Top

'തമ്മിലടിക്കുന്നത് യുഡിഎഫിനെ ക്ഷീണിപ്പിക്കും, കാഴ്ചക്കാരായി ഇരിക്കുന്നതില്‍ വിഷമം ഉണ്ട്'; താക്കീതുമായി മുസ്‌ലിം ലീഗ്

തെക്കന്‍ ജില്ലകളില്‍ ശശി തരൂരിന്റെ പര്യടനം ആരംഭിച്ചതോടെ വീണ്ടും കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂപംകൊണ്ടിരിക്കുകയാണ്.

4 Dec 2022 9:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തമ്മിലടിക്കുന്നത് യുഡിഎഫിനെ ക്ഷീണിപ്പിക്കും, കാഴ്ചക്കാരായി ഇരിക്കുന്നതില്‍ വിഷമം ഉണ്ട്; താക്കീതുമായി മുസ്‌ലിം ലീഗ്
X

മലപ്പുറം: ശശി തരൂരിന്റെ പരിപാടികളുടെ പേരില്‍ കോണ്‍ഗ്രസില്‍ നടക്കുന്ന പരസ്യ വിമര്‍ശനങ്ങള്‍ വിഭാഗീയത ഉണ്ടാക്കുന്നതെന്ന് താക്കീതുമായി മുസ്‌ലിം ലീഗ്. വിഷയം അടങ്ങി എന്ന് കരുതിയപ്പോഴാണ് കോട്ടയത്ത് വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. കാഴ്ചക്കാരായി ഇരിക്കുന്നതില്‍ വിഷമം ഉണ്ടെന്നും ലീഗ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

ശശി തരൂരുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസിനുള്ളിലുള്ള വിഭാഗീയത യുഡിഎഫിനെ ആകെ ക്ഷീണിപ്പിക്കുമെന്നാണ് ലീഗ് വിലയിരുത്തുന്നത്. യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ക്കുള്ള പൊതുവികാരം ഒന്നും മാനിക്കാതെ നേതാക്കള്‍ രണ്ട് തട്ടില്‍ നിന്ന് തമ്മിലടിക്കുന്നത് യുഡിഎഫിന് ഗുണപരമല്ലെന്നും ലീഗ് കരുതുന്നു.

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്ന സന്ദേശം നല്‍കാനെന്നവണ്ണം തരൂര്‍ മലബാര്‍ പര്യടനം നടത്തിയിരുന്നു. ഇത് കോണ്‍ഗ്രസില്‍ തര്‍ക്കം സൃഷ്ടിച്ചിരുന്നു. ഇക്കാര്യത്തില്‍ തരൂരിനോട് ചേര്‍ന്നു നില്‍ക്കുന്ന സമീപനമാണ് ലീഗ് കൈകൊണ്ടത്. ഇതിന് ശേഷം കോണ്‍ഗ്രസിനുള്ളിലൊരു വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടന്നിരുന്നു.

തെക്കന്‍ ജില്ലകളില്‍ ശശി തരൂരിന്റെ പര്യടനം ആരംഭിച്ചതോടെ വീണ്ടും കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂപംകൊണ്ടിരിക്കുകയാണ്. കോട്ടയത്ത് തരൂര്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ നിന്ന് ഡിസിസി പ്രസിഡന്റ് വിട്ടുനിന്നിരുന്നു. പത്തനംതിട്ടയില്‍ നടന്ന പരിപാടിയിലും ഡിസിസി പ്രസിഡന്റ് പങ്കെടുത്തില്ല.

Story Highlights: MUSLIM LEAGUE ABOUT CONGRESS FIGHT BASED ON SASHI THAROOR ENTRY

Next Story