എംഎൽഎമാരുടെ യോഗത്തിന് അസാധാരണ സ്വഭാവമില്ലെന്നും നിർണായക ഘട്ടങ്ങളിൽ മുമ്പും പാർട്ടി ഇത്തരം യോഗം ചേർന്നിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു
4 Dec 2022 8:02 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നയരൂപീകരണത്തിന് എംഎൽഎമാരുടെ യോഗം ചേർന്ന് മുസ്ലിം ലീഗ്. നിർണായക ഘട്ടങ്ങളിൽ ഇത്തരം യോഗങ്ങൾ ചേരാറുണ്ടെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഇന്ന് എടുക്കുന്ന തീരുമാനങ്ങൾ നാളെ സഭാ സമ്മേളനത്തിന് മുന്നോടിയായി ചേരുന്ന യുഡിഎഫ് യോഗത്തിൽ മുസ്ലിം ലീഗ് ഉന്നയിക്കും. പ്രധാന രാഷ്ട്രീയ വിഷയങ്ങളിൽ നയ രൂപീകരണത്തിനാണ് യോഗമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു.
എംഎൽഎമാരുടെ യോഗത്തിന് അസാധാരണ സ്വഭാവമില്ലെന്നും നിർണായക ഘട്ടങ്ങളിൽ മുമ്പും പാർട്ടി ഇത്തരം യോഗം ചേർന്നിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. നിയമസഭയിൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ ലീഗ് നിലപാട് ആലോചിക്കാനാണ് യോഗം ചേരുന്നത്. ലീഗ് പുതിയ മാറ്റങ്ങൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണർക്കെതിരായി സർക്കാർ കൊണ്ട് വരുന്ന ബിൽ എതിർക്കുമെന്ന കോൺഗ്രസ് നിലപാടിൽ ലീഗ് അതൃപ്തി പരസ്യമാക്കിയിരുന്നു. വിലക്കയറ്റം, വിഴിഞ്ഞം തുറമുഖ സമരം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും പിഎംഎ സലാം അറിയിച്ചു. തുറമുഖം വികസനം അനിവാര്യമാണ്. എന്നാൽ അത് കേന്ദ്രസേനയേയോ മറ്റോ വരുത്തി സാധാരണ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയാകരുതെന്നും പിഎംഎ സലാം വ്യക്തമാക്കി.
STORY HIGHLIGHTS: Legislative session; Muslim League along with the meeting