Top

'വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം'; ഗവര്‍ണറുടെ നടപടിക്കെതിരെ ലീഗും

രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി അതിരുകടന്നതാണെന്ന് മുസ്ലീംലീഗ്.

23 Oct 2022 2:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം; ഗവര്‍ണറുടെ നടപടിക്കെതിരെ ലീഗും
X

കോഴിക്കോട്: ഒന്‍പത് സര്‍വകലാശാല വി.സിമാരോടും രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി അതിരുകടന്നതാണെന്ന് മുസ്ലീംലീഗ്. ഒരു വി.സിയുടെ നിയമനത്തിലാണ് സുപ്രീം കോടതി വിധി എന്നിരിക്കെ മറ്റുള്ളവരുടെ കൂടി രാജി ആവശ്യപ്പെടുന്നതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. വിഷയത്തില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന അസാധാരണ നീക്കത്തിനു പിന്നിലെ രാഷ്ട്രീയ അജണ്ട സംശയം ഉളവാക്കുന്നുണ്ടെന്നും ലീഗ് കൂട്ടിച്ചേര്‍ത്തു.

ഒന്‍പത് വൈസ് ചാന്‍സിലര്‍മാരോട് രാജിവെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

''സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായാണ് കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരെ നിയമിച്ചിട്ടുള്ളത്. ഇവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നേറ്റത്തിന്റെ പുതിയ പടവുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നാക് പരിശോധനയില്‍ കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍ നേടിയിട്ടുള്ള ഗ്രേഡുകള്‍ ഇതാണ് കാണിക്കുന്നത്. സംസ്ഥാന സര്‍ക്കാരാവട്ടെ 3 വിദ്യാഭ്യാസ കമ്മീഷനുകളെ നിയമിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലുയര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്.'' ഈ സാഹചര്യത്തില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാരെ സ്ഥാനത്ത് നിന്നും മാറ്റുവാനുള്ള ഗവര്‍ണറുടെ തീരുമാനം കേരള ജനതയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് സിപിഐഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടകളാണ് സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും സിപിഐഎം അറിയിച്ചു. ഇതിനെതിരെയുള്ള കേരളത്തിന്റെ ചെറുത്തുനില്‍പ്പ് അട്ടിമറിക്കുവാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയാണ് ഗവര്‍ണറിലൂടെ പുറത്ത് വന്നിരിക്കുന്നത്. ആര്‍എസ്എസ് നേതാവിനെ അങ്ങോട്ടുപോയികണ്ട് മതനിരപേക്ഷ കേരളത്തെ അപമാനിച്ച ഗവര്‍ണര്‍ ആര്‍എസ്എസിന്റെ കുഴലൂത്തുകാരനാണെന്ന് ഈ നടപടിയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇത്തരം അജണ്ടകള്‍ കേരള ജനത ചെറുത്തു തോല്‍പ്പിക്കുമെന്നും സിപിഐഎം വ്യക്തമാക്കി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയപ്രേരിതമായ നീക്കത്തെ എന്ത് വിലകൊടുത്തും കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ചെറുക്കുമെന്ന് എസ്എഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.

''ആര്‍.എസ്.എസ് അജണ്ട കേരളത്തില്‍ നടപ്പിലാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഒമ്പത് സര്‍വകലാശാല വി.സിമാരോട് രാജിവെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദേശം. ഗവര്‍ണറുടെ ഭരണഘടനാവിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിന് ആവില്ല. കേരളത്തിലെ സര്‍വ്വകലാശാലകളെ കാവിവല്‍ക്കരിക്കാനാണ് ഈ പുറപ്പാടെങ്കില്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമരങ്ങളുടെ ചരിത്രം അദ്ദേഹം പഠിക്കുന്നത് നന്നായിരിക്കും.'' കേരളത്തോടും കേരളത്തിലെ അക്കാദമിക് സമൂഹത്തോടുമുള്ള ഗവര്‍ണറുടെ ഭീഷണിയെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ചെറുത്തു തോല്‍പ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Next Story