Top

'നേതൃത്വത്തില്‍ ആരു വേണമെന്ന് കോണ്‍ഗ്രസ് തന്നെ തീരുമാനിക്കട്ടെ'; കെ സുധാകരനെ മാറ്റണമെന്ന് മുസ്ലീം ലീഗ്

സുധാകരന്‍ നടത്തിയത് പോലുള്ള പ്രസ്താവനകള്‍ കോണ്‍ഗ്രസ് ചരിത്രത്തെ കളങ്കപ്പെടുത്തുമെന്നും പി എം എ സലാം

15 Nov 2022 5:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നേതൃത്വത്തില്‍ ആരു വേണമെന്ന് കോണ്‍ഗ്രസ് തന്നെ തീരുമാനിക്കട്ടെ; കെ സുധാകരനെ മാറ്റണമെന്ന് മുസ്ലീം ലീഗ്
X

മലപ്പുറം: കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ്. സുധാകരന്റെ പ്രസ്താവനകള്‍ അനവസരത്തിലാണെന്നും കോണ്‍ഗ്രസ് പരിശോധിക്കണും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. മുന്നണിക്ക് നിരക്കാത്ത അഭിപ്രായം പൊതുവേദിയില്‍ പറയുന്നത് ശരിയല്ല. നേതൃത്വത്തില്‍ ആരുവേണമെന്ന് കോണ്‍ഗ്രസ് തന്നെ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പ്രതികരിച്ചു.

അനവസരത്തിലും അനൗചിത്യപരവുമായ പ്രസ്താവനകളാണ് കെപിസിസി അദ്ധ്യക്ഷന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. യുഡിഎഫിനെയും ഘടകകക്ഷികളെയുമൊക്കെ പ്രതിരോധത്തിലാക്കുന്ന തരത്തിലാണ് സുധാകരന്റെ പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു.

'ആദ്യത്തെ പ്രസ്താവന അബദ്ധവശാല്‍ വന്നു പോയതാണെന്ന് വിശ്വസിച്ച് ഞങ്ങള്‍ പരസ്പരം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നിട്ടും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. സത്യത്തില്‍ യുഡിഎഫില്‍ ഇത് പ്രതിസന്ധിയുണ്ടാക്കും. ഒരു മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ പുറത്തുപറയുക മുന്നണിയുടെ പൊതുഅഭിപ്രായമാണ്. യുഡിഎഫ് തീരുമാനങ്ങള്‍ക്ക് നിരക്കാത്ത ഒരു അഭിപ്രായവും മുസ്‌ലിം ലീഗ് പറയാറില്ല. ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ അഭിപ്രായങ്ങളും ആശങ്കകളും ഉണ്ടാകും.

ദേശീയതലത്തില്‍ തന്നെ ആര്‍എസ്എസുമായും സംഘപരിവാര്‍ ശക്തികളുമായും ബിജെപിയുമായും അതിന്റെ മുന്‍കാല സംഘടനയായ ഭാരതീയ ജനസംഘവുമായും ഒരു നിലയ്ക്കും സഖ്യം ചെയ്തിട്ടില്ലാത്ത, അധികാരത്തിന് വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്തിട്ടില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഏത് സാഹചര്യത്തിലായിരുന്നു സുധാകരന്റെ പ്രസ്താവന എന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അത് ചെയ്യേണ്ടത് കോണ്‍ഗ്രസ് തന്നെയാണ്. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് ലിഗിന്റെ അഭിപ്രായം', പി എം എ സലാം പറഞ്ഞു.

കോണ്‍ഗ്രസിന്‍െ ചരിത്രത്തിന് വിരുദ്ധമായ പ്രസ്താവനയാണ് സുധാകരന്‍ നടത്തിയത്. ബിജെപിയുമായി സഖ്യമുണ്ടാക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് അതുകൊണ്ടാണ് ലീഗ് കോണ്‍ഗ്രസിനൊപ്പം തുടരുന്നത്. സുധാകന്‍ നടത്തിയത് പോലുള്ള പ്രസ്താവനകള്‍ കോണ്‍ഗ്രസ് ചരിത്രത്തെ കളങ്കപ്പെടുത്തുമെന്ന് പി എം എ സലാം പ്രതികരിച്ചു.

സുധാകരന്റെ വിവാദ പ്രസ്താവനയില്‍ യുഡിഎഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് എം കെ മുനീറും പ്രതികരിച്ചു. ആലോചിച്ച് മറുപടി പറയാമെന്ന് നേതൃത്വം അറിയിച്ചു. പാണക്കാട് ചേരുന്ന ലീഗ് നേതൃയോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുനീര്‍ അറിയിച്ചു.

സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയുടെ പേരില്‍ യുഡിഎഫ് വിടില്ലെന്നും മുനീര്‍ വ്യക്തമാക്കി. മുസ്ലീംലീഗ് മുന്നണി വിടുമെന്നത് സിപിഐഎമ്മിന്റെ നടക്കാത്ത സ്വപ്‌നമാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരില്‍ മുന്നണി വിടേണ്ട സാഹചര്യമില്ല. ദേശീയ തലത്തില്‍ ഇപ്പോഴും കോണ്‍ഗ്രസിന് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Story Highlights: Muslim League Against K Sudhakaran's Statement

Next Story