Top

'യാത്ര തടസപ്പെട്ടാല്‍ സഹിക്കാവുന്നത്'; ജോജുവിനോട് ലീഗ്

എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് സമരം ചെയ്തത്

8 Nov 2021 2:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യാത്ര തടസപ്പെട്ടാല്‍ സഹിക്കാവുന്നത്; ജോജുവിനോട് ലീഗ്
X

കോണ്‍ഗ്രസിന്റെ റോഡ് ഗതാഗതം തടഞ്ഞുള്ള പ്രതിഷേധസമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ മുസ്ലീം ലീഗ്. ജോജുവിന്റെ പ്രതിഷേധം ശരിയായില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് സമരം ചെയ്തതെന്നും യാത്ര തടസപ്പെടുന്നത് സഹിക്കാവുന്നതേയുള്ളൂയെന്നും സലാം പറഞ്ഞു.

പിഎംഎ സലാം പറഞ്ഞത്: ''ജോജുവിന്റെ തടയല്‍ നടപടി സിപിഐഎം സമരത്തില്‍ ആയിരുന്നെങ്കില്‍ ഇങ്ങനെയൊന്നുമായിരിക്കില്ല അവസാനം. പലതും നമ്മള്‍ കണ്ടതാണ്. ജോജു അടക്കമുള്ള മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയാണ് സമരം നടത്തുന്നത്. പത്തോ പതിനഞ്ചോ മിനുട്ട് യാത്ര തടസപ്പെടുന്നത് സഹിക്കാവുന്നതേയുള്ളൂ.''

അതേസമയം, സമരത്തിനിടെ ജോജു ജോര്‍ജിന്റെ വാഹന തകര്‍ത്ത കേസില്‍ അറസ്റ്റിലായ ടോണി ചമ്മിണി അടക്കമുള്ള നാല് കോണ്‍ഗ്രസ് നേതാക്കളെ റിമാന്‍ഡ് ചെയ്തു. എറണാകുളം ജെഎഫ്എം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

ഇന്ന് വൈകുന്നേരമാണ് ടോണിയും സംഘവും മരട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ടോണിക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെര്‍ജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കല്‍ എന്നിവരാണ് കീഴടങ്ങിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി.ജി ജോസഫിനെയും ഷരീഫ് വാഴക്കാലയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ജോജുവിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് കീഴടങ്ങും മുന്‍പ് ടോണി നടത്തിയത്. ''ജോജു സമരത്തെ അലങ്കോലപ്പെടുത്താനാണ് ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ സമരമാണെന്ന് അറിഞ്ഞതോടെയാണ് ജോജു പ്രതികരിച്ചത്. സിപിഐഎം ഓശാരം വാങ്ങിയാണോ ജോജു പ്രവര്‍ത്തിച്ചത്. അദ്ദേഹം സിപിഐഎമ്മിന്റെ ചട്ടുകമായി മാറി. ജോജുവിനെ സിപിഐഎം കരുവാക്കുകയായിരുന്നു. അതില്‍ ഖേദമുണ്ട്. കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമമുണ്ടായിരുന്നു. എന്നാല്‍ സിപിഐഎം നേതാക്കള്‍ അത് അട്ടിമറിക്കുകയായിരുന്നു. ബി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എന്താണെന്ന് വ്യക്തമായി അറിയാം. ഉണ്ണികൃഷ്ണന്‍ സിപിഐഎം കുഴലൂത്തുകാരനായി മാറി. '' ടോണി പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു സംഭവം അരങ്ങേറിയത്. സമരത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജോജു ജോര്‍ജ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്തു. പിന്നാലെ ജോജു മദ്യപിച്ചിട്ടുണ്ടെന്നും വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ആരോപണം ഉയര്‍ന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കാണിച്ച് ജോജുവിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.

Next Story